അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 91 ദിവസം

അത്യുന്നതനായ ദൈവം മണ്‍മയനായ മനുഷ്യനെ ധനവും മാനവും നല്‍കി അനുഗ്രഹിക്കുമ്പോള്‍ പലപ്പോഴും അവന്‍ ദൈവത്തെ മറന്ന് നിഗളിച്ചു പോകാറുണ്ട്. അഹംഭാവം നിറഞ്ഞ അവന്റെ ഹൃദയത്തില്‍ തനിക്കു തുല്യനായി മറ്റാരും ഇല്ലെന്നുള്ള ധാരണ നിറഞ്ഞു തുളുമ്പുന്നു. മറ്റൊരു വ്യക്തിയെ ആദരിക്കുവാനോ അംഗീകരിക്കുവാനോ അഹംഭാവ മനോഭാവം അവനെ അനുവദിക്കുകയില്ല. മറ്റൊരു വ്യക്തിയുടെ അഭിപ്രായം സ്വീകരിക്കുവാന്‍ അഹന്ത അനുവദിക്കുകയില്ലെന്നു മാത്രമല്ല, ദൈവഭയത്തെ ഹൃദയത്തില്‍നിന്നു ചോര്‍ത്തിക്കളയുകയും ചെയ്യുന്നു. പൗരാണികലോകത്തിലെ പ്രബല സാമ്രാജ്യങ്ങളിലൊന്നായ ബാബിലോണിന്റെ വീഴ്ചയുടെ കാരണം അതിന്റെ അഹങ്കാരമായിരുന്നു. ദൈവം നല്‍കിയ അംഗീകാരവും അധികാരവുമുപയോഗിച്ച് അനേക രാജ്യങ്ങളെ കീഴടക്കുകയും യഹോവയാം ദൈവത്തിന്റെ ജനത്തെ അടിമകളാക്കി അവന്റെ പ്രമോദമായിരുന്ന ദൈവാലയം കൊള്ളയടിച്ച് ചുട്ടുകരിക്കുകയും ചെയ്തപ്പോള്‍ ബാബിലോണ്‍ ചക്രവര്‍ത്തിയായ നെബൂഖദ്‌നേസര്‍ ബാബിലോണിന് തുല്യമായ മറ്റൊരു രാജ്യവുമില്ലെന്ന് അഹങ്കരിച്ചു. 350 അടി ഉയരമുള്ളതും 87 അടി വീതിയുള്ളതുമായ മതില്‍ക്കെട്ടും അതിനുചുറ്റും 87 അടി വീതിയില്‍ 350 അടി താഴ്ചയില്‍ ഉണ്ടായിരുന്ന തോടും തങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുമെന്നു ധരിച്ച് ബാബിലോണ്‍ നിഗളിച്ചു. അത്യുന്നതനായ ദൈവത്തിന്റെ വിരല്‍ ബേല്‍ശസ്സരിനെതിരേ വിധിയെഴുതിയ രാത്രിയില്‍ മേദ്യര്‍ ബാബിലോണില്‍ കടന്നു. ബേല്‍ശസ്സര്‍ ആ രാത്രിയില്‍ കൊല്ലപ്പെട്ടു. ബാബിലോണ്‍ സാമ്രാജ്യം തകര്‍ന്നു. മേദ്യനായ ദാര്യാവേശ് അവനു പകരം രാജാവായി. 

                        സഹോദരാ! സഹോദരീ! ദൈവം നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങളില്‍ അഹങ്കരിച്ച് മദോന്മത്തനായാണോ നീ മുമ്പോട്ടു പോകുന്നത്? നിഗളത്താല്‍ നിറഞ്ഞ് ദൈവത്തെ മറന്നുകൊണ്ട് നീ ധനംകൊണ്ടും മാനംകൊണ്ടും കെട്ടിപ്പടുക്കുന്ന കോട്ടകള്‍ നിന്നെ രക്ഷിക്കുകയില്ലെന്ന് നീ ഓര്‍മ്മിക്കുമോ? മറ്റുള്ളവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കുവാനും മനസ്സിലാക്കുവാനും കഴിയാതെവരുന്നത് 'ഞാന്‍ മാത്രം' എന്ന ചിന്ത ഹൃദയത്തില്‍ ഉടലെടുക്കുമ്പോഴാണെന്ന് നീ മനസ്സിലാക്കുമോ? 

ബുദ്ധിയില്‍ പുകഴുവാനെന്ത്? 

ശക്തിയില്‍ പുകഴുവാനെന്ത്? 

ബുദ്ധിയും ശക്തിയുമെല്ലാമെല്ലാം 

കേവല ശ്വാസമല്ലേ?                 എനിക്കൊന്നും പുകഴുവാനില്ല...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com