അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈനംദിന ജീവിതത്തിലെ ആവശ്യങ്ങളുടെയും അത്യാവശ്യങ്ങളുടെയും മുമ്പില്‍ നമ്മുടെ കണ്ണുകള്‍ പരതുന്നത് ഭൂമിയിലേക്കാണ്. ചെന്നെത്തുന്ന സ്ഥാനങ്ങളില്‍നിന്നെല്ലാം പരാജയമേറ്റുവാങ്ങി പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമാകുമ്പോഴാണ് നിസ്സഹായതയില്‍ നാം മിഴികള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തുന്നത്. വിശ്വാസികളെന്ന് വിളംബരം ചെയ്യുന്നവര്‍ക്കുപോലും തങ്ങളുടെ ഭാരങ്ങളുടെയും പ്രയാസങ്ങളുടെയും നടുവില്‍ അത്യുന്നതനായ ദൈവത്തിങ്കലേക്ക് കണ്ണുകളുയര്‍ത്തുവാന്‍ കഴിയാറില്ല. സര്‍വ്വവും ദൈവത്തില്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചിരിക്കുന്ന ഒരു ദൈവപൈതലിന്റെ കണ്ണുകള്‍ എപ്പോഴും ദൈവത്തിങ്കലേക്കുയര്‍ത്തി, പ്രത്യാശയോടെ ദൈവം പ്രവര്‍ത്തിക്കുന്നതിനായി കാത്തിരിക്കണം. യിസ്രായേലിന്റെ രാജാവും മധുരഗായകനും ദൈവത്തിന്റെ വാത്സല്യവാനുമായിരുന്ന ദാവീദിന്റെ വിജയരഹസ്യം അതായിരുന്നു. മല്ലനായ ഗൊല്യാത്തിന്റെ വെല്ലുവിളിയുടെ മുമ്പില്‍ യിസ്രായേല്‍സൈന്യനിരകള്‍ പേടിച്ച് പുറകോട്ടോടുമ്പോള്‍, കൗമാരപ്രായക്കാരന്‍ മാത്രമായ ദാവീദ് അവന്റെ വെല്ലുവിളിയെ നേരിടുവാന്‍ അനുവാദത്തിനായി രാജാവായ ശൗലിനെ സമീപിച്ചു. എന്തെന്നാല്‍ യഹോവയുടെ അഭിഷിക്തനായ ശൗലിന് ഗൊല്യാത്തിനെ നേരിടുവാന്‍ ഭയമായിരുന്നു. അവന്റെ കണ്ണുകളുടെ ശ്രദ്ധ ആജാനുബാഹുവായ ഗൊല്യാത്തിലും അവന്റെ അമാനുഷികമായ കായികബലത്തിലും മാത്രമായിരുന്നു. ഒന്നുമില്ലാത്ത അവസ്ഥയില്‍നിന്ന് അവനെ വിളിച്ച് തന്റെ ആത്മാവിനാല്‍ അഭിഷേകം ചെയ്ത് യിസ്രായേലിന്റെ സിംഹാസനത്തിലേക്കു കരം പിടിച്ചു കയറ്റിയ അത്യുന്നതനായ ദൈവത്തിങ്കലേക്കു കണ്ണുകളുയര്‍ത്തുവാന്‍ അവന് കഴിഞ്ഞില്ല. എന്നാല്‍ സിംഹത്തിന്റെ കൈയില്‍നിന്നും കരടിയുടെ കൈയില്‍നിന്നും തന്നെ വിടുവിച്ച യഹോവയാം ദൈവത്തില്‍ മാത്രം ദൃഷ്ടിയുറപ്പിച്ചുകൊണ്ട് ദാവീദ് ഗൊല്യാത്തിനെ യഹോവയാം ദൈവത്തിന്റെ നാമത്തില്‍ നേരിട്ടു വിജയം നേടി.
സഹോദരങ്ങളേ! ഗൊല്യാത്തിനെപ്പോലെ നിങ്ങളെ തകര്‍ക്കുവാനായി കടന്നുവരുന്ന ഭീകരമായ പ്രതിസന്ധികളുടെ മുമ്പില്‍ നിങ്ങളുടെ കണ്ണുകള്‍ സ്വര്‍ഗ്ഗോന്നതങ്ങളിലേക്കുയര്‍ത്തുവാന്‍ കഴിയുമോ? അങ്ങനെ കഴിയുമെങ്കില്‍ യിസ്രായേല്‍ സൈന്യത്തിന്റെയും രാജാവിന്റെയും ഭയമായിരുന്ന ഗൊല്യാത്തിനെ തകര്‍ത്ത ദാവീദിന്റെ ദൈവത്തെ നിങ്ങള്‍ക്കും രുചിച്ചറിയുവാന്‍ കഴിയുമെന്നു മനസ്സിലാക്കുമോ?
സഹായം തേടി ഞാനെന്‍ മിഴികള്‍
പര്‍വ്വതങ്ങളിലേക്കുയര്‍ത്തീടുന്നു
എന്‍ സഹായം എന്‍ സഹായം
വാനവും ഭൂമിയും സൃഷ്ടിച്ച...
യാഹില്‍നിന്നു വന്നിടുന്നു.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com