അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ഇന്ന് പതിനായിരക്കണക്കിനു ദൈവാലയങ്ങള്‍ ഈ ഭൂമുഖത്തെ അലങ്കരിക്കുന്നുണ്ട്. കര്‍ത്താവിന്റെ കാലത്തുണ്ടായിരുന്ന പുരാതനവും പ്രശസ്തവുമായിരുന്ന യെരൂശലേംദൈവാലയം സെരൂബ്ബാബേലിനാല്‍ പണിയിക്കപ്പെട്ടതും ഹെരോദാവ് കൂടുതല്‍ മനോഹരമാക്കിയതുമായിരുന്നു. യെരൂശലേംദൈവാലയത്തിലെ ജാതികളുടെ പ്രാകാരത്തില്‍ കാള, ആട്, പ്രാവുകള്‍ തുടങ്ങിയവ വില്പനയ്ക്കായി ക്രമീകരിച്ചിരിക്കുന്നതിനാലാണ് കര്‍ത്താവ് ഈ ദൈവാലയത്തെ നോക്കി നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ത്തു എന്നു പറയുന്നത്. ഓരോ യെഹൂദനും സഭയ്ക്കായി നല്‍കേണ്ടിയിരുന്ന അര ശേക്കെല്‍ പിരിവ് ധാരാളായി ലഭിച്ചിരുന്നത് പെസഹാ പെരുന്നാളിനോടനുബന്ധിച്ച് നാനാഭാഗങ്ങളില്‍നിന്നു ജനങ്ങള്‍ കൂടിവരുമ്പോഴായിരുന്നു. അങ്ങനെ നിയമപരമായി നല്‍കപ്പെടുന്ന നാണയങ്ങളുടെ കിലുക്കവും, ന്യായപ്രമാണപ്രകാരം യാഗമര്‍പ്പിക്കുവാന്‍ മൃഗങ്ങളെ വാങ്ങുന്നതിനുള്ള വിലപേശലുകളും, വില്പനയ്ക്കായി കൊണ്ടുവന്നിരിക്കുന്ന മൃഗങ്ങളുടെ കരച്ചിലും, ജനത്തിന്റെ ആരവവും ആരാധനയെ ആത്മാര്‍ത്ഥതയില്ലാത്ത നാമമാത്ര ചടങ്ങായി അധ:പതിപ്പിച്ചു. ദൈവാലയത്തിലെ ജാതികളുടെ പ്രാകാരം കച്ചവടസ്ഥലമായിത്തീര്‍ന്നതിനാല്‍ അവര്‍ക്ക് അവിടെ ഏകാഗ്രമായി പ്രാര്‍ത്ഥിക്കുവാന്‍ കഴിയുമായിരുന്നില്ല. തന്റെ പിതാവിന്റെ സന്നിധിയിലേക്കു കടന്നുവരുന്നവര്‍ പാരമ്പര്യങ്ങളുടെയും ന്യായപ്രമാണത്തിന്റെയും മറവില്‍ നിര്‍ദ്ദയം ചൂഷണം ചെയ്യപ്പെടുന്നതുകൊണ്ട് കര്‍ത്താവിന്റെ കോപം ജ്വലിച്ചു. അതുകൊണ്ടാണ് സകല ജനതകള്‍ക്കും പ്രാര്‍ത്ഥനാലയമായിരിക്കേണ്ട തന്റെ ആലയത്തെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ത്തുവെന്ന് കര്‍ത്താവ് പറയുന്നത്.
സഹോദരങ്ങളേ! നിങ്ങളുടെ ആരാധന ചില ആചാരാനുഷ്ഠാനങ്ങളുടെയും, പാരമ്പര്യങ്ങളുടെയും തുടര്‍ച്ചയാണോ? ''നിങ്ങള്‍ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നും നിങ്ങള്‍ അറിയുന്നില്ലയോ?'' എന്നുള്ള ചോദ്യം നിങ്ങളുടെ ഹൃദയങ്ങളില്‍ മുഴങ്ങുന്നുവോ? നിങ്ങളുടെ ആരാധന സ്വാര്‍ത്ഥലാഭങ്ങള്‍ക്കും സഭയിലുള്ള സ്ഥാനമാനങ്ങള്‍ക്കുംവേണ്ടി മാത്രമാണെങ്കില്‍ ദൈവത്തിന്റെ മന്ദിരമാകുന്ന നിങ്ങളുടെ ഹൃദയങ്ങളെ നിങ്ങള്‍ കള്ളന്മാരുടെ ഗുഹകളാക്കി മാറ്റുന്നു എന്നു മനസ്സിലാക്കുമോ?
ഏഴയാം നിന്‍ മന്ദിരം തന്നില്‍
പരിശുദ്ധാത്മാവിനെ നിറയ്ക്കണമേ...
നിറച്ചീടണമെ യേശുപരാ നിന്‍
പരിശുദ്ധ ആത്മാവിനാല്‍... വരിക...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com