അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ഓരോ വര്‍ത്തമാനപ്പത്രവും അത് പ്രതിനിധാനം ചെയ്യുന്ന തത്വസംഹിതകളുടെയും വിശ്വാസപ്രമാണങ്ങളുടെയും വിളംബരങ്ങളായിരിക്കും. അതുകൊണ്ടുതന്നെ വായനക്കാരെ തങ്ങളുടെ ആദര്‍ശങ്ങളിലേക്കും വീക്ഷണങ്ങളിലേക്കും ആകര്‍ഷിക്കുവാന്‍ പത്രങ്ങള്‍ ശ്രമിക്കുന്നു. ഇവിടെ അപ്പൊസ്തലനായ പൗലൊസ് കൊരിന്തിലെ വിശ്വാസികളെ 'ഞങ്ങളുടെ ശുശ്രൂഷയാല്‍ ഉണ്ടായ ക്രിസ്തുവിന്റെ പത്രമായി' വിശേഷിപ്പിക്കുന്നു. കാലപ്പഴക്കത്തില്‍ പത്രങ്ങളുടെ മഷി മാഞ്ഞുപോകുകയും എന്തില്‍ എഴുതപ്പെട്ടിരിക്കുന്നുവോ അത് ദ്രവിച്ചുപോകുകയും ചെയ്യും. കല്പലകകളിലാണ് എഴുതുന്നതെങ്കില്‍പ്പോലും അവ ഉടഞ്ഞുപോകും. എന്നാല്‍ ഹൃദയമെന്ന മാംസപ്പലകയില്‍ ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാല്‍ എഴുതപ്പെട്ട പത്രങ്ങളായി നാം രൂപാന്തരപ്പെടുമ്പോള്‍ മാത്രമേ, ക്രിസ്തുവിന്റെ സ്‌നേഹവും ശക്തിയും പകര്‍ന്നു കൊടുക്കുവാനും ക്രിസ്തുവിലേക്കു വായനക്കാരെ ആകര്‍ഷിക്കുവാനും കഴിയുകയുള്ളു. ആ എഴുത്തിനെ മായിച്ചുകളയുവാനോ ആ പ്രതലത്തെ ഉടച്ചുകളയുവാനോ ആര്‍ക്കും കഴിയുകയില്ല. പ്രാര്‍ത്ഥനാകൂട്ടായ്മകളിലോ ശുശ്രൂഷകളിലോ ഉപവാസപ്രാര്‍ത്ഥനകളിലോ മാത്രമല്ല പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം വെളിപ്പെടേണ്ടത്. പ്രത്യുത, പരിശുദ്ധാത്മാവിനാല്‍ നമ്മുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നത് നിത്യജീവിതത്തില്‍ നമ്മുടെ പ്രതികരണങ്ങളിലൂടെ, പ്രവൃത്തിയിലൂടെ, പെരുമാറ്റത്തിലൂടെ, സംസാരങ്ങളിലൂടെ ജനങ്ങള്‍ക്കു വായിച്ചറിയുവാന്‍ കഴിയുമ്പോഴാണ് ഈ നല്ല കര്‍ത്താവിങ്കലേക്ക് അനേകര്‍ ആകര്‍ഷിക്കപ്പെടുന്നത്. പത്രത്തിന്റെ മേന്മയേറുന്തോറും വായനക്കാര്‍ വര്‍ദ്ധിക്കുന്നതുപോലെ ദൈവം നമ്മെ കൂടുതലായി ഉപയോഗിക്കും.
ദൈവപൈതലേ! നിന്നെ ഇന്ന് ഏതു തരത്തിലുള്ള പത്രമായിട്ടാണ് പൊതുജനം കാണുന്നത്? വ്യാജവും മ്ലേച്ഛതകളും ദൂഷണവും ഏഷണിയും വിളമ്പുന്ന ഒരു മഞ്ഞപ്പത്രമായിട്ടാണോ നിന്നെ കാണുന്നത്? അങ്ങനെയെങ്കില്‍ നിന്നിലൂടെ ആര്‍ക്കും യേശുവിനെ കാണുവാന്‍ കഴിയുകയില്ലെന്ന് നീ ഓര്‍ക്കുമോ? ദൈവം തന്റെ ആത്മാവിനാല്‍ നിന്റെ ഹൃദയത്തെ നിറച്ച്, അനേകര്‍ക്ക് കര്‍ത്താവിനെ കാണുവാന്‍ മുഖാന്തരമൊരുക്കുന്ന തന്റെ ഒരു പത്രമാക്കി നിന്നെ തീര്‍ക്കുവാന്‍ ആഗ്രഹിക്കുന്നു! ഈ അവസരത്തില്‍ നിന്നെത്തന്നെ അവനായി സമര്‍പ്പിക്കുമോ?
യേശുവിന്‍ സ്‌നേഹത്തിന്‍ പാത്രമായ്
പാരിതില്‍ യേശുവേ കാട്ടുവാന്‍
യേശുവിന്‍ ശബ്ദമായ്, യേശുവിന്‍ ശക്തിയായ്
സാധുവേ തീര്‍ക്കുമീ സ്‌നേഹമവര്‍ണ്ണ്യമേ സ്‌നേഹ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com

