അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തില്‍ ആശ്രയിച്ച്, ദൈവത്തില്‍ വിശ്വസിച്ച് ദൈവഭയത്തില്‍ ജീവിക്കുമ്പോള്‍ സ്വന്തമെന്നു കരുതുന്നതെല്ലാം നഷ്ടപ്പെട്ട് ജീവിതം ശൂന്യതയിലായിത്തീരുമ്പോള്‍ അനേക സഹോദരങ്ങളുടെ ദൈവവിശ്വാസം ക്ഷയിച്ചുപോകും. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ആത്മീയ സ്‌നേഹിതരും സഹോദരങ്ങളുമെല്ലാം കൈവിടുമ്പോള്‍ പ്രത്യാശ നഷ്ടപ്പെട്ട് അവര്‍ നിരാശയുടെ അഗാധഗര്‍ത്തങ്ങളിലേക്കു വീണുപോകുന്നു. ദാവീദും തന്റെ അനുചരന്മാരും ഫെലിസ്ത്യദേശത്തുനിന്നു മൂന്നാം ദിവസം തങ്ങള്‍ പാര്‍ക്കുന്ന സിക്ലാഗില്‍ മടങ്ങിയെത്തിയപ്പോള്‍ അമാലേക്യര്‍ സിക്ലാഗിനെ ആക്രമിച്ച് അതിനെ ചുട്ടുകളഞ്ഞിരുന്നു. തങ്ങളുടെ ഭാര്യമാരെയും പുത്രീപുത്രന്മാരെയും അമാലേക്യര്‍ അടിമകളായി പിടിച്ചുകൊണ്ടുപോയിരിക്കുന്നത് മനസ്സിലാക്കിയ ദാവീദും കൂടെയുള്ളവരും ''കരയുവാന്‍ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു'' (1 ശമൂവേല്‍ 30 : 4). എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലും തന്റെ കൂടെയുള്ള ജനം തന്നെ കല്ലെറിയണമെന്നു പറഞ്ഞപ്പോഴും ദാവീദ് തന്റെ ദൈവമായ യഹോവയില്‍ ധൈര്യപ്പെട്ടു. എല്ലാം നഷ്ടമായ ആ സന്ദര്‍ഭത്തിലും തന്റെ സ്വന്തജനം തന്നെ തള്ളിപ്പറയുമ്പോഴും തന്റെ പ്രത്യാശ കൈവിടാതെ ദൈവത്തോട് അരുളപ്പാട് ചോദിക്കുകയും ദൈവത്തിന്റെ കല്പന അനുസരിച്ച് കൂടെയുള്ള അറുനൂറു പേരുമായി അമാലേക്യരെ പിന്തുടരുകയും ചെയ്തു. പുറപ്പെട്ടവരില്‍ ഇരുനൂറു പേര്‍ ക്ഷീണിച്ച് പുറകില്‍ തങ്ങിയിട്ടും ശേഷിച്ച നാനൂറ് പേരുമായി ദാവീദ് മുമ്പോട്ടു പോയി. തങ്ങളുടെ കൊള്ള നിമിത്തം ഉത്സവം ആഘോഷിക്കുന്ന അമാലേക്യരെ സന്ധ്യമുതല്‍ പിറ്റേന്നാള്‍ വൈകുന്നേരംവരെ ദാവീദും ജനവും സംഹരിച്ചു. അവര്‍ അപഹരിച്ചുകൊണ്ടുപോയതില്‍ ചെറുതോ വലുതോ ഒന്നും നഷ്ടമായില്ല. ദൈവത്തില്‍ ധൈര്യപ്പെട്ട്, വിശ്വസിച്ച് പ്രത്യാശവച്ച് അമാലേക്യര്‍ അപഹരിച്ചുകൊണ്ടുപോയതൊക്കെയും ദാവീദ് വീണ്ടെടുത്തു.
സഹോദരാ! സഹോദരീ! എല്ലാം നഷ്ടപ്പെട്ട് ജീവിതം ശൂന്യമെന്നു കരുതുന്ന അവസ്ഥയിലാണോ ഈ വാക്കുകള്‍ നീ ശ്രദ്ധിക്കുന്നത്? അങ്ങനെ ഒരവസ്ഥയില്‍ നിന്റെ പ്രിയപ്പെട്ടവര്‍ നിന്നെ ഉപേക്ഷിച്ചാലും കര്‍ത്താവ് നിന്നെ തള്ളിക്കളയുകയില്ലെന്ന് ഓര്‍ക്കുമോ? സിക്ലാഗില്‍ ദാവീദിന് നഷ്ടമായതൊക്കെയും അവനു മടക്കിക്കൊടുത്ത ദൈവം നിനക്കും മതിയായവനാണെന്ന് നീ മനസ്സിലാക്കുമോ?
കഷ്ടങ്ങളേറിടുമ്പോള്‍ നാശനഷ്ടങ്ങളിന്‍ നടുവില്‍
എന്‍ ചാരെ വന്നെന്നെ മാറോടണച്ചീടും
യേശു മഹോന്നതന്‍ ആശ്രയമേശു...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com