അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 349 ദിവസം

ഉപവാസ പ്രാര്‍ത്ഥനകള്‍ പലപ്പോഴും ഭക്ഷണപാനീയങ്ങള്‍ വെടിഞ്ഞ് ചില പ്രാര്‍ത്ഥനകള്‍ ഉരുവിടുന്ന ഉണ്ണാവ്രതങ്ങളായി തരംതാണുപോകാറുണ്ട്. യഥാര്‍ത്ഥമായ അനുതാപമോ മാനസാന്തരമോ ഇല്ലാത്ത ഉപവാസങ്ങളെ യഹോവയാം ദൈവം വെറുക്കുന്നു. അങ്ങനെയുള്ള ഉപവാസങ്ങള്‍ ദൈവത്തിന്റെ കോപം മാത്രമല്ല ശിക്ഷയും വരുത്തിവയ്ക്കുന്നു എന്ന് പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്യുന്നു. പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും പരിശുദ്ധാത്മാവ് ബോധം വരുത്താത്ത ഉപവാസങ്ങള്‍ വെറും ഉണ്ണാവ്രതങ്ങളാണ്. ദൈവത്തിന്റെ തിരുസന്നിധിയില്‍ കഴിഞ്ഞുപോയ കാലത്തെ പാപങ്ങള്‍ ഓര്‍ത്ത് കണ്ണുനീരോടെ പ്രാര്‍ത്ഥിച്ച്, ദൈവവുമായി നിരപ്പുപ്രാപിച്ച്, പുതിയ തീരുമാനങ്ങള്‍ എടുത്ത്, ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ പ്രാപിക്കുകയെന്നതായിരിക്കണം ഉപവസിക്കുന്ന ഓരോരുത്തരുടെയും ലക്ഷ്യം. ചില ആവശ്യങ്ങള്‍ സാധിച്ചുകിട്ടുവാനായി നടത്തപ്പെടുന്ന നിരാഹാര സമരങ്ങളല്ല ഉപവാസപ്രാര്‍ത്ഥനകള്‍. ആന്തരിക പരിവര്‍ത്തനമുളവാക്കി ക്രിസ്തുവില്‍ പുതിയ സൃഷ്ടികളായിത്തീര്‍ന്ന് പരിശുദ്ധാത്മാവില്‍ നിറയുന്ന പ്രക്രിയയാണ് ഉപവാസപ്രാര്‍ത്ഥനയിലൂടെ നടക്കേണ്ടത്. പഴയ മനുഷ്യന്റെ സ്വഭാവങ്ങള്‍ ഉരിഞ്ഞുകളഞ്ഞ് ദൈവത്തിന്റെ വിശുദ്ധമന്ദിരങ്ങളായി ഉപവാസ പ്രാര്‍ത്ഥനകളില്‍ ഓരോരുത്തരും പണിയപ്പെടുമ്പോഴാണ് ദൈവത്തിന്റെ പരിശുദ്ധാത്മാവ് അവരില്‍ വസിക്കുന്നത്. ജീവിതവീക്ഷണങ്ങള്‍ക്കും സ്വാഭാവങ്ങള്‍ക്കും വ്യതിയാനമില്ലാതെ പട്ടിണിയിരുന്ന് നേര്‍ച്ചകാഴ്ചകള്‍കൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കുവാനാണ് ഉപവാസത്തിന്റെ മുഖംമൂടിയുമായി അനേകര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ശത്രുതയുടെയും ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയും കഠിന ശിക്ഷകളാണ് അവര്‍ക്കു ലഭിക്കുന്നതെന്ന് ദൈവം തന്റെ പ്രവാചകനിലൂടെ ചൂണ്ടിക്കാണിക്കുന്നു. 

                  സഹോദരാ! സഹോദരീ! നിന്റെ ഉപവാസപ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ പ്രസാദകരമാണോ എന്ന് ഈ അവസരത്തില്‍ നീ പരിശോധിക്കുമോ? ഉപവാസപ്രാര്‍ത്ഥനകളില്‍ നിന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞുപേക്ഷിച്ച് പുതിയ സൃഷ്ടിയായിത്തീരുവാന്‍ കഴിയുന്നില്ലെങ്കില്‍ നിന്റെ ഉപവാസംകൊണ്ട് നീ ദൈവകോപത്തെയാണ് ജ്വലിപ്പിക്കുന്നതെന്നോര്‍ക്കുമോ? 

ഉപവാസത്തോടും കരച്ചിലോടും നീ

ദൈവസന്നിധേ മടങ്ങിവന്നിടുമോ

ദൈവം കൃപയുള്ളവന്‍, മഹാദയയുള്ളവന്‍

അനര്‍ത്ഥമൊന്നും വരുത്താതെ, ദൈവം മനസ്സലിയും

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com