അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ഇന്ന് അനേക ക്രൈസ്തവ സഹോദരങ്ങള്‍ തങ്ങളുടെ മക്കളില്‍ വളര്‍ന്നു വരുന്ന അച്ചടക്കരാഹിത്യത്തെക്കുറിച്ചും അനുസരണക്കേടിനെക്കുറിച്ചും അസാന്മാര്‍ഗ്ഗിക പ്രവണതകളെക്കുറിച്ചും വളരെയേറെ ഉല്‍ക്കണ്ഠാകുലരാണ്. കൗമാരത്തില്‍ പ്രകടമാകുന്ന ശാരീരിക മാറ്റങ്ങളോടൊപ്പം അവരുടെ പ്രതികരണങ്ങള്‍ പല മാതാപിതാക്കളെയും അമ്പരപ്പിക്കുകയും ആകുലചിത്തരാക്കുകയും ചെയ്യുന്നു. മക്കളുടെ അനുസരണമില്ലായ്മയെയും പാശ്ചാത്യ ലോകത്തെ യുവതലമുറയെ അനുകരിക്കുവാനുള്ള പ്രവണതയെയും മറ്റും തങ്ങളുടെ ബുദ്ധികൊണ്ടും ശക്തികൊണ്ടും കീഴടക്കുവാന്‍ കഴിയാതെവരുമ്പോള്‍, നിസ്സഹായരായ ചില മാതാപിതാക്കള്‍ ദൈവസന്നിധിയിലേക്കു തിരിഞ്ഞ് തങ്ങളുടെ മക്കളെ ദൈവമുള്ളവരാക്കി മെരുക്കിയെടുക്കുവാന്‍ ശ്രമിക്കുന്നുവെങ്കിലും പലപ്പോഴും അതിനു കഴിയാറില്ല. എന്തെന്നാല്‍ കൗമാരത്തിലെത്തുമ്പോള്‍ത്തന്നെ ജീവിതത്തിന്റെ അടിസ്ഥാന സ്വഭാവങ്ങള്‍ രൂപംകൊണ്ടിരിക്കും. തങ്ങളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസ യോഗ്യതകള്‍ നേടിയെടുക്കുവാനായി ബദ്ധപ്പെടുന്ന മാതാപിതാക്കള്‍ അത്യധികം ശ്രദ്ധിക്കുന്നത് തങ്ങളുടെ മക്കള്‍ റാങ്കുജേതാക്കളായി ഒന്നാം ക്ലാസ്സുമുതല്‍ വളരുന്നതിനാണ്. റാങ്കു നേടുവാനായി അത്യദ്ധ്വാനം ചെയ്യുന്ന മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളോട് ദൈവത്തെക്കുറിച്ച് പറയുവാനോ, ദൈവിക കാര്യങ്ങളില്‍ ഉത്സുകരാക്കുവാനോ കഴിയുകയില്ല. അതുകൊണ്ടാണ് ജ്ഞാനിയായ ശലോമോന്‍ ''ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്കുവാന്‍'' ഉദ്‌ബോധിപ്പിക്കുന്നത്. തങ്ങളുടെ കുഞ്ഞുങ്ങളെ ദൈവഭയത്തിലും ഭക്തിയിലും വളര്‍ത്തുവാന്‍ പരാജയപ്പെടുന്ന മാതാപിതാക്കള്‍ക്കാണ് മക്കള്‍ കൗമാരത്തിലെത്തുമ്പോള്‍മുതല്‍ അവരെക്കുറിച്ചു ദു:ഖിക്കേണ്ടിവരുന്നത്. ''നിന്റെ ദൈവമായ യഹോവയെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടുംകൂടെ സ്‌നേഹിക്കണം. നീ അവയെ നിന്റെ മക്കള്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും നീ വീട്ടില്‍ ഇരിക്കുമ്പോഴും വഴിയില്‍ക്കൂടി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും വേണം'' എന്നാണ് (ആവര്‍ത്തനപുസ്തകം 6 : 5, 7) യഹോവയാം ദൈവം തന്റെ ജനത്തോട് അരുളിച്ചെയ്തിരിക്കുന്നത്.
ദൈവത്തിന്റെ പൈതലേ! നിന്റെ മക്കളെ നീ ദൈവഭയത്തിലും ഭക്തിയിലുമാണോ വളര്‍ത്തുന്നത്? ബാല്യത്തില്‍ നീ അത് അവഗണിച്ചാല്‍ അവര്‍ നിന്നെയും ദൈവത്തെയും അവഗണിക്കുമെന്നു നീ മനസ്സിലാക്കുമോ?
യേശു എന്റെ സങ്കേതവും യേശു എന്റെ ആശ്രയവും
യേശു എന്റെ രക്ഷകനും യേശു എന്റെ രക്ഷയും
യേശു എന്‍ രക്ഷിതാവുമേ രാവിലും...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com