അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 354 ദിവസം

ദൈവത്തിന്റെ തിരുസന്നിധിയില്‍ നമ്മുടെ ആവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുമെങ്കിലും പലപ്പോഴും അവ ലഭിക്കുമെന്നുള്ള ഉറപ്പോടുകൂടിയല്ല നമ്മുടെ പ്രാര്‍ത്ഥനകള്‍ ഉയരുന്നത്. നമ്മുടെ യുക്തിക്കും ബുദ്ധിക്കും അംഗീകരിക്കുവാന്‍ കഴിയുന്ന അടയാളം കണ്ടു വിശ്വസിക്കുവാനാണ് നമ്മില്‍ അനേകര്‍ ആഗ്രഹിക്കുന്നത്. പക്ഷേ നാം നിരന്തരമായി നമ്മുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്. അഹരോന്യപാരമ്പര്യത്തില്‍ അബീയാഗണത്തില്‍പ്പെട്ട സെഖര്യാ പുരോഹിതനും അപ്രകാരം പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തി ആയിരുന്നു. അവന്റെ ഭാര്യ എലീശബെത്തും അഹരോന്യപാരമ്പര്യത്തില്‍പ്പെട്ടവളായിരുന്നു. വാര്‍ദ്ധക്യത്തിലെത്തിയ അവര്‍ക്ക് മക്കള്‍ ഇല്ലായിരുന്നു. മക്കളില്ലാതിരിക്കുന്നത് ഒരു ശാപമായാണ് അന്നത്തെ യെഹൂദാസമൂഹം കണ്ടിരുന്നത്. അന്ന് ഏകദേശം രണ്ടായിരം പുരോഹിതന്മാരോളം യെഹൂദാസഭയില്‍ ഉണ്ടായിരുന്നതിനാല്‍ യെരൂശലേംദൈവാലയത്തില്‍ ഓരോ പുരോഹിതനും ധൂപമര്‍പ്പിക്കുന്നതിനുള്ള അവസരം നറുക്കിട്ടെടുത്താണ് തീരുമാനിച്ചിരുന്നത്. നറുക്ക് വീണതനുസരിച്ച് സെഖര്യാവ് ധൂപമര്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ധൂപപീഠത്തിന്റെ വലത്തുഭാഗത്ത് ഒരു ദൂതന്‍ പ്രത്യക്ഷനായി ''നിന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിച്ചിരിക്കുന്നു; നിന്റെ ഭാര്യയായ എലീശബെത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും'' (ലൂക്കൊസ്  1 : 13) എന്നരുളിച്ചെയ്തു. പതിറ്റാണ്ടുകളായി ഒരു കുഞ്ഞിനുവേണ്ടിയുള്ള അവന്റെ പ്രാര്‍ത്ഥനയ്ക്ക് ദൈവം മറുപടി നല്‍കിയപ്പോള്‍ അതെങ്ങനെ പ്രായോഗികമാകുമെന്ന് സെഖര്യാവ് സംശയിച്ചു. കാരണം മനുഷ്യശരീരത്തിന്റെ ഘടനയനുസരിച്ച്, വയോവൃദ്ധരായ തനിക്കും ഭാര്യയ്ക്കും ലോകത്തിന്റെ ജ്ഞാനമനുസരിച്ച് ഒരു കുഞ്ഞുണ്ടാകുന്നത് അസാദ്ധ്യമായിരുന്നു. ദൂതനോട് തന്റെ വിശ്വാസം ഉറപ്പാക്കുവാന്‍ അടയാളം ചോദിച്ച സെഖര്യാവ് വാര്‍ദ്ധക്യത്തിലെത്തിയ തനിക്ക് ദൈവം ഒരു കുഞ്ഞിനെ തരുമെന്ന വിശ്വാസത്തിലായിരുന്നില്ല പ്രാര്‍ത്ഥിച്ചത്. 

                    ദൈവത്തിന്റെ പൈതലേ! പല ആവശ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന നീ ദൈവത്തിന് അവ തരുവാന്‍ കഴിയുമെന്നുള്ള വിശ്വാസത്തോടെയാണോ പ്രാര്‍ത്ഥിക്കുന്നത്? ദൈവത്തിന്റെ വാഗ്ദത്തങ്ങളുടെ പ്രായോഗികതയെ നീ അവിശ്വസിക്കാറുണ്ടോ? സമ്പൂര്‍ണ്ണമായ വിശ്വാസത്തോടുകൂടിയുള്ള പ്രാര്‍ത്ഥനകള്‍ക്കു മാത്രമേ ദൈവത്തില്‍നിന്ന് അനുഗ്രഹങ്ങള്‍ നേടുവാന്‍ കഴിയൂ എന്ന് നീ മനസ്സിലാക്കുമോ? 

കണ്ണീര്‍ താഴ്‌വരയില്‍ നടന്നാലും 

അന്ധകാരത്തില്‍ ഞാനലഞ്ഞാലും 

കണ്ണീരു തുടച്ചെന്‍ കൈപിടിച്ചു നടത്തും

യേശു എന്‍ കൂടെയുണ്ട്.....

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com