അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

സാമൂഹ്യമര്യാദകളുടെ ഭാഗമായിത്തീരുവാന്‍ പലപ്പോഴും അനേക സഹോദരങ്ങള്‍ തങ്ങള്‍ പ്രാപിച്ച ദൈവകൃപ മറന്ന് പ്രവര്‍ത്തിക്കാറുണ്ട്. ഇന്ന് സാമൂഹ്യസംഘടനകളിലും സുഹൃത്‌വലയങ്ങളിലും കല്യാണവിരുന്നുകളിലുമൊക്കെ മദ്യപാനം ആധുനിക സംസ്‌കാരത്തിന്റെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഭാഗമായിത്തീര്‍ന്നിരിക്കുന്നു. കുടിച്ച് മത്തരാകരുതെന്നും, അജീര്‍ണ്ണതയ്ക്ക് അല്പം ആകാമെന്നുമുള്ള തിരുവചനശകലം മദ്യപാനത്തിന് മറയാക്കുന്ന അനേക സഹോദരങ്ങളുണ്ട്. ''വല്ലപ്പോഴുമായി'' ആരംഭിക്കുന്ന മദ്യപാനം ക്രമേണ ''മിക്കപ്പോഴുമായി'' അവസാനം ''എപ്പോഴുമായി'' പര്യവസാനിക്കുന്നു. അതിരാവിലെ എഴുന്നേറ്റ് മദ്യം തേടി ഓടുന്നവരും പകലന്തിയോളം മത്തരായിരിക്കുന്നവരും സാമാന്യ ജീവിതത്തില്‍ നിന്നുതന്നെ അകന്നുപോയവരാണ്. ദൈവത്തെയും മനുഷ്യനെയും ഒരുപോലെ മറക്കുവാനുള്ള ഈ അവസ്ഥയുടെ ആരംഭം വല്ലപ്പോഴുമൊരിക്കല്‍ തുടങ്ങിയ മദ്യപാനമോ, ആധുനിക സംസ്‌കാരത്തിന്റെ ഭാഗമായിത്തീരുവാന്‍ ചിലപ്പോഴൊക്കെ നടത്തിയ സല്‍ക്കാരമോ ആയിരിക്കാം. അതുകൊണ്ടുതന്നെയാണ് ''വീഞ്ഞു ചുവന്നിരിക്കുമ്പോഴും അത് പാത്രത്തില്‍ തിളങ്ങുമ്പോഴും രസമായി ഇറങ്ങുമ്പോഴും നീ നോക്കരുത് '' (സദൃശവാക്യങ്ങള്‍ 23 : 31) എന്ന് ശലോമോന്‍ ഉദ്‌ബോധിപ്പിക്കുന്നത്. അതിന്റെ കാരണങ്ങളും ശലോമോന്‍ തുടര്‍ന്നു വിവരിക്കുന്നു. ''നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത നിറയും. നീ നടുക്കടലില്‍ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളില്‍ ഉറങ്ങുന്നവനെപ്പോലെയുമാകും'' (സദൃശവാക്യങ്ങള്‍ 23 : 33, 34). അതിരാവിലെ തന്നെ അന്വേഷിക്കേണ്ട മനുഷ്യന്‍ മദ്യത്തെ അന്വേഷിച്ച് മദ്യത്തില്‍ മത്തനായിത്തീരുന്ന അവസ്ഥയെക്കുറിച്ച് ദൈവം പറയുന്നത് ''അയ്യോ, കഷ്ടം!'' എന്നാണ്. കാരണം മദ്യം പകരുന്ന ലഹരിയില്‍ അവന്‍ ദൈവത്തെയും അവന്റെ കുടുംബത്തെയും കടപ്പാടുകളെയും മറന്നുപോകുന്നു.
സഹോദരാ! സഹോദരീ! മദ്യത്തിന് നിന്റെ ജീവിതത്തില്‍ എന്തു സ്ഥാനമാണുള്ളത്? നിന്റെ സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തുവാന്‍ നീ വല്ലപ്പോഴുമൊരിക്കല്‍ മദ്യപിക്കുകയോ മദ്യസല്‍ക്കാരം നടത്തുകയോ ചെയ്യാറുണ്ടോ? ദൈവത്തില്‍നിന്നും കുടുംബത്തില്‍നിന്നും നിന്നെ ക്രമേണ അകറ്റി സമ്പൂര്‍ണ്ണമായി നശിപ്പിച്ചുകളയുന്ന വിഷമാണ് മദ്യമെന്ന് നീ ഓര്‍ക്കുമോ?
ഞാന്‍ വഴിയും സത്യവും ജീവനും
എന്നരുളിയ എന്‍ യേശു മഹേശാ
വഴിയായ് സത്യമായ് ജീവനായ് എന്നും
ഏഴയെ എന്നും നടത്തീടണമേ സൗഖ്യം തേടി...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com