അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

സര്‍വ്വലോകാധിപതിയായ കര്‍ത്താവ് സൗമ്യനായി, ശാന്തനായി, സഹിഷ്ണുതയോടെ താന്‍ സൃഷ്ടിച്ച മനുഷ്യന്റെ ഹൃദയ കവാടത്തില്‍ നിന്നു മുട്ടുന്ന ശബ്ദം പലപ്പോഴും അനേകര്‍ക്കു കേള്‍ക്കുവാന്‍ കഴിയുന്നില്ല. കേള്‍ക്കുന്ന അനേകര്‍ കേട്ടുവെന്ന് ഭാവിക്കുന്നില്ല. കതകു തുറക്കുമെന്നുള്ള പ്രതീക്ഷയില്‍ ക്ഷമയോടെ വാതിലിനു പുറത്തു നില്‍ക്കുന്ന കര്‍ത്താവിനെക്കുറിച്ച് വാതിലിനകത്തുള്ള മനുഷ്യന്‍ ചിന്തിക്കുവാന്‍ കൂട്ടാക്കുന്നില്ല. ആ വാതില്‍ ബലമായി തുറന്ന് അകത്തു കയറുവാനുള്ള അധികാരവും ബലവും കര്‍ത്താവിനുണ്ടെങ്കിലും വീട്ടുടയവന്‍ വാതില്‍ തുറക്കുവാന്‍വേണ്ടി കാത്തുനില്‍ക്കുന്നു. രാത്രിസമയത്ത് കൂരിരുട്ടിലാണ് കര്‍ത്താവ് നില്‍ക്കുന്നത്. ശബ്ദം കേട്ട് വാതില്‍ തുറന്നാല്‍ അവന്റെ അടുക്കലേക്കു ചെന്ന് അവനോടൊപ്പം അത്താഴം കഴിക്കുവാന്‍ കര്‍ത്താവ് നോക്കി പാര്‍ക്കുന്നുവെന്ന് അകത്തുള്ള മനുഷ്യന്‍ അറിയുന്നില്ല. കര്‍ത്താവുമൊരുമിച്ച് അത്താഴം കഴിക്കുമ്പോള്‍ തന്റെ സങ്കടങ്ങളും പ്രയാസങ്ങളും ആവശ്യങ്ങളുമെല്ലാം കര്‍ത്താവിനോടു നേരിട്ടു പറയുവാനുള്ള സുവര്‍ണ്ണാവസരമാണ് വാതില്‍ തുറന്നാല്‍ അവനു ലഭ്യമാകുന്നത്. കര്‍ത്താവിന് കവാടം തുറന്നുകൊടുക്കണമെങ്കില്‍ അറപ്പും വെറുപ്പും ഉളവാകുന്ന അനേക കാര്യങ്ങള്‍ അകത്തുനിന്നു പുറത്തുകളയേണ്ടതുണ്ട്. അതോടൊപ്പം ഇതുവരെയും പ്രാധാന്യം നല്‍കി അകത്തിരുത്തിയിരുന്നവരെ പുറത്താക്കിയാല്‍ മാത്രമേ കര്‍ത്താവിനായി വാതില്‍ തുറക്കുവാന്‍ കഴിയുകയുള്ളു. അതിനു മനസ്സില്ലാത്തവരും എന്തു ചെയ്യണമെന്നറിയാതെ ചിന്താക്കുഴപ്പത്തിലായവരും വാതില്‍ തുറക്കാതിരിക്കുമ്പോള്‍ കര്‍ത്താവിന്റെ കാത്തുനില്പ് നീളുകയാണ്.
സഹോദരാ! സഹോദരീ! ഈ നിമിഷംവരെയും നിന്റെ ഹൃദയം കര്‍ത്താവിനായി തുറന്നുകൊടുക്കുവാന്‍ നിനക്കു കഴിഞ്ഞിട്ടുണ്ടോ? ഇന്നും നിന്റെ ഹൃദയകവാടത്തില്‍ നിന്നു മുട്ടുന്ന കര്‍ത്താവിന്റെ ശബ്ദം കേള്‍ക്കുവാന്‍ നിനക്കു കഴിയുന്നുണ്ടോ? കര്‍ത്താവിനായി നിന്റെ വാതില്‍ തുറക്കുവാന്‍ തടസ്സമായിരിക്കുന്ന പാപത്തിന്റെ പ്രതിബന്ധങ്ങളെ ഈ അവസരത്തില്‍ നീ മാറ്റുമോ? കര്‍ത്താവിനായി നിന്റെ ഹൃദയകവാടം തുറക്കുമോ?
നിന്‍ ഹൃത്തിന്‍ വാതിലില്‍ മുട്ടിവിളിച്ചിടും
യേശുവിന്‍ ശബ്ദം കേട്ടിടുമോ
വാതില്‍ തുറന്നു നീ യേശുവേ കൈക്കൊള്‍ക
യേശു നിന്നെ പുലര്‍ത്തും യേശുവിന്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com

