അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 343 ദിവസം

ദൈവത്തിനുവേണ്ടി മോശെയുടെ ന്യായപ്രമാണമനുസരിച്ച് ജീവിക്കാമെന്നു സ്വയം തീരുമാനിച്ച്, പ്രത്യേകമായ വേഷമണിഞ്ഞ് തെരുവീഥികളിലും തിരക്കുള്ള സ്ഥലങ്ങളിലും നിന്ന് ദീര്‍ഘമായി പ്രാര്‍ത്ഥിച്ച് ദൈവത്തോടു ഏറ്റവും അടുത്ത് ജീവിക്കുന്നവര്‍ എന്നു സാധാരണ ജനങ്ങളെ വിശ്വസിപ്പിച്ചുവന്നവരായിരുന്നു പരീശന്മാര്‍. ദൈവാലയത്തിലെ രേഖകളുടെയും ന്യായപ്രമാണ വിശകലനങ്ങളുടെയും വിശദാംശങ്ങള്‍ ദീര്‍ഘവര്‍ഷങ്ങള്‍ പഠിച്ച് അതിന്റെ പകര്‍ത്തുകാരും എഴുത്തുകാരും ഔദ്യോഗിക ചുമതലകള്‍ വഹിച്ചിരുന്നവരുമായ ശാസ്ത്രിമാര്‍ ദൈവത്തിന്റെ വാത്സല്യജനങ്ങളാണെന്നുള്ള ഭാവേനയാണ് പൊതുജീവിതത്തില്‍ വിരാജിച്ചിരുന്നത്. എന്നാല്‍ കര്‍ത്താവ് അവരെ, പുറമേ അതിമനോഹരമായി പടുത്തുയര്‍ത്തിയിരിക്കുന്ന ശവക്കല്ലറകളോടാണ് ഉപമിച്ചിരിക്കുന്നത്. സ്‌നേഹിക്കുന്ന പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പതിനായിരങ്ങള്‍ ചെലവഴിച്ച് കല്ലറകള്‍ പടുത്തുയര്‍ത്തിയാലും, കൂരിരുള്‍ നിറഞ്ഞ ശവക്കല്ലറകള്‍ക്കുള്ളില്‍ അവശേഷിക്കുന്നത് പുഴുവും കൃമിയും മാംസം കാര്‍ന്നുതിന്ന് വികൃതമായ, ഭയം സൃഷ്ടിക്കുന്ന അസ്ഥികൂടം മാത്രമാണുള്ളത്. ഏറ്റവും നിസ്സാരമായ ജീരകം, ചതകുപ്പ, തുളസി മുതലായവയ്ക്കുപോലും ദശാംശം കൊടുക്കുകയും സുദീര്‍ഘമായി പ്രാര്‍ത്ഥിക്കുകയും ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഉപവസിക്കുകയും ചെയ്തിരുന്ന പരീശന്മാരും ശാസ്ത്രിമാരും കപടഭക്തിയില്‍ ജീവിക്കുന്നവരായിരുന്നു. ദുഷ്ടത നിറഞ്ഞ ഹൃദയമുണ്ടായിരുന്ന അവര്‍ ആരോരുമില്ലാത്ത വിധവമാരുടെ വീടുകളെ വിഴുങ്ങുന്ന നികൃഷ്ടന്മാരായിരുന്നുവെന്ന് കര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടാണ് കര്‍ത്താവ് അവരെ വെള്ളതേച്ച ശവക്കല്ലറകളോട് ഉപമിക്കുന്നത്. 

                     സഹോദരാ! സഹോദരീ! നിന്റെ ഇടവകയില്‍, കൂട്ടായ്മകളില്‍, ശുശ്രൂഷകളിലൊക്കെയും പ്രശസ്തി പിടിച്ചുപറ്റിയ നീ പൂജിതനായ, പൂജിതയായ പ്രവര്‍ത്തകനോ, പ്രവര്‍ത്തകയോ ആയിരിക്കാം. എന്നാല്‍ കര്‍ത്താവ് നിന്നോടു ചോദിക്കുന്നു - നീ ഒരു വെള്ളതേച്ച ശവക്കല്ലറയാണോ? സ്വാര്‍ത്ഥലാഭങ്ങള്‍ക്കുവേണ്ടി കര്‍ത്താവിന്റെ നാമത്തില്‍ നീ മനുഷ്യരെ ചൂഷണം ചെയ്യുന്നുവോ? എങ്കില്‍ ഈ അവസരത്തില്‍ കണ്ണുനീരോടെ നിന്റെ കുറവുകള്‍ ഏറ്റുപറഞ്ഞ് ഒരു പുതിയ സൃഷ്ടി ആയിത്തീരുമോ? ശവക്കല്ലറയുടെ അവസ്ഥയില്‍നിന്ന് ദൈവത്തിന്റെ ആത്മാവ് വസിക്കുന്ന മന്ദിരമായിത്തീരൂ! 

പാപത്തില്‍ വീഴാതേഴയേ

എന്നും നടത്തേണമെന്നേശുവേ

എന്‍മൊഴികളും വഴികളുമെല്ലാം

അര്‍പ്പിക്കുന്നങ്ങേ സന്നിധേ                    ദൈവമേ...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com