അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ കഴിയാത്തതിന്റെ കാരണമായി അനേക സഹോദരങ്ങള്‍ പറയാറുള്ളത് തങ്ങള്‍ക്ക് അതിനുവേണ്ട വിദ്യാഭ്യാസയോഗ്യതയോ, സാങ്കേതിക പരിജ്ഞാനമോ ഇല്ലെന്നുള്ളതാണ്. ദൈവശാസ്ത്ര വിഷയങ്ങളില്‍ ഉന്നത ബിരുദങ്ങള്‍ നേടി പ്രവര്‍ത്തിക്കുന്നവരുടെയും കണ്‍വെന്‍ഷന്‍ പന്തലുകളിലും ദൈവാലയങ്ങളിലും പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കുന്നവരുടെയും നടുവില്‍ തങ്ങള്‍ക്ക് യേശുവിനായി പ്രവര്‍ത്തിക്കുവാനുള്ള യോഗ്യതയില്ലെന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. യേശുവിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ പ്രഥമവും പ്രധാനവുമായിവേണ്ട യോഗ്യതയെന്തെന്ന് സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ് യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു. പരിശുദ്ധാത്മാവ് അവരുടെമേല്‍ വരുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന ശക്തിയാണ് ''ലോകത്തിന്റെ അറ്റത്തോളം തന്റെ സാക്ഷികള്‍'' ആകുവാനുള്ള യോഗ്യത എന്നു പറഞ്ഞശേഷം കര്‍ത്താവ് സ്വര്‍ഗ്ഗാരോഹണം ചെയ്തു. യെഹൂദാമതപണ്ഡിതന്മാര്‍ക്കോ ലോകത്തിലെ ആത്മീയ സ്ഥാനികള്‍ക്കോ കൊടുക്കുവാന്‍ കഴിയാത്ത ഈ ''ശക്തി'' പ്രാപിക്കുന്നതിനായി യെരൂശലേം വിട്ടുപോകാതെ കാത്തിരിക്കുവാന്‍ കര്‍ത്താവ് അവരോടു കല്പിച്ചു. അന്നത്തെ സമൂഹത്തിലെ നിസ്സാരന്മാരും പരിജ്ഞാനമില്ലാത്തവരും പലസ്തീന്‍ നാടിന്റെ അതിരുകള്‍ കടന്നിട്ടില്ലാത്തവരുമായ ശിഷ്യന്മാര്‍ പെന്തിക്കോസ്തുനാളില്‍ പരിശുദ്ധാത്മാവിന്റെ ശക്തി പ്രാപിച്ചപ്പോള്‍ അവര്‍ കടലും കരയും താണ്ടി, ലോകത്തിന്റെ അറ്റങ്ങളില്‍ എത്തി, അപരിചിതമായ ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും നടുവില്‍ യേശുവിന്റെ സാക്ഷികളായി ആയിരം പതിനായിരങ്ങള്‍ക്ക് കര്‍ത്താവിന്റെ സൗഖ്യവും സമാധാനവും സന്തോഷവും അനുഭവമാക്കിക്കൊണ്ട് അവരെ യേശുവിങ്കലേക്ക് ആകര്‍ഷിച്ചു.
സഹോദരാ! സഹോദരീ! പ്രസംഗപാടവമോ, ഉന്നത വിദ്യാഭ്യാസ യോഗ്യതകളോ ഇല്ലാത്തതുകൊണ്ടാണോ നീ കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ മടികാണിക്കുന്നത്? തനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരിലും പ്രവര്‍ത്തിക്കുവാനാഗ്രഹിക്കുന്നവരിലും കര്‍ത്താവ് പ്രതീക്ഷിക്കുന്ന പ്രഥമവും പ്രധാനവുമായ യോഗ്യത പരിശുദ്ധാത്മാവില്‍ നിറഞ്ഞ് ശക്തി പ്രാപിക്കുക എന്നതാണെന്ന് നീ മനസ്സിലാക്കുമോ? പരിശുദ്ധാത്മശക്തി പ്രാപിക്കുമ്പോള്‍ മാത്രമേ നിനക്കു ഫലപ്രദമായ സാക്ഷിയായിത്തീരുവാന്‍ കഴിയുകയുള്ളുവെന്ന് നീ ഓര്‍ക്കുമോ?
സത്യത്തിന്നാത്മാവേ പരിശുദ്ധാത്മാവേ
ആവസിച്ചേഴയില്‍ ശക്തി പകര്‍ന്നീടുക
ശക്തിയെ നല്‍കണമേ ശക്തിയെ നല്‍കണമേ
യേശുവിന്‍ സാക്ഷിയാകാന്‍ ശക്തിയെ നല്‍കണമേ
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com