അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 341 ദിവസം

ഇന്ന് അനേക സഹോദരങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ പരിവര്‍ത്തിക്കപ്പെടുന്ന ശുശ്രൂഷകളിലേക്ക് കാര്യസാദ്ധ്യങ്ങള്‍ക്കായും അത്ഭുതസിദ്ധികള്‍ക്കായും ഓടിക്കൂടാറുണ്ട്. അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ദൈവഹിതത്തെക്കാളുപരി തങ്ങളുടെ ആഗ്രഹപ്രകാരം ദ്രുതഗതിയില്‍ നടക്കുന്നില്ലെങ്കില്‍ അവര്‍ കടന്നുചെന്ന ശുശ്രൂഷയെ ചെളി വാരിയെറിയുന്നു. തങ്ങളുടെ ജീവിതത്തിലെ പാപങ്ങള്‍ കണ്ടെത്തി ഒരു പുതിയ സൃഷ്ടിയാകുവാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഏഴു വെള്ളിയാഴ്ചയോ ഒമ്പതു വെള്ളിയാഴ്ചയോ മറ്റേതെങ്കിലും നിശ്ചിതദിവസങ്ങളോ ഉപവാസമെടുക്കുവാന്‍ അഥവാ പട്ടിണി കിടക്കുവാന്‍ അവര്‍ തയ്യാറാണ്. തങ്ങളുടെ കാര്യസാദ്ധ്യത്തിനായി നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിക്കുവാന്‍ എന്തു തുക ചെലവഴിക്കുവാനും അവര്‍ സന്നദ്ധരാണ്. എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി വായ് തുറന്ന്, ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിക്കുവാന്‍ അവര്‍ക്ക് കഴിയുകയില്ല. കര്‍ത്താവിലുള്ള വിശ്വാസത്തെക്കാളും പ്രത്യാശയെക്കാളുമുപരി കാര്യസാദ്ധ്യത്തിനുള്ള അഭിനിവേശമാണ് ഇവരെ അത്ഭുതത്തിനായി കര്‍ത്താവിന്റെ അടുത്തെത്തിക്കുന്നത്. തന്റെയടുത്തേക്ക് ആശ്വാസത്തിനും സമാധാനത്തിനും സൗഖ്യത്തിനുമായി കടന്നുവരുന്നവര്‍ക്ക് കര്‍ത്താവ് തന്നിലുള്ള വിശ്വാസം അനുസരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. തന്റെ പിതൃനഗരത്തില്‍ ചെന്നപ്പോള്‍ അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ അത്ഭുതപ്രവൃത്തികള്‍ കര്‍ത്താവ് ചെയ്തില്ല. അല്പവിശ്വാസിക്ക് കര്‍ത്താവില്‍നിന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ കഴിയുകയില്ല. കര്‍ത്താവില്‍ പൂര്‍ണ്ണവിശ്വാസമര്‍പ്പിച്ച് പടകില്‍ നിന്നിറങ്ങി വെള്ളത്തിന്മീതേ നടന്ന പത്രൊസ് കാറ്റിനെ കണ്ട് ഭയന്ന് അല്പവിശ്വാസി ആയപ്പോള്‍ വെള്ളത്തില്‍ താണുപോയി. എന്നാല്‍ ഭൂതബാധിതയായ മകളുടെ സൗഖ്യം തേടി കര്‍ത്താവിന്റെ അടുക്കല്‍ ചെന്ന കനാന്യസ്ത്രീയുടെ വലിയ വിശ്വാസത്താല്‍ അവളുടെ മകള്‍ക്ക് കര്‍ത്താവ് സൗഖ്യം നല്‍കി. 

                      സഹോദരാ! സഹോദരീ! കര്‍ത്താവിന്റെ അടുക്കല്‍ പല ആവശ്യങ്ങളുമായി കടന്നുവരുന്ന നിന്റെ വിശ്വാസം എങ്ങനെയുള്ളത്? നീ അവിശ്വാസിയോ അല്പവിശ്വാസിയോ വലിയ വിശ്വാസിയോ എന്ന് ഈ നിമിഷങ്ങളില്‍ സ്വയം പരിശോധിക്കുമോ? തന്നില്‍ സമ്പൂര്‍ണ്ണമായി വിശ്വാസമര്‍പ്പിച്ച് തന്റെ പാദാരവിന്ദങ്ങളില്‍ വീണ് കേണിട്ടുള്ള ആരെയും കര്‍ത്താവ് ഉപേക്ഷിച്ചിട്ടില്ലെന്ന് നീ ഓര്‍ക്കുമോ? 

അടയാളങ്ങള്‍ കണ്ടീടുവാന്‍ കൃപകള്‍ നല്‍കണമേ

അത്ഭുതമനുദിനം അനുഭവമാക്കാന്‍

പാരെങ്ങും സുവിശേഷം ഘോഷിപ്പാന്‍

പാരെങ്ങും സുവിശേഷം ഘോഷിപ്പാന്‍                       കൃപാവര...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com