അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

കര്‍ത്താവ് ലോകത്തിലേക്കു കടന്നുവന്ന് രണ്ടായിരം സംവത്സരങ്ങള്‍ കഴിഞ്ഞിട്ടും, കുഷ്ഠരോഗത്തെ സമൂഹം ഇന്നും അറപ്പോടും വെറുപ്പോടുംകൂടിയാണ് കാണുന്നത്. കുഷ്ഠരോഗികള്‍ക്കായി അനേകം ചികിത്സാകേന്ദ്രങ്ങളും പ്രത്യേകം പുനരധിവാസകേന്ദ്രങ്ങളും ഉള്ളതിനാല്‍, വിരളമായി പൊതുസ്ഥലങ്ങളിലും മറ്റും കാണുന്ന അവരുടെ സമീപത്തേക്കു പോകുവാനോ യാദൃച്ഛികമായിപ്പോലും അവരെ തൊടുവാനോ ഇന്നും ആരും ആഗ്രഹിക്കുന്നില്ല. കുഷ്ഠരോഗിയെക്കുറിച്ച് യഹോവ, ''...അവന്‍ അധരം മൂടിക്കൊണ്ടിരിക്കുകയും 'അശുദ്ധന്‍, അശുദ്ധന്‍' എന്നു വിളിച്ചുപറയുകയും വേണം'' (ലേവ്യപുസ്തകം 13 : 45) എന്നാണ് കല്പിച്ചിരുന്നത്. കുഷ്ഠരോഗിയെ സ്പര്‍ശിക്കുന്നവര്‍ അശുദ്ധരായിത്തീരുമെന്നുള്ളതായിരുന്നു യെഹൂദാനിയമം. ഈ പശ്ചാത്തലത്തിലാണ് വീട്ടുകാരും നാട്ടുകാരും ഉപേക്ഷിച്ച, ആരോരുമില്ലാത്ത, എല്ലാവരും വെറുപ്പോടെ പുറന്തള്ളിയ ഒരു കുഷ്ഠരോഗി കര്‍ത്താവിന്റെ അടുക്കല്‍ കൈയെത്തുന്ന ദൂരം വന്നു മുട്ടുകുത്തുന്നത്. കര്‍ത്താവിനെ എപ്പോഴും അനുധാവനം ചെയ്തുകൊണ്ടിരുന്ന വലിയ ജനക്കൂട്ടത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ കര്‍ത്താവിന്റെ അടുത്തെത്തുവാന്‍ കഴിഞ്ഞതില്‍നിന്ന് അവന്‍ അനുയോജ്യമായ ഒരവസരത്തിനുവേണ്ടി കര്‍ത്താവിന്റെ പിന്നാലെ തക്കം പാര്‍ത്ത് നടക്കുകയായിരുന്നു എന്ന് അനുമാനിക്കാം. അവസരത്തിനായി കാത്തുകാത്തിരുന്ന് അത് ലഭിച്ചപ്പോള്‍ തന്റെ അടുക്കല്‍ വന്ന് ''നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും'' എന്നപേക്ഷിച്ച ആ കുഷ്ഠരോഗിയോട് കര്‍ത്താവ് മനസ്സലിഞ്ഞ്, വടുക്കള്‍ നിറഞ്ഞ് വികൃതമായ അവന്റെ ശരീരത്തില്‍ തൊട്ട് ''മനസ്സുണ്ട്, ശുദ്ധമാകുക'' എന്നു കല്പിച്ചു. അവനെ തൊട്ടാല്‍ ന്യായപ്രമാണമനുസരിച്ച് താനും അശുദ്ധനായിത്തീരുമെന്ന് യേശുവിന് അറിയാമായിരുന്നിട്ടും, വെറും വാക്കുകൊണ്ട് അവന് സൗഖ്യം നല്‍കുവാന്‍ കഴിയുമായിരുന്നിട്ടും, യേശു മനസ്സലിഞ്ഞ് അവനെ തൊട്ടു. അവന്‍ ശുദ്ധനായിത്തീര്‍ന്നു.
സഹോദരാ! സഹോദരീ! ഒരു കുഷ്ഠരോഗിയെപ്പോലെ വീട്ടിലും നാട്ടിലുമൊക്കെ ഒറ്റപ്പെട്ട്, എല്ലാവരാലും വെറുക്കപ്പെട്ട അവസ്ഥയിലാണോ നീ മുമ്പോട്ടു പോകുന്നത്? ഈ അവസരത്തില്‍ കര്‍ത്താവിന്റെ പാദാരവിന്ദങ്ങളില്‍ നിന്നെത്തന്നെ സമര്‍പ്പിക്കുവാന്‍ കഴിയുമോ? അപ്പോള്‍ കുഷ്ഠരോഗിയെ തൊട്ട കര്‍ത്താവ് കൈ നീട്ടി നിന്നെ കോരിയെടുക്കുമെന്നും അവന്‍ നിന്റെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുമെന്നുമോര്‍ക്കുമോ?
കഷ്ടങ്ങള്‍ നഷ്ടങ്ങള്‍ വരും വേളയില്‍
സ്‌നേഹിതര്‍ ബന്ധുക്കള്‍ മാറിപ്പോകുമ്പോള്‍
യേശുവേ എന്നേശുവേ വാക്കുമാറാത്ത നീ
മാറണച്ചു ചേര്‍ക്ക ഞങ്ങളെ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com