അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

മനുഷ്യന്‍ പാപത്തില്‍നിന്നു കൊടുംപാപത്തിലേക്ക് ഓടുമ്പോള്‍ ദൈവം മൗനം അവലംബിക്കുന്നത് പാപത്തിന്റെ അംഗീകാരമായിട്ടാണ് മനുഷ്യന്‍ മനസ്സിലാക്കുന്നത്. അവന്റെ പാപപ്രവൃത്തികള്‍ക്ക് ശിക്ഷയില്ലാത്തതുകൊണ്ട് സഭകളിലും ശുശ്രൂഷകളിലും അവന്‍ അലങ്കരിക്കുന്ന സ്ഥാനമാനങ്ങള്‍കൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ദൈവം സന്തുഷ്ടനാണെന്ന് അവന്‍ കരുതുന്നു. ദൈവം മൗനമായിരിക്കുമ്പോള്‍ ദൈവത്തിനു തന്നെപ്പോലെ ബാഹ്യമായ വിശുദ്ധി മാത്രമേയുള്ളു എന്നാണ് അവന്‍ ധരിക്കുന്നത്. അതുകൊണ്ട് ''നീ ഇവ ചെയ്തു'' എന്നു പറഞ്ഞ് അവന്റെ മുമ്പില്‍ ഒരു പട്ടിക ദൈവം നിരത്തിവയ്ക്കുകയാണ്. അവന്‍ ദൈവത്തിന്റെ ശാസന വെറുക്കുകയും തിരുവചനത്തെ തിരസ്‌കരിക്കുകയും സ്വന്തം ബുദ്ധിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ്. അതോടൊപ്പം ദൈവത്തിന്റെ ചട്ടങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും വാചാലമായി സംസാരിക്കുന്നവനും സ്വന്തം ജീവിതത്തില്‍ പാലിക്കാത്ത ദൈവത്തിന്റെ നിയമങ്ങള്‍ അധികാരമുപയോഗിച്ച് മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പിക്കുന്നവനുമാണ്; അവന്‍ കള്ളനെ കണ്ടാല്‍ അവനെ അനുകൂലിക്കുകയും വ്യഭിചാരികളോടു പങ്കുകൂടുകയും, സഹോദരനെതിരായിപ്പോലും സംസാരിക്കുകയും വഞ്ചന നിരൂപിക്കുകയും ചെയ്യുന്നു; എന്നിങ്ങനെയുള്ള അവന്റെ പാപങ്ങള്‍ ദൈവം ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ ഭക്തിയുടെ ആവരണവുമായി ഇവയൊക്കെ ചെയ്തിട്ടും ദൈവം മൗനമായിരിക്കുകയാല്‍ ദൈവവും അവനെപ്പോലെയുള്ളവനാണെന്ന് അവന്‍ കരുതി. എന്നാല്‍ ഇവയൊക്കെയും അവന്റെ കണ്‍മുമ്പില്‍ നിരത്തിവയ്ക്കുമെന്നു പറയുന്ന ദൈവം, തന്നെ മറക്കുന്നവരെ കീറിക്കളയുമെന്ന് മുന്നറിയിപ്പു നല്‍കുന്നു.
സഹോദരാ! സഹോദരീ! ദൈവം മൗനമായിരിക്കുന്നതുകൊണ്ട് നിന്റെ തെറ്റുകള്‍ അവന്‍ അംഗീകരിച്ചിരിക്കുകയോ അനുവദിച്ചിരിക്കുകയോ ആണെന്നു കരുതി അവ തിരുത്താതെയാണോ നീ മുമ്പോട്ടു പോകുന്നത്? നിന്റെ മാനസാന്തരത്തിനുവേണ്ടി ക്ഷമയോടെ ദൈവം കാത്തിരിക്കുന്നുവെന്ന് നീ ഓര്‍ക്കുമോ? നിന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് കണ്ണുനീരോടെ ഈ അവസരത്തില്‍ ദൈവത്തിന്റെ സന്നിധിയില്‍ നിന്നെത്തന്നെ സമര്‍പ്പിക്കുമോ? ദൈവത്തിന്റെ കാത്തിരിപ്പിന് അതിരുണ്ടെന്നും നീ മാനസാന്തരപ്പെടുന്നില്ലെങ്കില്‍ അവന്‍ നിന്നെ കീറിക്കളയുന്ന ദൈവമാണെന്നും നീ മനസ്സിലാക്കുമോ?
മഹാദയാലുവാം ദൈവമേ
മനസ്സലിയും മഹല്‍ സ്‌നേഹമേ
മഹാപാപിയാം ഏഴയിന്‍
പാപങ്ങള്‍ പൊറുക്കണമേ
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com