അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ആത്മനിയന്ത്രണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു യുവതലമുറയെയാണ് ഇന്നത്തെ ലോകത്ത് കാണുവാന്‍ സാധിക്കുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മാദകലഹരി തേടി ഓടുന്ന അനേക യുവതീയുവാക്കന്മാര്‍ അശാന്തിയുടെയും അസമാധാനത്തിന്റെയും പ്രതീകങ്ങളാണ്. കോളേജ് കാമ്പസുകളില്‍പ്പോലും ലഹരി പദാര്‍ത്ഥങ്ങള്‍ സുലഭമായിത്തീര്‍ന്നിരിക്കുന്നു. അപ്പൊസ്തലനായ പൗലൊസ് യുവത്വത്തിന്റെ പരിധി കടന്നിട്ടില്ലാത്ത തീത്തൊസിനോട് ആത്മനിയന്ത്രണം പാലിക്കുവാന്‍ യുവാക്കളെ ഉപദേശിക്കുവാന്‍ പറയുന്നു. ഇന്നത്തെ സാഹചര്യങ്ങളില്‍ ആത്മീയ ഉപദേശങ്ങള്‍ കേള്‍ക്കുവാന്‍ വിമുഖത ഏറെയുള്ള കൂട്ടരാണ് യൗവനക്കാര്‍. എന്തെന്നാല്‍ തങ്ങള്‍ വളര്‍ന്നുവന്ന ഗാര്‍ഹികാന്തരീക്ഷങ്ങളില്‍ മാതാപിതാക്കളില്‍നിന്നോ മറ്റുള്ളവരില്‍നിന്നോ കര്‍ത്താവിനെക്കുറിച്ചും തിരുവചനത്തെക്കുറിച്ചും പരിശുദ്ധാത്മാവിനെക്കുറിച്ചും കൂടുതലായി മനസ്സിലാക്കുവാനുള്ള സാഹചര്യങ്ങള്‍ അവരില്‍ അനേകര്‍ക്ക് ഉണ്ടായിട്ടില്ല. ബാല്യത്തില്‍ തങ്ങളുടെ യൗവനക്കാരായ മാതാപിതാക്കളില്‍ കാണുന്ന ആത്മനിയന്ത്രണമില്ലാത്ത ജീവിതത്തിന്റെ അനുഭവങ്ങളുമായി യുവത്വത്തിലെത്തുന്നവരില്‍ ബാല്യകാലാനുഭവങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെയാണ്. മക്കളുടെ ഭാവി സമ്പന്നമാക്കുവാന്‍ രാപകലില്ലാതെ അദ്ധ്വാനിക്കുന്ന മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ ഉന്നത വിദ്യാഭ്യാസം നേടിയെടുക്കുവാനായി പരിശീലിപ്പിക്കുന്ന തിരക്കില്‍ ദൈവത്തെക്കുറിച്ച് മക്കളോടു പറയുവാനോ പഠിപ്പിക്കുവാനോ കഴിയാറില്ല. സമാധാനമില്ലാതെ വളരുന്ന മക്കള്‍ സമാധാനം ലഭിക്കുവാനായി മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുന്നു. ദൈവഭയത്തിലും ഭക്തിയിലും വളര്‍ത്തപ്പെടുന്ന കുഞ്ഞുങ്ങള്‍ യൗവനത്തിലെത്തുമ്പോഴും ആത്മനിയന്ത്രണത്തോടെ മുമ്പോട്ടു പോകുന്നു. ''ബാലന്‍ നടക്കേണ്ട വഴിയില്‍ അവനെ അഭ്യസിപ്പിക്കുക; വാര്‍ദ്ധക്യത്തിലും അവന്‍ അതില്‍നിന്നു വിട്ടുമാറുകയില്ല'' (സദൃശവാക്യങ്ങള്‍ 22 : 6) എന്ന് ശലോമോന്‍ ഉദ്‌ബോധിപ്പിക്കുന്നു.
സഹോദരാ! സഹോദരീ! ആത്മനിയന്ത്രണമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് വലിയ പങ്കുണ്ടെന്നു നീ മനസ്സിലാക്കുമോ? ഗാര്‍ഹികാന്തരീക്ഷത്തില്‍ മാതാപിതാക്കള്‍ ആത്മനിയന്ത്രണമില്ലാതെ, ദൈവത്തെ മറന്നുള്ള ജീവിതമാണ് നയിക്കുന്നതെങ്കില്‍ ആത്മനിയന്ത്രണമില്ലാത്ത ഒരു തലമുറയെയാണ് നീ വളര്‍ത്തിയെടുക്കുവാന്‍ പോകുന്നതെന്നു ഓര്‍മ്മിക്കുമോ?
സഹനത്തിന്‍ സാഗരമേ
സൗമ്യതയിന്‍ പ്രവാഹമേ
യേശുവേ നിന്നാത്മാവാല്‍
നിറയ്ക്കണമേഴയേ ആത്മാവാല്‍....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com