അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 337 ദിവസം

തന്നെ അനുഗമിക്കുന്നവര്‍ പരസ്പരസ്‌നേഹത്തില്‍ ബന്ധിതരായിരിക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുകയും അതിനായി തന്റെ ശിഷ്യന്മാരെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. എല്ലാം സഹിക്കുകയും ക്ഷമിക്കുകയും വഹിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്റെ നിസ്തുല സ്‌നേഹത്താലാണ് ശിഷ്യന്മാര്‍ ആദിമസഭ കെട്ടിപ്പടുത്തത്. ''നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കണം എന്ന് ഒരു പുതിയ കല്പന ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്‌നേഹിക്കണം എന്നുതന്നെ. നിങ്ങള്‍ക്കു പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാകുന്നുവെന്ന് എല്ലാവരും അറിയും'' (യോഹന്നാന്‍  13 : 34, 35) എന്നതായിരുന്നു കര്‍ത്താവ് അവര്‍ക്കു കൊടുത്ത പുതിയ കല്പന. യോഹന്നാന്‍ശ്ലീഹാ വീണ്ടും കര്‍ത്താവിന്റെ കല്പന ഓര്‍മ്മിപ്പിക്കുന്നതിന്റെ കാരണം അവരില്‍ ചിലര്‍ സത്യത്തെ വിട്ടുനടക്കുന്നതിനാലാണെന്നു പരോക്ഷമായി സൂചിപ്പിക്കുന്നു. ''നിന്റെ മക്കളില്‍ ചിലര്‍ സത്യത്തില്‍ നടക്കുന്നതു കണ്ട് ഞാന്‍ അത്യന്തം സന്തോഷിച്ചു'' (2  യോഹന്നാന്‍ : 4) എന്നു പറയുന്ന ശ്ലീഹാ തുടര്‍ന്ന് പരസ്പരം സ്‌നേഹിക്കണമെന്ന് കര്‍ത്താവിന്റെ കല്പന ചൂണ്ടിക്കാട്ടി ആഹ്വാനം ചെയ്യുമ്പോള്‍ സത്യം വിട്ടുനടക്കുന്നവരെയും സ്‌നേഹത്താല്‍ ആകര്‍ഷിക്കണമെന്നാണ് ഉദ്‌ബോധിപ്പിക്കുന്നത്. മാത്രമല്ല കര്‍ത്താവിന്റെ കല്പനകള്‍ അനുസരിച്ചു നടക്കുന്നതുതന്നെ സ്‌നേഹം ആകുന്നുവെന്നും ''വാക്കിനാലും നാവിനാലും അല്ല പിന്നെയോ പ്രവൃത്തിയിലും സത്യത്തിലുംതന്നെ സ്‌നേഹിക്കണമെന്നും'' ശ്ലീഹാ ആഹ്വാനം ചെയ്യുന്നു. നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ കല്പനകള്‍ കൈക്കൊള്ളുമെന്ന് അരുളിച്ചെയ്ത കര്‍ത്താവിന്റെ കല്പനയനുസരിച്ച് കര്‍ത്താവ് സ്‌നേഹിച്ചതുപോലെ പരസ്പരം സ്‌നേഹിക്കണമെന്ന് യോഹന്നാന്‍ശ്ലീഹാ ഉദ്‌ബോധിപ്പിക്കുന്നു. 

                  സഹോദരാ! സഹോദരീ! നിന്നെ കര്‍ത്താവ് ആക്കിയിരിക്കുന്ന മാതൃസഭയിലും ശുശ്രൂഷകളിലുമൊക്കെ കര്‍ത്താവിന്റെ സ്‌നേഹത്തില്‍ വസിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ? നീ ചൊരിയുന്ന സ്‌നേഹത്തിലൂടെ നീ കര്‍ത്താവിന്റെ ശിഷ്യനെന്ന്/ശിഷ്യയെന്ന് ലോകത്തിനു മനസ്സിലാക്കുവാന്‍ കഴിയുമോ? തെറ്റിപ്പോകുന്നവരെയും വീണുപോകുന്നവരെയും കര്‍ത്താവിന്റെ സ്‌നേഹം പകര്‍ന്ന് കര്‍ത്താവിങ്കലേക്കു മടക്കിവരുത്തുവാന്‍ നിനക്കു കഴിയുമോ? 

സ്‌നേഹിപ്പാന്‍ പുതിയൊരു കല്പന

ശിഷ്യന്മാര്‍ക്കേകിയ താത

സ്‌നേഹത്താലെന്നെ നിറയ്‌ക്കേണമേ - നിന്‍

സ്‌നേഹത്താലെന്നെ നിറയ്‌ക്കേണമേ

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com