അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 333 ദിവസം

സര്‍വ്വശക്തനായ ദൈവം നമ്മുടെമേല്‍ ചൊരിയുന്ന കാരുണ്യങ്ങള്‍ വര്‍ണ്ണിക്കുവാന്‍ സങ്കോചമുള്ള സഹോദരങ്ങള്‍ ഏറെയാണ്. കഷ്ടങ്ങളുടെയും നഷ്ടങ്ങളുടെയും വേദനകളുടെയും തടവറകളില്‍നിന്നും മാനുഷിക കരങ്ങള്‍ക്കു രക്ഷിക്കുവാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍നിന്നും തങ്ങളെ അത്ഭുതകരമായി വിടുവിച്ച ദൈവത്തെക്കുറിച്ചു പറയുവാന്‍ പലര്‍ക്കും ലജ്ജയാണ്. ഇങ്ങനെയുള്ളവര്‍ ദൈവം തങ്ങളുടെമേല്‍ ചൊരിയുന്ന സ്‌നേഹവാത്സല്യങ്ങളും അനുഗ്രഹങ്ങളും നഷ്ടപ്പെടുത്തിക്കളയുന്നത് രണ്ടു കാരണങ്ങള്‍കൊണ്ടാണ്. ഒന്നാമതായി, മാനുഷികമായ തങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും കഴിവുകളെക്കുറിച്ചും ദീര്‍ഘവീക്ഷണങ്ങളെക്കുറിച്ചുമൊക്കെ അഭിമാനപുരസ്സരം കീര്‍ത്തിക്കുന്നവര്‍ ദൈവം ചെയ്ത അത്യത്ഭുതങ്ങളെക്കുറിച്ച് പരസ്യമായി പ്രസ്താവിക്കുവാനോ ദൈവത്തെ മഹത്ത്വപ്പെടുത്തുവാനോ കൂട്ടാക്കുന്നില്ല. രണ്ടാമതായി, ദൈവം തങ്ങള്‍ക്കു ചെയ്ത അത്ഭുതങ്ങളെക്കുറിച്ച് തങ്ങളുടെ സഹോദരങ്ങളോടോ സഭാമദ്ധ്യേ ജനങ്ങളോടോ വര്‍ണ്ണിക്കാതിരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ദൈവത്തെക്കുറിച്ചു മനസ്സിലാക്കുവാനും അവരുടെ പ്രയാസപ്രതിസന്ധികളില്‍ മഹാകാരുണ്യവാനായ ദൈവത്തെ വിളിച്ചപേക്ഷിച്ച്, ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ രുചിച്ചറിയുവാനുമുള്ള അവസരങ്ങള്‍ നഷ്ടമാക്കുന്നു. ദൈവത്തിന്റെ നാമം തന്റെ സഹോദരന്മാരോടു കീര്‍ത്തിക്കുന്ന ദാവീദ് താന്‍ ആരാധിക്കുന്ന ദൈവത്തെ എപ്പോഴും എല്ലാക്കാലത്തും വാഴ്ത്തുന്നവനായിരുന്നു. അവന്റെ ശബ്ദം എല്ലായ്‌പ്പോഴും ദൈവത്തെ പ്രകീര്‍ത്തിക്കുന്നതും ദൈവം ചെയ്ത ഉപകാരങ്ങളും അത്ഭുതങ്ങളും വര്‍ണ്ണിക്കുന്നതുമായിരുന്നു. മഹാസഭയിലും ബഹുജനത്തിന്റെ മദ്ധ്യേയും ദൈവത്തെ ലജ്ജ കൂടാതെ ആവേശത്തോടെ സ്തുതിക്കുന്ന യിസ്രായേലിന്റെ രാജാവായ ദാവീദ് നമുക്ക് മാതൃകയാകണം. 

                          സഹോദരാ! സഹോദരീ! മാനുഷികകരങ്ങള്‍ക്കു നിന്നെ രക്ഷിക്കുവാന്‍ കഴിയാതിരുന്ന സന്ദര്‍ഭങ്ങളിലുള്ള നിന്റെ നിലവിളിയുടെ മുമ്പില്‍ നിന്നെ രക്ഷിച്ച ദൈവത്തെക്കുറിച്ച് നിന്റെ സഹോദരങ്ങളോടു പറയുവാന്‍ നിനക്കു കഴിഞ്ഞിട്ടുണ്ടോ? നിന്നെ അനുഗ്രഹങ്ങളാല്‍ വഴിനടത്തുന്ന ഈ നല്ല ദൈവത്തെ ബഹുജനങ്ങളുടെ മദ്ധ്യേ സ്തുതിക്കുവാന്‍ നിനക്കു കഴിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കില്‍ ഈ നിമിഷംതന്നെ ദൈവത്തിന്റെ നാമം നിന്റെ സഹോദരന്മാരോടു കീര്‍ത്തിക്കുമെന്ന് നീ തീരുമാനിക്കുമോ? 

പാടുമേ ഞാനെന്നുമേ

യേശു ചെയ്ത നന്മകള്‍

എന്നായുസ്സെല്ലാം പാടുമേ

എന്നേശു ചെയ്ത നന്മകള്‍                     പാടുമേ പാടുമേ...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com