അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 332 ദിവസം

പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ശുശ്രൂഷകളിലേക്കു പരസ്യമായി കടന്നു വരുവാന്‍ കഴിയാത്ത പല സഹോദരങ്ങളും രഹസ്യമായി അവയെ അംഗീകരിക്കുന്നവരും, പ്രയാസപ്രതിസന്ധികളില്‍ രഹസ്യമായി അവയെ സമീപിക്കുന്നവരുമാണ്. തങ്ങള്‍ ആയിരിക്കുന്ന സഭകളിലെയും ശുശ്രൂഷകളിലെയും ആത്മീയ ശൂന്യതയെക്കുറിച്ചു ബോദ്ധ്യമുണ്ടെങ്കിലും ഭവിഷ്യത്തുകളെ ഭയന്ന് അതിനെതിരേ ശബ്ദമുയര്‍ത്തുവാനോ പരസ്യമായി പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ശുശ്രൂഷകളില്‍ പങ്കെടുക്കുവാനോ അവര്‍ക്കു കഴിയുന്നില്ല. യെഹൂദാസഭയുടെയും സമൂഹത്തിന്റെയും പരമാധികാര സമിതിയായ സന്നിദ്രിസംഘത്തിന്റെ അംഗവും പരീശനുമായിരുന്ന നിക്കോദേമൊസിന് യേശു ദൈവപുത്രനെന്ന് ബോദ്ധ്യമുണ്ടായിരുന്നു. പക്ഷേ, സര്‍വ്വശക്തനായ ദൈവത്തോട് ഏറ്റവും അടുത്തു ജീവിക്കുന്നു എന്നഭിമാനിച്ചിരുന്ന പരീശസമൂഹത്തിലെ അംഗമായിരുന്ന നിക്കോദേമൊസിന് പരീശന്മാരുടെ കപടഭക്തിയെ നിശിതമായി വിമര്‍ശിച്ചിരുന്ന യേശുവിന്റെ അടുത്തേക്ക് പരസ്യമായി പോകുവാന്‍ കഴിയുമായിരുന്നില്ല. കള്ളപ്രവാചകന്മാരെ നിരീക്ഷിച്ച് നടപടിയെടുക്കേണ്ട സന്നിദ്രിസംഘത്തിന്റെ അംഗമായിരുന്ന നിക്കോദേമൊസിന് താന്‍ ദൈവപുത്രനാണെന്നു പ്രഖ്യാപിച്ച കര്‍ത്താവിന്റെ അടുത്തേക്ക് എല്ലാവരും കാണ്‍കെ ചെല്ലുവാന്‍ സാദ്ധ്യമല്ലായിരുന്നു. യെരൂശലേമിലെ ധനികരില്‍ മൂന്നാമനെന്നു പാരമ്പര്യം ഉദ്‌ഘോഷിക്കുന്ന നിക്കോദേമൊസിന്റെ നീക്കങ്ങള്‍ പൊതുശ്രദ്ധ ആകര്‍ഷിക്കുമെന്നുള്ളതും അവന് കര്‍ത്താവിന്റെ അടുക്കല്‍ ചെല്ലുന്നതിനു തടസ്സമായിരുന്നു. എന്നാല്‍ ദൈവപുത്രനായ യേശുവിനെ കാണുവാനുള്ള അഭിവാഞ്ഛ അടക്കുവാനാകാതെ ഒരു രാത്രിയില്‍ അവന്‍ കര്‍ത്താവിന്റെ അടുക്കല്‍ ചെന്നു. കര്‍ത്താവിനെ അവന്‍ ദൈവപുത്രനായി സ്വീകരിച്ചു.

                     സഹോദരാ! സഹോദരീ! ആത്മീയമായി പലതും പ്രവര്‍ത്തിക്കുന്നു എന്ന് അഭിമാനിക്കുന്ന നിനക്ക് യേശുവിനെ വാസ്തവമായി രുചിച്ചറിയുവാന്‍ കഴിയുന്നുണ്ടോ? നിന്റെ പ്രാര്‍ത്ഥനകളിലും ആരാധനകളിലും പരിശുദ്ധാത്മാവിനെ രുചിച്ചറിയുവാന്‍ നിനക്കു കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍ പരിശുദ്ധാത്മാവിനാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ജീവിതം നയിക്കുവാന്‍ മുഖാന്തരങ്ങളൊരുക്കുവാനായി നീ പ്രാര്‍ത്ഥിക്കുമോ? നിക്കോദേമൊസിനെപ്പോലെ യേശുവിന്റെ അരികിലേക്ക് നീ വരുമോ? 

യേശുവിനെ കാണേണം നിങ്ങള്‍

യേശുവിനെ കാണേണം 

യേശുവിനെ കേള്‍ക്കേണം നിങ്ങള്‍

യേശുവിനെ കേള്‍ക്കേണം

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com