അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 331 ദിവസം

കഴിഞ്ഞകാല ജീവിതത്തിന്റെ പാപച്ചുമടുകളുമായി വീര്‍പ്പുമുട്ടുന്ന പല സഹോദരങ്ങളും കര്‍ത്താവ് തങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കുമോ എന്നു സംശയിക്കാറുണ്ട്. മറ്റാരോടും പറയുവാന്‍ കഴിയാത്ത പാപഭാരങ്ങളുമായി അവര്‍ക്ക് കര്‍ത്താവിന്റെ സന്നിധിയിലേക്കു കടന്നുവരുവാന്‍ ബുദ്ധിമുട്ടാണ്. എന്തെന്നാല്‍, ആത്മീയസമൂഹം അവരെ മഹാപാപികളെന്ന നിലയിലാണ് വീക്ഷിക്കുന്നത്. പരീശനായ ശിമോന്റെ ക്ഷണം സ്വീകരിച്ച് അവന്റെ ഭവനത്തില്‍ വിരുന്നിനെത്തിയ യേശുവിന്റെ പാദപീഠത്തില്‍ വീണ് ഒരു സ്ത്രീ അവളുടെ കണ്ണുനീര്‍കൊണ്ട് അവന്റെ പാദങ്ങള്‍ കഴുകി, സ്വന്തം തലമുടികൊണ്ട് തുടച്ച്, പരിമളതൈലം പൂശി അവയെ ചുംബിക്കുന്നതു കണ്ടപ്പോള്‍ ശിമോന് അമര്‍ഷമാണുണ്ടായത്. കാരണം, പട്ടണത്തിലെ കുപ്രസിദ്ധയായ ഒരു അഭിസാരിക തന്റെ അതിഥിയായി കടന്നുവന്ന യേശുവിന്റെ കാല്ക്കല്‍ വീണു കരയുന്നതു കണ്ടപ്പോള്‍, യേശു ഒരു പ്രവാചകനായിരുന്നുവെങ്കില്‍ ആ സ്ത്രീ ഏതു തരത്തില്‍പ്പെട്ടവളാണെന്നു യേശുവിന് മനസ്സിലാക്കുവാന്‍ കഴിയുമായിരുന്നില്ലേ എന്ന ചോദ്യമാണ് അവന്റെ മനസ്സില്‍ അങ്കുരിച്ചത്. എന്തെന്നാല്‍ ഒരു അഭിസാരിക ഒരു പ്രവാചകന്റെയോ റബ്ബിയുടെയോ കാലുകളില്‍ കെട്ടിപ്പിടിച്ചു കരയുന്നത് അസാധാരണമായ സംഭവമായിരുന്നു. മ്ലേച്ഛകരമായ തന്റെ കഴിഞ്ഞകാല ജീവിതത്തിന്റെ പാപങ്ങള്‍ ക്ഷമിച്ച് അവളുടെ ഇരുളടഞ്ഞ ജീവിതത്തെ കാരുണ്യംകൊണ്ട് പ്രകാശമയമാക്കിയ കര്‍ത്താവിന്റെ പാദാരവിന്ദങ്ങളില്‍ സ്‌നേഹബാഷ്പങ്ങള്‍ ചൊരിഞ്ഞ ആ പാപിനിയായ സ്ത്രീയുടെ അവസ്ഥയെ ഒരു ഉപമയിലൂടെ ശിമോനെ മനസ്സിലാക്കിയ കര്‍ത്താവ് അവളുടെ അനേകമായ പാപങ്ങള്‍ മോചിച്ചിരിക്കുന്നുവെന്ന് അരുളിച്ചെയ്തു. 

               സഹോദരാ! സഹോദരീ! കഴിഞ്ഞകാല ജീവിതത്തിന്റെ പാപഭാരങ്ങളുമായാണോ ഈ അവസരത്തില്‍ നീ ഈ വരികള്‍ വായിക്കുന്നത്? എല്ലാവരും നിന്നെ പാപിയെന്നു മുദ്രയടിച്ചേക്കാം! പക്ഷേ, പാപിനിയായ സ്ത്രീയുടെ അനേകമായ പാപങ്ങള്‍ ക്ഷമിച്ച കര്‍ത്താവ് നിന്റെയും പാപങ്ങള്‍ ക്ഷമിക്കുമെന്നോര്‍ക്കുമോ? ആ പാപിനിയായ സ്ത്രീയെപ്പോലെ കര്‍ത്താവിന്റെ പാദാരവിന്ദങ്ങളില്‍ കണ്ണുനീരോടെ നിന്റെ പാപങ്ങള്‍ ഈ നിമിഷം നീ ഏറ്റുപറയുമോ? 

നിന്‍ നിത്യരാജ്യത്തിന്‍

അവകാശിയായിത്തീരുവാന്‍

കഴുകേണമെന്‍ പാപങ്ങള്‍

അങ്ങയിന്‍ തിരുരക്തത്താല്‍

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com