അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ നാം ഇറങ്ങിത്തിരിക്കുന്നുവെങ്കിലും ഫലം പുറപ്പെടുവിക്കുവാന്‍ പലര്‍ക്കും കഴിയുന്നില്ല. മുന്തിരിവള്ളിയാകുന്ന തന്നില്‍നിന്നു പുറപ്പെടുന്ന കൊമ്പുകള്‍ക്കു മാത്രമേ വളരെ ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ കഴിയുകയുള്ളു എന്ന് കര്‍ത്താവ് ഉദ്‌ബോധിപ്പിക്കുന്നു. മുന്തിരിച്ചെടി കൊമ്പുകളില്‍ മാത്രം ഫലം പുറപ്പെടുവിക്കുന്ന ചെടിയാണ്. കൊമ്പുകളാകുന്ന നമുക്ക് കര്‍ത്താവിനുവേണ്ടി ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ കഴിയുന്നുണ്ടോ? കൊമ്പുകളിലേക്കു മുന്തിരിവള്ളിയുടെ ജീവരസം ഒഴുകുമ്പോഴാണ് അവ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നത്. പരിശുദ്ധാത്മാവാകുന്ന ജീവരസം നമ്മിലൂടെ ഒഴുകുമ്പോഴാണ് യേശുവിന്റെ സ്‌നേഹത്തിന്റെ വറ്റാത്ത നീരുറവകളായിത്തീരുവാന്‍ നമുക്കു കഴിയുന്നത്. അപ്പോള്‍ നമ്മുടെ ക്ഷമയും സൗമ്യതയും വിനയവും പ്രത്യാശയും അനേകരെ നമ്മിലൂടെ കര്‍ത്താവിങ്കലേക്ക് ആകര്‍ഷിക്കുവാന്‍ മുഖാന്തരമായിത്തീരും. കര്‍ത്താവില്‍ വസിക്കാതെ, അഥവാ പരിശുദ്ധാത്മാവാകുന്ന ജീവരസമില്ലാതെ സ്വന്തം ബുദ്ധിയിലും യുക്തിയിലും ആശ്രയിക്കുന്ന കൊമ്പുകള്‍ക്ക് കര്‍ത്താവിനുവേണ്ടി ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ കഴിയുകയില്ല. ഫലം കായ്ക്കാത്ത കൊമ്പിനെ മുന്തിരിവള്ളിയില്‍നിന്നു ഛേദിച്ചുകളയുന്നു. ''എന്നില്‍ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തുകളഞ്ഞിട്ട് അവന്‍ ഉണങ്ങിപ്പോകുന്നു; അവ പെറുക്കി തീയിലിടും; അവ കരിഞ്ഞുപോകും'' (യോഹന്നാന്‍ 15 : 6) എന്നരുളിച്ചെയ്യുന്ന കര്‍ത്താവ് തനിക്കുവേണ്ടി ഫലം പുറപ്പെടുവിക്കാത്തതിന്റെ കാരണം വ്യക്തമാക്കുന്നു. തന്നെ അനുഗമിക്കുന്ന ഒരുവന്‍ തന്നില്‍ വസിക്കുമ്പോള്‍ താന്‍ അവനില്‍ വസിക്കുകയും അവന്‍ വളരെ ഫലം കായ്ക്കുകയും ചെയ്യുമെന്ന് അരുളിച്ചെയ്യുന്ന കര്‍ത്താവ് തന്നെക്കൂടാതെ ആര്‍ക്കും ഒന്നും ചെയ്യുവാന്‍ കഴിയുകയില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു.
സഹോദരാ! സഹോദരീ! കര്‍ത്താവിനുവേണ്ടി എന്തെങ്കിലും ഫലം പുറപ്പെടുവിക്കുവാന്‍ നിനക്കു കഴിഞ്ഞിട്ടുണ്ടോ? പരിശുദ്ധാത്മാവാകുന്ന ജീവരസം മുന്തിരിവള്ളിയാകുന്ന കര്‍ത്താവില്‍നിന്നു കൊമ്പായ നിന്നിലേക്ക് ഒഴുകുന്നില്ലെങ്കില്‍ നിനക്ക് കര്‍ത്താവിനായി ഫലം പുറപ്പെടുവിക്കുവാന്‍ കഴിയുകയില്ലെന്നു മനസ്സിലാക്കുമോ? ഫലങ്ങള്‍ പുറപ്പെടുവിക്കാത്ത ശിഖരങ്ങളെ മുറിച്ചു തീയിലിട്ടു ചുട്ടുകളയുമെന്നു നീ ഓര്‍ക്കുമോ?
കര്‍ത്തന്‍ വയലില്‍ കൊയ്ത്താളാവാന്‍
കൃപകള്‍ നേടീടാം
ഉയിര്‍ത്ത കര്‍ത്തന്‍ ശക്തിയെ കാട്ടി
ഉലകെങ്ങും പോകാം..... ഉലകെങ്ങും...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com