അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അഭിമാനിക്കുന്നവരും അതില്‍ സംതൃപ്തിയുള്ളവരുമായ അനേകരെ ഇന്നത്തെ ആത്മീയ ലോകത്തു കാണുവാന്‍ കഴിയും. ചെറിയ പ്രാര്‍ത്ഥനാക്കൂട്ടങ്ങളില്‍ പ്രസംഗിക്കുന്നവര്‍, സാക്ഷ്യങ്ങള്‍ പറയുന്നവര്‍, ലഘുലേഖകള്‍ വിതരണം ചെയ്യുന്നവര്‍, കണ്‍വെന്‍ഷന്‍ പന്തലുകളിലെ സ്ഥിരം പ്രസംഗകര്‍ തുടങ്ങി സഭകളിലെ വിവിധ തലങ്ങളിലുള്ള അജപാലകന്മാര്‍വരെ ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍ തങ്ങളുടെ ശുശ്രൂഷകളിലൂടെ യേശുവിനെ മറ്റുള്ളവര്‍ക്ക് അനുഭവമാക്കുവാനോ ക്രിസ്തുവിനുവേണ്ടി ആത്മാക്കളെ നേടുവാനോ ഇവരില്‍ അനേകര്‍ക്കു കഴിയുന്നില്ല. കാരണം പ്രവൃത്തിയില്ലാത്ത പ്രസംഗങ്ങള്‍ക്ക് ഒരാത്മാവിനെയും നേടുവാന്‍ കഴിയുകയില്ല എന്നതുതന്നെ! ഒരുവന്‍ യേശുവിന്റെ സന്നിധിയിലേക്കു കടന്നുവന്ന് ഒരു പുതിയ സൃഷ്ടിയായി, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന വ്യക്തിയായെങ്കില്‍ അവന്റെ കുടുംബജീവിതത്തില്‍ അതു പ്രകടമാകണം. സഹപ്രവര്‍ത്തകരോട്, അയല്‍ക്കാരോട്, ബന്ധുമിത്രാദികളോട്, കൂട്ടുവിശ്വാസികളോട് തുടങ്ങി അവന്റെ ചുറ്റുപാടുമുള്ളവരോടുള്ള പഴയ സമീപനം പാടേ മാറണം. നാം യേശുവിനെക്കുറിച്ച് ഉപദേശിക്കുമ്പോള്‍, പ്രസംഗിക്കുമ്പോള്‍, നമ്മുടെ ഉപദേശങ്ങളും പ്രസംഗങ്ങളും നമുക്കു പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ശ്രോതാക്കള്‍ നാം പ്രസംഗിക്കുന്ന യേശുവിനെ വിശ്വസിക്കുകയില്ലെന്ന് പൗലൊസ് ചൂണ്ടിക്കാണിക്കുന്നു. ദൈവം സ്‌നേഹമാണെന്നു പൊതുവേദികളില്‍ പ്രസംഗിക്കുകയും അതോടൊപ്പംതന്നെ സഹോദരനെതിരേ വ്യവഹരിക്കുകയും അവന്റെ രക്തത്തിനായി ദാഹിക്കുകയും ചെയ്യുന്നവര്‍ക്ക് യേശുവിന്റെ ശിഷ്യന്മാരായി യേശുവിങ്കലേക്ക് ആരെയും നേടുവാന്‍ കഴിയുകയില്ല.
ദൈവപൈതലേ! നീ പ്രാര്‍ത്ഥിക്കുന്നു... ഉപവസിക്കുന്നു... അനേകരെ ഉപദേശിക്കുന്നു... എന്നിട്ടും യേശുവിനായി ആത്മാക്കളെ നേടുവാന്‍ കഴിയുന്നില്ലയോ? എങ്കില്‍ യേശുവിന്റെ സ്‌നേഹവും ദീര്‍ഘക്ഷമയും ത്യാഗവും സൗമ്യതയും തീക്ഷ്ണതയും നിന്നിലുണ്ടോ എന്നു സ്വയം പരിശോധിക്കുമോ? പരിശുദ്ധാത്മാവില്‍ നിറയുക മാത്രമല്ല അനുദിന ജീവിതത്തിന്റെ ഓരോ നിമിഷവും പരിശുദ്ധാത്മഫലങ്ങള്‍ നിന്നില്‍ പൊട്ടിവിരിയട്ടെ. അപ്പോള്‍ നീ അനേകരെ കര്‍ത്താവിങ്കലേക്ക് ആകര്‍ഷിക്കുന്ന കാന്തമായിത്തീരും.
അനുസരണത്താല്‍ വിശ്വാസത്താല്‍
ശുശ്രൂഷകരായ് തീരാന്‍
സഹിഷ്ണുതയാലും സ്‌നേഹത്താലും
പാരില്‍നിന്നൊളി വീശാന്‍... ശിഷ്യരാക്കി...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com