അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 328 ദിവസം

മനുഷ്യന്റെ ബലഹീനമായ അവസ്ഥ മനസ്സിലാക്കി ആ ദുര്‍ബ്ബല നിമിഷങ്ങളില്‍ അവനെ തകര്‍ക്കുവാന്‍ പിശാച് ആവോളം ശ്രമിക്കാറുണ്ട്. നാല്പതു രാവും നാല്പതു പകലും ഉപവസിച്ച കര്‍ത്താവിനു വിശന്നതായി തിരുവചനം രേഖപ്പെടുത്തിയിരിക്കുന്നു. കര്‍ത്താവിന്റെ വിശപ്പിനെക്കുറിച്ച് സാത്താനും നല്ലതുപോലെ അറിയാമായിരുന്നു. അതുകൊണ്ട് കര്‍ത്താവിനു വിശപ്പുണ്ടോ എന്നു ചോദിക്കാതെ കര്‍ത്താവിന്റെ ആ ബലഹീനമായ അവസ്ഥയില്‍, അതിനുള്ള പരിഹാരത്തിലൂടെ കര്‍ത്താവിനെ വീഴ്ത്തുവാനാണ് അവന്‍ ശ്രമിച്ചത്. വിശക്കുന്ന ഒരുവന്‍ ഭക്ഷണം കഴിക്കുന്നതു പാപമല്ല. പ്രത്യേകിച്ച് നാല്പതു ദിനരാത്രങ്ങള്‍ ഉപവസിച്ച് ക്ഷീണിതനായ ഒരു വ്യക്തി വിജനമായ ആ മരുഭൂമിയില്‍നിന്നു ദീര്‍ഘദൂരം യാത്ര ചെയ്ത് പട്ടണത്തിലെത്തി ഭക്ഷണം കഴിക്കുവാനും ബുദ്ധിമുട്ടാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ തന്റെ മുമ്പില്‍ നിരന്നു കിടക്കുന്ന വെള്ളാരംകല്ലുകളെ അപ്പമാക്കിത്തീര്‍ത്ത് ഭക്ഷിക്കുവാന്‍ ആവശ്യപ്പെടുന്ന സാത്താന്‍, കര്‍ത്താവ് ദൈവപുത്രനാണെന്ന് ഒരു അത്ഭുതത്തിലൂടെ തെളിയിക്കുവാന്‍ കര്‍ത്താവിനെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. സ്വന്തം ആവശ്യങ്ങളുടെ മുമ്പില്‍ തന്റെ ശക്തി ഉപയുക്തമാക്കുവാന്‍ വെല്ലുവിളിക്കുന്ന സാത്താനെ ''മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായില്‍നിന്നു വരുന്ന സകല വചനങ്ങള്‍കൊണ്ടും ജീവിക്കുന്നു'' (മത്തായി  4 : 4) എന്ന തിരുവചനം ഉദ്ധരിച്ച് കര്‍ത്താവ് തോല്പിക്കുന്നു. ദൈവത്തിന്റെ അത്യുന്നതമായ കൃപകള്‍ സ്വാര്‍ത്ഥലാഭങ്ങള്‍ക്കോ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ വേണ്ടിയല്ല ഉപയുക്തമാക്കേണ്ടതെന്ന് കര്‍ത്താവ് വ്യക്തമാക്കുന്നു. 

                      ദൈവത്തിന്റെ പൈതലേ! നീ ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ നിന്റെ ശാരീരിക ക്ഷീണത്തെയും ബലഹീനതകളെയുംകുറിച്ച് അറിയാവുന്ന സാത്താന്‍ അവയെ പെരുപ്പിച്ചുകാട്ടും. നിന്റെ ശാരീരിക ആവശ്യങ്ങളെക്കുറിച്ച് ഉല്‍ക്കണ്ഠ സൃഷ്ടിച്ച് അവന്റേതായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ച് ദൈവത്തിന്റെ കൃപയില്‍ നിന്ന് നിന്നെ വീഴ്ത്തുവാന്‍ ശ്രമിക്കും. അങ്ങനെയുള്ള സാത്താന്റെ പ്രേരണകളില്‍ നീ വീണുപോയിട്ടുണ്ടോ? സാത്താന്‍ ന്യായവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവ വചനാനുസരണമാണോ എന്നു നീ പരിശോധിക്കുമോ? കര്‍ത്താവ് വചനമാകുന്ന വാള്‍കൊണ്ടാണ് അവന്റെ തന്ത്രത്തെ തകര്‍ത്തതെന്ന് നീ ഓര്‍ക്കുമോ? 

പരീക്ഷകന്റെ പടയണികള്‍

അണിയണിയായ് വന്നീടും

പരീക്ഷ ജയിച്ച കര്‍ത്താവ്

വിജയം നല്‍കി കാത്തിടും                    ലോകത്തിനറ്റത്തോളം...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com