അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നു എന്ന് വിശ്വസിക്കുന്ന അനേക സഹോദരങ്ങളുടെ സംസാരങ്ങള്‍, ശ്രോതാക്കളെ കര്‍ത്താവിങ്കലേക്കു ആകര്‍ഷിക്കുന്നവയോ, തങ്ങള്‍ ദൈവകൃപയില്‍ ജീവിക്കുന്നവരാണെന്നു മറ്റുള്ളവര്‍ക്കു ബോദ്ധ്യം വരുത്തുന്നതോ അല്ല. അപ്പൊസ്തലനായ പൗലൊസ് കൊലൊസ്സ്യസഭയിലെ വിശ്വാസികളോട് നിങ്ങളുടെ വാക്കുകള്‍ എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാല്‍ രുചിവരുത്തിയതും ആയിരിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുന്നു. ''നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു'' (മത്തായി 5 : 13) എന്ന് കര്‍ത്താവ് തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തത് ഉപ്പിന്റെ ഗുണഗണങ്ങളെ കണക്കിലെടുത്താണ്. അവയില്‍ പ്രധാനമായിട്ടുള്ളത് അതു ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് രുചിവരുത്തുന്നുവെന്നതാണ്. എന്നാല്‍ വ്യത്യസ്തങ്ങളായ വിഭവങ്ങള്‍ പാകം ചെയ്യുമ്പോള്‍ ഉപ്പ് ഒരേ അളവിലല്ല ചേര്‍ക്കപ്പെടുന്നത്. പ്രത്യുത, ഓരോന്നിന്റെയും സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ അളവില്‍ ഉപ്പ് ചേര്‍ക്കപ്പെടുന്നു. ദൈവകൃപയില്‍ ജീവിക്കുന്ന ഒരു ദൈവപൈതലിന്റെ സംസാരം ഓരോരുത്തരുടെയും സ്വഭാവമനുസരിച്ചും, ആവശ്യാനുസരണം കര്‍ത്താവിന്റെ ആശ്വാസവും പ്രത്യാശയും സമാധാനവും സന്തോഷവും നല്‍കി രുചിവരുത്തുന്നതും ആയിരിക്കണം. ദൈവത്തെ രുചിച്ചറിയുന്ന പല സഹോദരങ്ങളുടെയും മാറ്റങ്ങള്‍ സമൂഹത്തിന് മനസ്സിലാക്കുവാന്‍ കഴിയാത്തത് അവരുടെ വായില്‍ന്നു പുറപ്പെടുന്ന പഴയ മനുഷ്യന്റെ ഭാഷ നിമിത്തമാണ്. ആ രീതിയിലുള്ള, കൃപയോടുകൂടിയ സംസാരങ്ങള്‍ക്കു മാത്രമേ വ്യക്തികളെ കര്‍ത്താവിങ്കലേക്കു ആകര്‍ഷിക്കുവാന്‍ കഴിയുകയുള്ളു. കുടുംബജീവിതത്തിലും ആത്മീയജീവിതത്തിലുമെല്ലാം അനേകര്‍ക്ക് തങ്ങള്‍ പ്രാപിച്ച കൃപ നഷ്ടപ്പെടുവാനുള്ള കാരണങ്ങളുടെ തുടക്കം വായില്‍നിന്നു പുറപ്പെടുന്ന കൃപയില്ലാത്ത വാക്കുകളാണ്. കോപത്തിലും ക്രോധത്തിലും കൃപയില്ലാതെ ഉച്ചരിക്കുന്ന വാക്കുകളോരോന്നും തിരിച്ചെടുക്കുവാന്‍ കഴിയാതെ നാം പ്രാപിച്ച പരിശുദ്ധാത്മശക്തിയെ ചോര്‍ത്തിക്കളയും.
ദൈവത്തിന്റെ പൈതലേ! നിന്റെ വായിലെ വാക്കുകള്‍ കൃപയോടുകൂടിയതും ഉപ്പിനാല്‍ രുചിവരുത്തിയതുമാണോ എന്ന് ഈ അവസരത്തില്‍ നീ ചിന്തിക്കുമോ? നിന്റെ കുടുംബജീവിതത്തിലും ആത്മീയ ശുശ്രൂഷകളിലുമൊക്കെ നിന്നില്‍ നിന്നു പുറപ്പെടുന്ന വാക്കുകള്‍ മറ്റുള്ളവരെ വേദനിപ്പിക്കുകയും ക്രിസ്തുവില്‍നിന്ന് അകറ്റുകയും ചെയ്യുന്നവയാണോ? നിന്റെ സാക്ഷ്യത്തിന് മാറ്റുകൂട്ടുന്നത് കൃപയോടുകൂടിയ നിന്റെ സംസാരമാണെന്ന് നീ ഓര്‍ക്കുമോ?
വന്‍കൃപകള്‍ നല്‍കണം സാക്ഷ്യമായ് പോകുവാന്‍
ഭൂതലത്തിലൊക്കെയും യേശുവിനെ കാട്ടുവാന്‍ ആത്മമാരി...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com