അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 325 ദിവസം

ആരാധനകളിലും പ്രാര്‍ത്ഥനാ ശുശ്രൂഷകളിലുമൊക്കെ മുടക്കം കൂടാതെ പങ്കെടുക്കുന്നതുകൊണ്ട് പരിശുദ്ധാത്മാവിനെ മറുത്തുനില്‍ക്കുന്നില്ലെന്നു പല സഹോദരങ്ങളും ചിന്തിക്കാറുണ്ട്. പരിച്ഛേദനയേറ്റവരും, ദൈവത്തിന്റെ ജനമെന്ന് അഭിമാനിക്കുന്നവരുമായ യെഹൂദന്മാരോട് അവര്‍ ശാഠ്യക്കാരും ഹൃദയത്തിനും ചെവിക്കും പരിച്ഛേദനയില്ലാതെ പരിശുദ്ധാത്മാവിനോട് മറുത്തു നില്‍ക്കുന്നവരുമാണെന്ന് സ്‌തെഫാനൊസ് ചൂണ്ടിക്കാണിക്കുന്നു. യേശുക്രിസ്തു അവരുടെ നടുവിലേക്കു വന്നിട്ടും, ഉയിര്‍ത്തെഴുന്നേറ്റു ദൈവപുത്രനെന്നു തെളിയിച്ചിട്ടും അത് അംഗീകരിക്കുവാന്‍ കൂട്ടാക്കാത്ത അവര്‍, ശാഠ്യത്താല്‍ മുമ്പോട്ടു പോകുന്നവരാണ്. പരിച്ഛേദനയേറ്റ് ദൈവജനമെന്നഭിമാനിക്കുന്ന അവരുടെ ഹൃദയത്തിന് യാതൊരു പരിച്ഛേദനയുമില്ലെന്ന് അവരുടെ ഹൃദയത്തിന്റെ ദുഷ്ടതയ്ക്കുനേരേ വിരല്‍ചൂണ്ടുന്ന സ്‌തെഫാനൊസ് കുറ്റപ്പെടുത്തുന്നു. അവരുടെ ചെവിക്കും പരിച്ഛേദനയില്ല. കേള്‍ക്കരുതാത്തതു കേള്‍ക്കുവാനായി ചെവി ചായ്ക്കുന്നതും പരിശുദ്ധാത്മാവിന്റെ ശബ്ദം കേള്‍ക്കാതിരിക്കുന്നതും ചെവിയുടെ പരിച്ഛേദനയില്ലാത്ത അവസ്ഥ വിളിച്ചറിയിക്കുന്നു. പരിച്ഛേദനയിലൂടെ ദൈവജനമായിത്തീര്‍ന്നുവെന്ന് അഭിമാനിക്കുന്ന യെഹൂദന്മാര്‍ ശാഠ്യവും ദുഷ്ടതയും നിറഞ്ഞ ഹൃദയത്തോടെ, കര്‍ത്താവിനെ അംഗീകരിക്കുവാനും അനുസരിക്കുവാനും വിസമ്മതിക്കുമ്പോള്‍ അവരുടെ ഹൃദയത്തിനും ചെവിക്കും പരിച്ഛേദന ഇല്ലെന്നും അവര്‍ പരിശുദ്ധാത്മാവിനോടാണ് മറുത്തുനില്‍ക്കുന്നതെന്നും സ്‌തെഫാനൊസ് കുറ്റപ്പെടുത്തുന്നു. അതുകൊണ്ടാണ് ''അകമേ യെഹൂദനായവനത്രേ യെഹൂദന്‍; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന'' (റോമര്‍  2 : 29) എന്ന് പൗലൊസ് ഉദ്‌ബോധിപ്പിക്കുന്നത്. 

                           സഹോദരാ! സഹോദരീ! ബാഹ്യമായ ചില ചടങ്ങുകള്‍കൊണ്ടോ അനുഷ്ഠാനങ്ങള്‍കൊണ്ടോ ദൈവത്തിന്റെ പൈതലായിത്തീരാമെന്ന് കരുതിയാണോ നീ മുമ്പോട്ടു പോകുന്നത്? ആന്തരികമായ രൂപാന്തരമില്ലാതെ, നിര്‍മ്മലമായ ഹൃദയം നിന്നിലില്ലാതെ, അനുസരിക്കുവാന്‍ കഴിയുന്ന മനസ്സില്ലാതെയാണു നീ മുമ്പോട്ടു പോകുന്നതെങ്കില്‍ നീ പരിശുദ്ധാത്മാവിനോടു മറുത്തുനില്‍ക്കുകയാണെന്ന് ഓര്‍ക്കുമോ? നിന്റെ ഹൃദയത്തിനും ചെവിക്കും പരിച്ഛേദന ആവശ്യമുണ്ടെന്ന് നീ മനസ്സിലാക്കുമോ? 

അശുദ്ധതയകറ്റുവാന്‍ താതാ

വിശുദ്ധിയില്‍ വളരുവാന്‍ നാഥാ 

നിന്‍ പുണ്യ രക്തത്താല്‍ 

ഏഴയെ കഴുകണമേ                     യേശുവേ...

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com