അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

സര്‍വ്വചരാചരങ്ങളെയും സൃഷ്ടിച്ച സര്‍വ്വശക്തനായ ദൈവം ഒരുവന്റെ സര്‍വ്വ പാപങ്ങളും കാണുന്നുവെന്ന് മനുഷ്യന്‍ ഓര്‍ക്കാറില്ല. പല പാപങ്ങളും മനുഷ്യരില്‍നിന്നു മറയ്ക്കുന്നതുപോലെ ദൈവത്തില്‍നിന്നും മറയ്ക്കാമെന്നാണ് അവന്‍ ചിന്തിക്കുന്നത്. പകലിന്റെ വെളിച്ചത്തിലും നിശയുടെ നിശബ്ദമായ കൂരിരുട്ടിലും മനുഷ്യന്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ദൈവത്തിന്റെ മുമ്പില്‍ നഗ്‌നവും ഗോചരവുമാണ്. എന്തെന്നാല്‍ ''യിസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല'' (സങ്കീര്‍ത്തനങ്ങള്‍ 121 : 4) എന്ന് സങ്കീര്‍ത്തനക്കാരന്‍ സാക്ഷിക്കുന്നു. ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വലുതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്‌പ്പോഴും ദോഷമുള്ളതത്രെയെന്നും യഹോവ കണ്ടപ്പോള്‍ മനുഷ്യനെ ഉണ്ടാക്കിയതില്‍ ദു:ഖിച്ച് അവനെ ഭൂമിയില്‍നിന്നും നശിപ്പിച്ചുകളയും എന്നരുളിച്ചെയ്തു. എന്നാല്‍ മനുഷ്യന്റെ ദുഷ്ടതയും അവന്റെ ദോഷം നിറഞ്ഞ ഹൃദയനിരൂപണങ്ങളും കണ്ടു എന്നരുളിച്ചെയ്യുന്ന ദൈവംതന്നെ, മനുഷ്യന്‍ ഉപവസിച്ച്, പ്രാര്‍ത്ഥനയോടെ അവന്റെ പാപങ്ങളെക്കുറിച്ച് അനുതപിച്ച്, അവന്റെ ദുര്‍മ്മാര്‍ഗ്ഗങ്ങള്‍ വിട്ടുതിരിയുന്നത് അവന്റെ പ്രവൃത്തികളാല്‍ കാണുമ്പോള്‍, ദൈവം അവരുടെ പാപങ്ങള്‍ നിമിത്തം വരുത്തുമെന്നു പറഞ്ഞ അനര്‍ത്ഥങ്ങള്‍ വരുത്തിയില്ല എന്ന് നീനെവേയുടെ അനുഭവം ചൂണ്ടിക്കാണിക്കുന്നു. (യോനാ 3 : 10). നമ്മുടെ സകല പ്രവൃത്തികളും കാണുന്ന ദൈവം, നമ്മുടെ പാപങ്ങളും ദുഷ്ടതകളും നമ്മെ ചൂണ്ടിക്കാണിക്കുമ്പോള്‍, നമ്മുടെ പ്രതികരണം സസൂക്ഷ്മം വീക്ഷിക്കുന്നു. നീനെവേനിവാസികള്‍ തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിച്ച്, ഉപവസിച്ച്, പഴയ ജീവിതരീതികളെ ഉപേക്ഷിച്ച് പുതിയ സൃഷ്ടികളായി അവരുടെ ജീവിതങ്ങളെ ദൈവത്തിനു പ്രസാദമുള്ളതാക്കിത്തീര്‍ത്തപ്പോഴാണ് ദൈവം അവരെ ശിക്ഷിക്കാതിരുന്നത് എന്ന് ഉപവസിക്കുന്ന ദൈവജനം മനസ്സിലാക്കേണ്ടതാണ്.
സഹോദരാ! സഹോദരീ! നിന്റെ സകല പ്രവൃത്തികളും കാണുന്ന ദൈവം നിന്റെ അനുതാപവും ഉപവാസവും മാത്രമല്ല കാണുന്നത് എന്നു നീ മനസ്സിലാക്കുമോ? ഉപവാസം കഴിഞ്ഞുള്ള നിന്റെ ജീവിതം അവന്‍ നോക്കി കാണുന്നു എന്നു നീ ഓര്‍ക്കുമോ? അതനുസരിച്ചാണ് അവന്‍ നിന്റെ പ്രാര്‍ത്ഥനകളില്‍ പ്രതികരിക്കുന്നതെന്നു നീ മനസ്സിലാക്കുമോ?
ക്രിസ്തുവിലായ് നീ ഇന്നൊരു
പുതുസൃഷ്ടിയായി തീരണം
പരിശുദ്ധാത്മാവാല്‍ നീ
യേശുവിന്‍ സാക്ഷിയാകണം ആശ്വാസമേശു...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com