അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 323 ദിവസം

സ്ഥാനമാനങ്ങള്‍ നേടുവാനായി ദൈവത്തെ മറന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ക്രൈസ്തവ സമൂഹങ്ങളില്‍ ഏറെയാണ്. ദൈവത്തിന്റെ മഹത്തായ ശുശ്രൂഷയില്‍ ഒരുവനെ ഉയര്‍ത്തേണ്ടതും വലിയവനാക്കേണ്ടതും ദൈവമാണെന്നും, ദൈവത്തെ കൂടാതെ സ്വന്തമായി കെട്ടിച്ചമയ്ക്കുന്ന സ്ഥാനങ്ങളും വെട്ടിപ്പിടിക്കുന്ന അധികാരങ്ങളും ദൈവത്തിന്റെ സന്നിധിയില്‍ ശൂന്യമാണെന്നും ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല. സര്‍വ്വശക്തനായ ദൈവത്തിന്റെ ശുശ്രൂഷകളില്‍ വലിയവരാകുവാന്‍ പണത്തിന്റെ സ്വാധീനത്തിലൂടെയും പത്രപരസ്യങ്ങളിലൂടെയും ജനാധിപത്യ വോട്ടെടുപ്പിലൂടെയും അനേകര്‍ വളര്‍ന്നു വലുതായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ സര്‍വ്വശക്തനായ ദൈവം വലിയവനാക്കുന്നവന്‍ മാത്രമാണ് സ്വര്‍ഗ്ഗത്തിലും ഭൂമിയിലും വലിയവനാകുന്നതെന്ന് തന്റെ ജനത്തിന്റെ നായകനായി യോശുവയെ തിരഞ്ഞെടുത്ത് എല്ലാ യിസ്രായേലിന്റെയും മുമ്പില്‍ ദൈവം അവനെ വലിയവനാക്കിയ സംഭവം ആധുനിക ക്രൈസ്തവ സമൂഹത്തിലെ ഇടയന്മാരും ശ്രേഷ്ഠഇടയന്മാരും നേതാക്കന്മാരും മനസ്സിലാക്കേണ്ട അതിമഹത്തായ സത്യമാണ്. മോശെയുടെ മരണത്തെ തുടര്‍ന്ന് യിസ്രായേല്‍ജനത്തിന്റെ നായകത്വം വഹിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട യോശുവയോട് ഉറപ്പും ധൈര്യവുമുള്ളവനായി തന്റെ ജനത്തെ യോര്‍ദ്ദാന്‍നദി കടത്തി കനാനിലേക്കു നയിക്കുവാന്‍ യഹോവ കല്പിച്ചു. ലക്ഷക്കണക്കിന് ജനങ്ങളുമായി താന്‍ എങ്ങനെ കരകവിഞ്ഞൊഴുകുന്ന യോര്‍ദ്ദാന്‍ കടക്കുമെന്ന് ദൈവത്തോടു ചോദിക്കാതെ, ''മോശെയോടു കൂടെയിരുന്നതുപോലെ ഞാന്‍ നിന്നോടും കൂടെയിരിക്കും'' എന്നു തന്നോടു വാക്കു പറഞ്ഞ ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട്, യോശുവ ദൈവം കല്പിച്ചതനുസരിച്ച് യിസ്രായേല്‍മക്കളെ യോര്‍ദ്ദാന്‍ പിളര്‍ന്ന് മുമ്പോട്ടു നയിച്ചു. സമ്പൂര്‍ണ്ണമായി തന്നില്‍ വിശ്വാസമര്‍പ്പിച്ച യോശുവയെ ''അന്ന് യഹോവ എല്ലാ യിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി.'' 

                   സഹോദരാ! സഹോദരീ! നിന്റെ ഇടവകയിലും നീ പങ്കെടുക്കുന്ന ക്രൈസ്തവ ശുശ്രൂഷകളിലും ലൗകിക സ്വാധീനങ്ങള്‍ ഉപയോഗിച്ച് സ്ഥാനമാനങ്ങള്‍ നേടുവാന്‍ നീ ശ്രമിക്കാറുണ്ടോ? ദൈവത്തിന്റെ വേലയില്‍ നീ സ്വയം വലിയവനാകുവാന്‍ ശ്രമിക്കാതെ നിന്നെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുമോ? ദൈവം നിന്നെ ഉയര്‍ത്തുമ്പോള്‍ നീ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും വലിയവനായിത്തീരുമെന്നു ഓര്‍മ്മിക്കുമോ? 

നാള്‍തോറും നല്‍കീടും

നന്മകള്‍ക്കായേശുവേ വന്ദിച്ചീടുന്നു

എണ്ണമില്ലാ നന്മകളാല്‍

നയിച്ചീടുമേശുവേ സ്തുതിച്ചിടുന്നു

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com