അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 321 ദിവസം

കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുവാനിറങ്ങിത്തിരിക്കുന്ന അനേക സഹോദരങ്ങള്‍ പ്രസംഗങ്ങളും സാക്ഷ്യങ്ങളും കൂട്ടായ്മകളും ആരാധനകളും മാത്രമാണ് കര്‍ത്താവിന്റെ വേലയെന്നു ചിന്തിക്കാറുണ്ട്. കര്‍ത്താവിന്റെ കാരുണ്യവും കരുതലും മനസ്സലിവും മറ്റുള്ളവര്‍ക്ക് തങ്ങളുടെ പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കുവാന്‍ പലര്‍ക്കും കഴിയുന്നില്ല. സ്‌നേഹമാകുന്ന കര്‍ത്താവിന്റെ കാരുണ്യവും കരുതലും അനുകമ്പയും നല്ല ശമര്യാക്കാരന്റെ ഉപമയിലൂടെ കര്‍ത്താവ് പഠിപ്പിക്കുന്നു. യെരൂശലേമില്‍നിന്ന് യെരീഹോവിലേക്കു യാത്ര ചെയ്തിരുന്ന ഒരുവന്‍ കൊള്ളക്കാരുടെ ആക്രമണത്തിനു വിധേയനായി വഴിയരികില്‍ കിടന്നപ്പോള്‍ അതുവഴി കടന്നുപോയ പുരോഹിതനും ലേവ്യനും ആ ഹതഭാഗ്യനെ കണ്ടതായി ഭാവിക്കാതെ കടന്നുപോയി. ദൈവത്തിന്റെ ആലയത്തിലെ ആരാധനയോടുള്ള ശുഷ്‌കാന്തിയില്‍ പുരോഹിതനും ലേവ്യനും ദൈവം സ്‌നേഹമാകുന്നു എന്നതു മറന്നു മുമ്പോട്ടുപോയി. പിന്നീട് അതുവഴി വന്ന ശമര്യാക്കാരന്‍ അര്‍ദ്ധപ്രാണനായി കിടന്ന ആ മനുഷ്യന്റെ മുറിവുകള്‍ കെട്ടി എണ്ണയും വീഞ്ഞും പകര്‍ന്ന് അവനെ വഴിയമ്പലത്തിലെത്തിച്ചു. അടുത്ത പ്രഭാതത്തില്‍ രണ്ടു വെള്ളിക്കാശ് വഴിയമ്പലക്കാരനു കൊടുക്കുകയും അവനോട് ''ഇവനെ ശുശ്രൂഷിക്കണം; കൂടുതലായി എന്തെങ്കിലും ചെലവായാല്‍ ഞാന്‍ മടങ്ങിവരുമ്പോള്‍ തന്നുകൊള്ളാം'' എന്ന് ഉറപ്പുനല്‍കുകയും ചെയ്തശേഷം ആ ശമര്യാക്കാരന്‍ കടന്നുപോയി. സഹായം ചെയ്തു എന്നു വരുത്തിത്തീര്‍ക്കുവാനല്ല, പ്രത്യുത അവന്‍ പൂര്‍ണ്ണ സൗഖ്യം പ്രാപിക്കണമെന്ന് ശമര്യാക്കാരന്‍ ആഗ്രഹിച്ചു. അതിനുവേണ്ടി കഷ്ടങ്ങളും നഷ്ടങ്ങളും സഹിക്കുവാന്‍ അവന്‍ തയ്യാറായി. ദൈവത്തിന്റെ വേലയ്ക്കായി വേര്‍തിരിക്കപ്പെട്ട പുരോഹിതനും ലേവ്യനും പകരുവാന്‍ കഴിയാതിരുന്ന സ്‌നേഹവും കാരുണ്യവും ദൈവത്തെ ആരാധിക്കാത്ത ശമര്യാക്കാരന്‍ ചൊരിഞ്ഞതായി കര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നു. 

                         സഹോദരാ! സഹോദരീ! ദൈവഭയത്തിലും ഭക്തിയിലും ജീവിക്കുന്നു എന്നഭിമാനിക്കുന്ന നിനക്ക് ദൈവത്തിന്റെ സ്‌നേഹവും കാരുണ്യവും ചൊരിയുവാന്‍ കഴിഞ്ഞിട്ടുണ്ടോ? അതിനു കഴിയണമെങ്കില്‍ ശമര്യാക്കാരനെപ്പോലെ ത്യാഗം സഹിക്കുവാനും നഷ്ടങ്ങള്‍ വഹിക്കുവാനും നീ തയ്യാറാകണമെന്നോര്‍ക്കുമോ? നീ തയ്യാറാകുമെങ്കില്‍ നിന്റെ പ്രവൃത്തിയിലൂടെ യേശുവിനെ കാണിച്ചുകൊടുക്കുവാന്‍ നിനക്കു് കഴിയുമെന്ന് നീ മനസ്സിലാക്കുമോ? 

യേശുവിന്‍ സൗഖ്യം നല്‍കീടാം നാം

യേശുവിന്‍ സാന്ത്വനം പകര്‍ന്നീടാം

സര്‍വ്വ രോഗികള്‍ക്കും സര്‍വ്വം തകര്‍ന്നവര്‍ക്കും

യേശുവിന്‍ ശക്തിയെ കാട്ടീടാം                                       പോയിടാം...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com