അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 320 ദിവസം

ജീവിതത്തില്‍ മറ്റെല്ലാറ്റിനെക്കാളും ഉപരിയായി യേശുവിനെ സ്‌നേഹിക്കുന്നുവെന്ന് നമ്മില്‍ അനേകര്‍ അവകാശപ്പെടാറുണ്ട്. എന്നാല്‍ പ്രതിസന്ധികളുടെ താഴ്‌വാരങ്ങളിലൂടെ യാനം ചെയ്യുമ്പോഴാണ് യേശുവിനോടുള്ള നമ്മുടെ സ്‌നേഹത്തിന്റെ മാറ്റ് ഉരയ്ക്കപ്പെടുന്നത്. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് തന്റെ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടുവെങ്കിലും എപ്പോഴും അവരോടൊപ്പം ഉണ്ടായിരുന്നില്ല. കര്‍ത്താവിന്റെ ശിഷ്യന്മാരായതിനാല്‍ അവരും കര്‍ത്താവിനെ ക്രൂശിച്ച സമൂഹത്തിന്റെ നോട്ടപ്പുള്ളികളായിരുന്നു. അങ്ങനെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ശിഷ്യന്മാരെ അലട്ടിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ അവര്‍ ഒരുമിച്ചുകൂടിയിരുന്നപ്പോഴാണ് താന്‍ മീന്‍പിടിക്കുവാന്‍ പോകുന്നുവെന്ന് പത്രൊസ് അവരെ അറിയിച്ചത്. പത്രൊസിനോടൊപ്പം മറ്റ് ആറു ശിഷ്യന്മാര്‍കൂടി പോകുവാന്‍ തയ്യാറായി. രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടാതെ ക്ഷീണിച്ച അവരെത്തേടി തിബെര്യാസ് കടല്‍ക്കരയില്‍ ചെന്ന കര്‍ത്താവ് ''പടകിന്റെ വലതുഭാഗത്ത് വല വീശുവിന്‍'' എന്നു കല്പിച്ചു. നൂറ്റി അമ്പത്തിമൂന്നു വലിയ മീനുമായി കരയ്‌ക്കെത്തിയപ്പോള്‍ അവര്‍ കണ്ടത് തീക്കനലിന്മേല്‍ അപ്പവും മീനുംവച്ച് അവര്‍ക്കു പ്രാതല്‍ ഒരുക്കി കാത്തുനില്‍ക്കുന്ന കര്‍ത്താവിനെയാണ്. തനിക്കുവേണ്ടി തടവിലാകുവാനും മരിക്കുവാനും തയ്യാറാണെന്നു പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തള്ളിപ്പറയുകയും പിന്നീട് താന്‍ ഉയിര്‍ത്തെഴുന്നേറ്റ് പ്രത്യക്ഷപ്പെട്ടശേഷവും മറ്റു ശിഷ്യന്മാരെയും കൂട്ടി വലയും പടകുമായി കടലിലേക്കു പോകുകയും ചെയ്ത പത്രൊസിനോട് കര്‍ത്താവിനു ചോദിക്കുവാന്‍ ഒരു ചോദ്യം മാത്രമാണുണ്ടായിരുന്നത്. ''ഈ പടകിനെക്കാളും വലയെക്കാളും ഇപ്പോള്‍ പിടിച്ച മീനിനെക്കാളുമെല്ലാം അധികമായി നീ എന്നെ സ്‌നേഹിക്കുന്നുവോ?'' താന്‍ തള്ളിപ്പറഞ്ഞിട്ടും തന്നെ തേടിവന്ന യേശുവിനെ ആ നിമിഷംമുതല്‍ പത്രൊസ് ജീവിതത്തില്‍ മറ്റ് എല്ലാറ്റിനെക്കാളും ഉപരിയായി സ്‌നേഹിച്ചു. അവന്‍ യേശുവിനുവേണ്ടി കൊടുങ്കാറ്റായി പ്രവര്‍ത്തിച്ചു. യേശുവിനുവേണ്ടി ജീവന്‍ വച്ചു... 

                     ദൈവത്തിന്റെ പൈതലേ! നിന്റെ ജീവിതത്തിലെ മറ്റെല്ലാറ്റിനെക്കാളും ഉപരിയായി യേശുവിനെ സ്‌നേഹിക്കുവാന്‍ നിനക്കു കഴിഞ്ഞിട്ടുണ്ടോ? തിബെര്യാസ് കടല്‍ക്കരയില്‍ പത്രൊസിനെ തേടിച്ചെന്ന സ്‌നേഹം ഈ അവസരത്തില്‍ നിന്നെയും തേടിവരുന്നു. ഇവയിലധികമായി എന്നെ സ്‌നേഹിക്കുന്നുവോ എന്ന ചോദ്യത്തിന് നീ മറുപടി നല്‍കുമോ? 

സ്‌നേഹമാം ദൈവത്തിന്‍ ഏകജാതനാം 

യേശുവിന്‍ സ്‌നേഹത്തെ നീ മറന്നുവോ

യേശുവിന്‍... യേശുവിന്‍... 

രക്തം നിന്നെ വീണ്ടെടുത്തതോര്‍ക്കുമോ                   കാല്‍വറിയില്‍....

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com