അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 319 ദിവസം

ഭൗതിക ലാഭങ്ങള്‍ക്കായുള്ള വ്യാമോഹങ്ങളില്‍ വീണ് ദൈവകൃപ നഷ്ടമാക്കി ദൈവകോപത്തില്‍ തകര്‍ന്നുപോയ അനേകരെ തിരുവചനത്തില്‍ കാണുവാന്‍ കഴിയുന്നു. ദൈവത്തിനു ഹിതകരമല്ലെന്നു മനസ്സിലാക്കിയാലും തങ്ങളുടെ സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി ദൈവഹിതത്തിനെതിരായി പ്രവര്‍ത്തിക്കുവാന്‍ മനുഷ്യന്‍ മടിക്കാറില്ല. കനാനിലേക്കുള്ള യാത്രയില്‍ മോവാബ്‌സമഭൂമിയില്‍ പാളയമിറങ്ങിയ യിസ്രായേല്‍മക്കളെ കണ്ട് പരിഭ്രമിച്ച മോവാബ്‌രാജാവായ ബാലാക്ക് അവരെ ശപിക്കുവാന്‍ ദൈവത്തിന്റെ പ്രവാചകനായ ബിലെയാമിന്റെ അടുത്തേക്ക് മോവാബ്യപ്രഭുക്കന്മാരെ അയച്ചു. അവര്‍ ബിലെയാമിന്റെ അടുത്തു ചെന്നപ്പോള്‍ ബിലെയാം ദൈവത്തോട് ആലോചന ചോദിച്ചു. ''നീ അവരോടുകൂടി പോകരുത്; ആ ജനത്തെ ശപിക്കുകയും അരുത്; അവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആകുന്നു'' എന്ന് യഹോവ അരുളിച്ചെയ്തതിനാല്‍ ബിലെയാം ''നിങ്ങളോടുകൂടി പോരുവാന്‍ യഹോവ എനിക്കു അനുവാദം തരുന്നില്ല'' എന്നു പറഞ്ഞ് മോവാബ്യപ്രഭുക്കന്മാരെ തിരിച്ചയച്ചു. അവര്‍ തിരികെ ചെന്നപ്പോള്‍ ബാലാക്ക് അവരിലും മാന്യന്മാരായ പ്രഭുക്കന്മാരെ ബിലെയാമിന്റെ അടുത്തേക്ക് അയച്ചു. ബിലെയാം അവരോടൊപ്പം ചെന്ന് യിസ്രായേല്‍മക്കളെ ശപിക്കുമെങ്കില്‍ ബാലാക്ക് അവനെ ഏറ്റവും ബഹുമാനിക്കുമെന്നും അവന്‍ പറയുന്നതൊക്കെയും ചെയ്യുമെന്നും പ്രഭുക്കന്മാര്‍ അറിയിച്ചപ്പോള്‍ അവന്റെ അത്യാഗ്രഹം നിമിത്തം വീണ്ടും യഹോവയോടു അരുളപ്പാടു ചോദിച്ചു. തുടര്‍ന്ന് അവരോടുകൂടെ പോകുവാന്‍ ബിലെയാമിനെ ദൈവം അനുവദിച്ചുവെങ്കിലും അത് ദൈവത്തിന്റെ കോപത്തെ ജ്വലിപ്പിച്ചു. ദൈവഹിതത്തിനെതിരേ മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയ ബിലെയാം തന്റെ യാത്രയ്ക്കു തടസ്സമായി ഊരിയ വാളുമായി നില്‍ക്കുന്ന ദൂതനെ കണ്ടിട്ടും തന്റെ കഴുത സംസാരിക്കുന്നതു കേട്ടിട്ടും യാത്ര തുടര്‍ന്നു. അവന്റെ അന്ത്യം അതിദാരുണമായിരുന്നു. മോവാബ്യരോടൊപ്പം അവനും കൊല്ലപ്പെട്ടു. 

                                   ദൈവത്തിന്റെ പൈതലേ! സ്വാര്‍ത്ഥലാഭങ്ങള്‍ക്കുവേണ്ടി ദൈവഹിതത്തിനെതിരായ മാര്‍ഗ്ഗങ്ങള്‍ നിന്റെ ജീവിതത്തില്‍ നീ സ്വീകരിക്കാറുണ്ടോ? ദൈവം നിനക്കു തന്നിരിക്കുന്ന കൃപകളെ നിന്റെ വ്യാമോഹങ്ങള്‍ നശിപ്പിക്കുമെന്ന് നീ ഓര്‍ക്കുമോ? ദൈവത്തിന്റെ മൗനം അനുവാദമെന്നു കരുതാതെ നിന്റെ വഴികള്‍ ഈ അവസരത്തില്‍ പരിശോധിക്കുമോ? 

പാപത്തിന്‍ പെരുവഴിയില്‍ നടന്ന

പാപിയാമേഴയെ തേടിവന്ന

യേശുവിന്‍ സ്‌നേഹം അനുപമ സ്‌നേഹം

മറക്കാത്ത നിത്യ സ്‌നേഹം                        മാറാത്ത സ്‌നേഹം...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com