അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവജനം നീതിയോടും ന്യായത്തോടും പ്രവര്‍ത്തിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. താന്‍ നീതിമാനായിരിക്കുന്നതുപോലെ തന്റെ ജനവും നീതിയില്‍ ജീവിക്കണമെന്ന് ദൈവം കല്പിച്ചിട്ടുണ്ട്. കാര്‍ഷിക വിളവുകള്‍ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിച്ചിരുന്ന പഴയനിയമ കാലഘട്ടത്തില്‍ അളവുകള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ടായിരുന്നു. ന്യായമായ അളവിനുള്ള ഉപകരണങ്ങളും ന്യായമായ തൂക്കങ്ങളും നിലവിലുള്ളപ്പോള്‍ അളവുകളിലും തൂക്കങ്ങളിലും കൃത്രിമം കാണിച്ച് ജനത്തെ കബളിപ്പിക്കുകയും നിയമം ലംഘിക്കുകയും ചെയ്യുന്ന തന്റെ ജനത്തിനു ദൈവം താക്കീതു നല്‍കുകയും അവരെ ശിക്ഷിക്കുകയും ചെയ്യുന്നതായി തിരുവചനം പഠിപ്പിക്കുന്നു. ''ദുഷ്ടന്റെ വീട്ടില്‍ ഇനിയും ദുഷ്ടതയുടെ നിക്ഷേപങ്ങളും ശാപകരമായ കള്ള അളവുകളും ഉണ്ടോ? കള്ളത്തുലാസും കള്ളത്തൂക്കങ്ങളുമുള്ളവനെ ഞാന്‍ നിര്‍മ്മലനായി ഗണിക്കുമോ?'' (മീഖാ 6 : 10, 11) എന്നുള്ള ദൈവത്തിന്റെ ചോദ്യം അന്യായമായി ധനം സമ്പാദിക്കുവാനും വര്‍ദ്ധിപ്പിക്കുവാനും പരിശ്രമിക്കുന്നവരെ ദൈവം എത്രമാത്രം വെറുക്കുന്നുവെന്നു ചൂണ്ടിക്കാണിക്കുന്നു. മാറിയ ജീവിതസാഹചര്യങ്ങളില്‍ ഇന്ന് തുലാസിനു പ്രസക്തിയില്ലായിരിക്കാം. പക്ഷേ ദൈവജനം നടത്തുന്ന ക്രയവിക്രയങ്ങള്‍ ദൈവത്തിന്റെ നീതിക്കും ന്യായത്തിനും ഒത്തവണ്ണമല്ലെങ്കില്‍ അത് ദൈവത്തിന്റെ കോപത്തെ ജ്വലിപ്പിക്കും. പണം കൂടുതല്‍ സമ്പാദിക്കുവാനായി അംഗീകൃത നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ഏതു പ്രവര്‍ത്തനമായാലും അതു വിശുദ്ധനായ ദൈവത്തിന്റെ സന്നിധിയില്‍ ദൈവജനത്തിന്റെ കരങ്ങള്‍ അശുദ്ധമാക്കും. കരിഞ്ചന്തയും കള്ളപ്പണവുമായി പണമിടപാടുകള്‍ നടത്തുമ്പോള്‍, അനൗദ്യോഗിക മേഖലകളില്‍ക്കൂടി പണം വിദേശത്തേക്കയച്ച് ലാഭങ്ങളുണ്ടാക്കുവാന്‍ ശ്രമിക്കുമ്പോള്‍, കൈക്കൂലികൊണ്ട് ആദായമുണ്ടാക്കുവാന്‍ ശ്രമിക്കുമ്പോള്‍ വിദേശരാജ്യങ്ങളുടെ കറന്‍സികള്‍ അനൗദ്യോഗികമായി വിനിമയം നടത്തുമ്പോഴൊക്കെയും നീതിക്കും നിയമത്തിനും വിരുദ്ധമായിരിക്കുന്ന കള്ളത്തുലാസിനെ വെറുക്കുന്ന ദൈവം അതിലേര്‍പ്പെട്ടിരിക്കുന്നവരെയും വെറുക്കും.
സഹോദരാ! സഹോദരീ! നിന്റെ ക്രയവിക്രയങ്ങളൊക്കെയും ദൈവസന്നിധിയില്‍ നീതിയുള്ളവയാണോ? അല്പ ലാഭത്തിനുവേണ്ടി നിന്റെ കരങ്ങള്‍ കള്ളപ്പണത്തെ പുല്കാറുണ്ടോ? ഇവയൊക്കെയും യഹോവയ്ക്കു വെറുപ്പാണെന്നു മനസ്സിലാക്കി അവയെ ഈ അവസരത്തില്‍ നീ ഉപേക്ഷിക്കുമോ?
സത്യത്തിന്‍ സാക്ഷിയായ് നീതി പ്രവര്‍ത്തിപ്പാന്‍
വന്‍കൃപയാലെന്നും നിന്‍ സ്‌നേഹമേകണമേ സ്‌നേഹമാം നിന്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com


