അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

മനുഷ്യന് തന്റെ വഴി തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം അവനെ സൃഷ്ടിച്ചനാള്‍മുതല്‍ അവനു നല്‍കിയിരുന്നു. മനുഷ്യനെ സൃഷ്ടിച്ചശേഷം ഏദെന്‍തോട്ടത്തില്‍ ആക്കിയ ദൈവം അവനോടു കല്പിച്ചത്, ''നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം ഭക്ഷിക്കരുത്; ഭക്ഷിക്കുന്ന ദിവസം നിശ്ചയമായും നീ മരിക്കും'' (ഉല്‍പത്തി 2 : 17) എന്നാണ്. ഹവ്വാ പാമ്പിന്റെ വാക്കു കേട്ട് ആ വൃക്ഷഫലം പറിച്ചു തിന്നുകയും അവളുടെ ഭര്‍ത്താവിനു കൊടുക്കുകയും ചെയ്തപ്പോള്‍, ആ വൃക്ഷഫലം തിന്നാലുണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയ ദൈവം അവളുടെ പ്രവൃത്തിയെ തടസ്സപ്പെടുത്തിയില്ല. ദൈവം വാഗ്ദത്തം ചെയ്ത കനാന്‍നാട്ടില്‍ യിസ്രായേല്‍മക്കളെ എത്തിച്ച യോശുവ തന്റെ അന്ത്യനാളുകളില്‍ അവരെ ദൈവസന്നിധിയില്‍ വരുത്തി ഒരു തിരഞ്ഞെടുപ്പിനു പ്രേരിപ്പിക്കുന്നു. ''യഹോവയെ ആരാധിക്കുന്നത് നന്നല്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ നദിക്കക്കരെവച്ച് നിങ്ങളുടെ പിതാക്കന്മാര്‍ ആരാധിച്ച ദേവന്മാരെയോ നിങ്ങള്‍ പാര്‍ത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ, ആരെ നിങ്ങള്‍ ആരാധിക്കും എന്ന് ഇന്നു തിരഞ്ഞെടുത്തുകൊള്ളുവിന്‍'' (യോശുവ 24 : 15) എന്ന് യിസ്രായേല്‍മക്കളോട് ആജ്ഞാപിക്കുന്ന യോശുവ ''ഞാനും എന്റെ കുടുംബവുമോ ഞങ്ങള്‍ യഹോവയെ ആരാധിക്കും'' എന്നു പറഞ്ഞ് തന്റെ തിരഞ്ഞെടുപ്പ് എന്തെന്നു വ്യക്തമാക്കുന്നു. യഹോവയെ തിരഞ്ഞെടുക്കുവാന്‍ കഴിയാത്ത ഒരു വ്യക്തിക്ക് തിരഞ്ഞെടുക്കേണ്ടിവരുന്നത് പിശാചിനെയാണെന്ന് അധികമാരും ചിന്തിക്കാറില്ല. യോശുവ ഏകനായല്ല യഹോവയെ ആരാധിക്കുന്നത്, പിന്നെയോ താനും തന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബമായി യഹോവയെ ആരാധിക്കുമെന്ന് യിസ്രായേല്‍മക്കളെ അറിയിക്കുന്നതിലൂടെ കുടുംബമായി യഹോവയെ ആരാധിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് യോശുവ വിരല്‍ചൂണ്ടുന്നു.
സഹോദരാ! സഹോദരീ! നീ ദൈവത്തെ അറിയുകയും ആരാധിക്കുകയും ചെയ്യുന്നുണ്ടായിരിക്കാം... എന്നാല്‍ നീ അനുഭവിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ദൈവത്തോടുള്ള നിന്റെ കുടുംബാംഗങ്ങളുടെ നിലപാടെന്താണ്? യോശുവയെപ്പോലെ ഇന്ന്, ഈ നിമിഷത്തില്‍ത്തന്നെ നിന്റെ കുടുംബത്തിനു മുഴുവനായി യഹോവയെ തിരഞ്ഞെടുക്കുവാന്‍ നിനക്കു കഴിയുമോ? ''ഞാനും എന്റെ കുടുംബവുമോ ഞങ്ങള്‍ യഹോവയെ ആരാധിക്കും'' എന്ന് യോശുവയെപ്പോലെ നിനക്കും പറയുവാന്‍ കഴിയുമോ?
സമാധാനത്തിന്‍ പ്രഭുവാം യേശു
സന്താപമകറ്റുമെന്നേശു
സന്തോഷമേകും സന്തുഷ്ട കുടുംബം
നല്‍കിടുവോനെന്നേശു
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com