അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 315 ദിവസം

ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ തടസ്സമായി അനേക സഹോദരങ്ങള്‍ക്കു പറയുവാനുള്ളത് അവരുടെ പ്രായവും ജീവിത സാഹചര്യങ്ങളുമാണ്. യൗവനത്തില്‍ കുടുംബത്തെ പുലര്‍ത്തേണ്ട ചുമതല ചൂണ്ടിക്കാണിച്ച് ഒഴികഴിവുകള്‍ പറയുന്നവര്‍ പ്രായത്തിനൊത്തവണ്ണം പ്രാരാബ്ധങ്ങള്‍ നിരത്തിവച്ച് തടിതപ്പുന്നു. ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചുകഴിയുമ്പോള്‍ അതുവരെയുള്ള ജീവിതാദ്ധ്വാനം സമ്മാനിച്ച രോഗങ്ങളായിരിക്കും ദൈവത്തിന്റെ വിളികേട്ടിറങ്ങിത്തിരിക്കുവാന്‍ തടസ്സമായി കാണിക്കുന്നത്. പ്രായമോ ആരോഗ്യമോ ജീവിത സാഹചര്യങ്ങളോ ഒന്നും തന്റെ വേലയ്ക്ക് ഒരു തടസ്സമല്ലെന്ന് മോശെയെ അവന്റെ എണ്‍പതാമത്തെ വയസ്സില്‍ വിളിച്ച ദൈവം നമ്മെ മനസ്സിലാക്കിക്കുന്നു. നാല്പതാമത്തെ വയസ്സില്‍ പ്രാണഭയംകൊണ്ട് ഫറവോന്റെ കൊട്ടാരം വിട്ട് മിദ്യാന്യമരുഭൂമിയിലേക്ക് ഓടിപ്പോയ മോശെയുടെ ജീവിതശൈലിപോലും മാറിപ്പോയി. തന്റെ ജനനംമുതല്‍ രാജകുമാരനായി നാല്പതു സംവത്സരങ്ങള്‍ ഫറവോന്റെ കൊട്ടാരത്തില്‍ വളര്‍ന്ന മോശെ, മരുഭൂമിയിലെ വെയിലിലും ചൂടിലും ആരാലും അറിയപ്പെടാത്ത ഒരു ആട്ടിടയനായി അടുത്ത നാല്പതു സംവത്സരങ്ങള്‍ ചെലവഴിച്ചു. തന്റെ ആട്ടിന്‍കൂട്ടത്തിന്റെ ഉടയവനായ യിത്രോവിന്റെ മകളെ വിവാഹം ചെയ്ത് കുടുംബജീവിതം ആരംഭിച്ച മോശെ തന്റെ ഭാവിജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ മുരടിച്ചിരിക്കുമ്പോഴാണ് തന്റെ എണ്‍പതാമത്തെ വയസ്സില്‍ ''മോശേ, മോശേ'' എന്നുള്ള അത്യുന്നതനായ ദൈവത്തിന്റെ വിളി കേള്‍ക്കുന്നത്. ഭാര്യയും രണ്ടു പുത്രന്മാരുമായി ജീവിതസായാഹ്നത്തിലെത്തി നില്‍ക്കുന്ന മോശെയെ വിളിച്ച ദൈവം, അവന്റെ അമ്മയുടെ ഉദരംമുതല്‍ അവന്റെ ഓരോ ജീവിതസ്പന്ദനവും അറിയുന്നവനാണ്. ഫറവോന്റെ കല്പനപ്രകാരം പിറന്നുവീണയുടന്‍ കൊല്ലപ്പെടേണ്ട മോശെയെ ദൈവമാണ് ഫറവോന്റെ കൊട്ടാരത്തിലെത്തിച്ചത്. മോശെ ദൈവത്തിന്റെ വിളി കേട്ട് തന്റെ ജനത്തിന്റെ വിമോചനത്തിനായി ഇറങ്ങിത്തിരിച്ചു. 

                    സഹോദരാ! സഹോദരീ! ദൈവം നിന്നെ പല പ്രാവശ്യം വിളിച്ചിട്ടും ഓരോ കാരണം പറഞ്ഞ് അവയൊക്കെയും നിരസിച്ചുകളഞ്ഞ അവസ്ഥയാണോ നിന്റെ ജീവിതത്തിലുള്ളത്? ആടുകളെ മേയിച്ചുകൊണ്ടിരുന്ന എണ്‍പതുകാരനായ മോശെയെ വിളിച്ച ദൈവത്തിന് നിന്റെ ജോലിയും പ്രായവുമെല്ലാം നന്നായി അറിയാം. അമ്മയുടെ ഉദരംമുതല്‍ നിന്നെ പോറ്റിപുലര്‍ത്തിയവന്‍ ഈ അവസരത്തില്‍ നിന്നെ വിളിക്കുന്നു! ആ വിളി കേട്ട് നീ കര്‍ത്താവിനായി സ്വയം സമര്‍പ്പിക്കുമോ? 

യേശുവിന്‍ വിളിയെ കേള്‍ക്കുമോ നീ

യേശുവിന്നരികില്‍ വരുമോ?

ജീവിതഭാരങ്ങളാല്‍ നിന്‍

പാദങ്ങളിടറുന്നുവോ?                    യേശുവിന്‍ വിളിയെ...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com