അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 313 ദിവസം

വചനം കേള്‍ക്കുവാനുള്ള അന്തര്‍ദാഹം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലയളവിലൂടെയാണ് നാം കടന്നുപോകുന്നത്. പതിനായിരങ്ങള്‍ക്ക് പല സ്ഥലങ്ങളിലും സാഹചര്യങ്ങളിലുമിരുന്ന് വചനപ്രഘോഷണങ്ങള്‍ ശ്രദ്ധിക്കുവാന്‍ റേഡിയോ, ടെലിവിഷന്‍ മുതലായ മാദ്ധ്യമങ്ങളില്‍ക്കൂടിയുള്ള സംപ്രേക്ഷണങ്ങള്‍ സഹായിക്കുന്നു. കണ്‍വെന്‍ഷനുകളിലോ ധ്യാനകേന്ദ്രങ്ങളിലോ പോകാതെ അവിടെ നടത്തപ്പെടുന്ന സുവിശേഷ പ്രഘോഷണങ്ങള്‍ ആലേഖനം ചെയ്ത ഓഡിയോ - വീഡിയോ കാസ്സറ്റുകളും വചനം കേള്‍ക്കുവാനുള്ള ആധുനിക മനുഷ്യന്റെ തൃഷ്ണയെ ശമിപ്പിക്കുന്നു. ദൈവവചനം കേള്‍ക്കുവാന്‍ അനേക സഹോദരങ്ങള്‍ തടിച്ചു കൂടുന്നത് ദൈവവചനശ്രവണം തങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ പകരുമെന്ന ധാരണയിലാണ്. കേള്‍ക്കുന്ന വചനം അനുസരിക്കുമ്പോഴാണ് ദൈവത്തില്‍നിന്ന് അനുഗ്രഹങ്ങള്‍ ലഭിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ദൈവജനമെന്ന ഭാവേനയാണ് അവര്‍ മുമ്പില്‍ വന്നിരുന്ന് വചനം കേള്‍ക്കുന്നതെന്ന് അരുളിച്ചെയ്യുന്ന ദൈവം, തന്റെ വചനം കേള്‍ക്കുവാനായി വരുന്നവരുടെ വീക്ഷണമെന്തെന്നു മനസ്സിലാക്കുന്നതായി വ്യക്തമാക്കുന്നു. വായ്‌കൊണ്ട് വളരെ സ്‌നേഹം കാണിക്കുന്ന അവരുടെ ഹൃദയം ദുരാഗ്രഹം പിന്തുടരുന്നതായി ദൈവം തന്റെ പ്രവാചകനോട് അരുളിച്ചെയ്യുന്നു. പ്രഘോഷിക്കപ്പെടുന്ന തന്റെ വചനം ശ്രവിക്കുന്ന ജനം അത് അനുസരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. എന്തെന്നാല്‍ ദൈവവചനം ഒരു ദൈവപൈതലിന്റെ കാലുകള്‍ക്ക് ദീപവും പാതയ്ക്ക് പ്രകാശവും ആകുന്നു. ''എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്ന ഒരുവനുണ്ട്; ഞാന്‍ സംസാരിച്ച വചനംതന്നെ അന്ത്യനാളില്‍ അവനെ ന്യായം വിധിക്കും'' (യോഹന്നാന്‍ 12 : 48) എന്നരുളിച്ചെയ്ത കര്‍ത്താവ്, കേള്‍ക്കുന്ന വചനം ജീവിതത്തില്‍ പ്രായോഗികമാക്കാത്തവരുടെമേലുള്ള ന്യായവിധി വിളിച്ചറിയിക്കുന്നു. 

                       സഹോദരാ! സഹോദരീ! നീ കേള്‍ക്കുന്ന വചനം നിന്റെ ജീവിതത്തില്‍ പ്രായോഗികമാക്കുവാന്‍ നിനക്കു കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍ വചനം നിന്നെ ന്യായം വിധിക്കുന്ന ഒരു ദിവസമുണ്ടെന്ന് നീ ഓര്‍ക്കുമോ? ദൈവത്തിന്റെ വചനം നീ അനുഷ്ഠിക്കുമ്പോള്‍ അതു നിന്റെ വായ്ക്ക് തേനിനെക്കാള്‍ മാധുര്യമേകുമെന്ന് നീ മനസ്സിലാക്കുമോ? 

വിശുദ്ധമാം വചനം ധ്യാനിപ്പാന്‍ 

ഏഴയിന്‍ മിഴികള്‍ തുറക്കണമെ

സത്യമാം നിന്‍ വചനത്തിന്‍ സാരം

ദൈവമേ എന്നാനന്ദമേ                             ദിവ്യമാം...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com