അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്താല്‍ നയിക്കപ്പെടുന്നുവെന്നും പരിശുദ്ധാത്മകൃപകള്‍ പ്രാപിച്ചുവെന്നും അഭിമാനിക്കുന്ന അനേക സഹോദരങ്ങള്‍ ഇതര ശുശ്രൂഷകളുടെയും സഭകളുടെയും, അവയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സഹോദരങ്ങളുടെയും കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കുവാനും അവരെ തേജോവധം ചെയ്യുവാനും ഉത്സാഹിക്കുന്നവരാണ്. തങ്ങളൊഴികെ ഈ ഭൂമുഖത്ത് മറ്റാരും പരിശുദ്ധാത്മാവിനെ പ്രാപിച്ചിട്ടില്ലെന്ന ധാരണയില്‍ വിമര്‍ശനങ്ങളും വിധിയെഴുത്തുകളും നടത്തുന്ന ഓരോരുത്തരും ''നിങ്ങളില്‍ പാപമില്ലാത്തവന്‍ ഇവളെ ആദ്യം കല്ലെറിയട്ടെ'' എന്ന കര്‍ത്താവിന്റെ ശബ്ദം അനുസരിക്കേണ്ടിയിരിക്കുന്നു. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ മോശെയുടെ ന്യായപ്രമാണപ്രകാരം കല്ലെറിഞ്ഞു കൊല്ലണമെന്ന വാദമുഖവുമായിട്ടാണ് പരീശന്മാരും അവരുടെ പാര്‍ശ്വവര്‍ത്തികളും കര്‍ത്താവിന്റെ സന്നിധിയില്‍ കൊണ്ടുവന്നത്. മോശെയുടെ ന്യായപ്രമാണമനുസരിച്ച് ഇങ്ങനെയുള്ള കുറ്റകൃത്യങ്ങളില്‍ വിധി കല്പിക്കേണ്ടത് കര്‍ത്താവല്ലെങ്കിലും പരീശന്മാര്‍ യേശുവിന്റെ പ്രതികരണത്തില്‍ യേശുവിനെ കുടുക്കുവാനാണ് ഈ സ്ത്രീയെ കൊണ്ടുവന്ന് അവളുടെമേല്‍ വിധി കല്പിക്കുവാന്‍ യേശുവിനോട് ആവശ്യപ്പെടുന്നത്. എല്ലാവരാലും പുറന്തള്ളപ്പെട്ട്, അവഹേളിക്കപ്പെട്ട്, മരണത്തെ പ്രതീക്ഷിച്ചു നില്‍ക്കുന്ന ആ സാധുസ്ത്രീയെ വളഞ്ഞിരുന്ന ജനക്കൂട്ടത്തോട് ''നിങ്ങളില്‍ പാപമില്ലാത്തവന്‍ ഇവളെ ആദ്യം കല്ലെറിയട്ടെ'' എന്ന് കര്‍ത്താവ് പറഞ്ഞപ്പോള്‍ കല്ലെറിയുവാനാകാതെ അവര്‍ ഓരോരുത്തരായി പിരിഞ്ഞുപോയി. സ്വന്തം കുറ്റങ്ങള്‍ കണ്ടുപിടിക്കുവാന്‍ കൂട്ടാക്കാതെ മറ്റുള്ളവരുടെ കുറ്റങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നവരോട് ''കപടഭക്തിക്കാരാ, മുമ്പേ സ്വന്തം കണ്ണില്‍നിന്നു കോല്‍ എടുത്തുകളയുക; അപ്പോള്‍ സഹോദരന്റെ കണ്ണില്‍നിന്ന് കരട് എടുത്തുകളയുവാന്‍ തക്കവണ്ണം നിനക്കു വ്യക്തമായി കാണുവാന്‍ കഴിയും'' (മത്തായി 7 : 5) എന്നാണ് കര്‍ത്താവ് അരുളിച്ചെയ്യുന്നത്.
സഹോദരാ! സഹോദരീ! മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കുവാനും അവരെ വിമര്‍ശിക്കുവാനുമുള്ള പ്രവണത നിന്നിലുണ്ടോ? മറ്റുള്ളവരുടെ പാപത്തിനു നേരേ കല്ലെറിയുവാന്‍ നിന്റെ കരങ്ങള്‍ ഉയര്‍ത്തുമ്പോള്‍ നിന്റെ കരങ്ങളില്‍ പാപമുണ്ടോ എന്ന് നിനക്കു പരിശോധിക്കുവാന്‍ കഴിയുമോ?
പാപിയാം ഏഴയെ സ്‌നേഹിച്ചു
ശുദ്ധീകരിച്ചേഴയെ നിന്‍ രക്തത്താല്‍
പാപമെല്ലാം പോക്കി എന്നെ
മാറോടണച്ച സ്‌നേഹമേ സാത്താന്റെ....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com