അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തിന്റെ കാരുണ്യവും കരുതലും പ്രാപിച്ച് ദൈവജനം പുഷ്ടി പ്രാപിക്കുമ്പോള്‍ ക്രമേണ അവരുടെ ഹൃദയങ്ങളില്‍ ദൈവത്തിനു സ്ഥാനമില്ലാതാകുന്നു. രോഗത്തിലും ദാരിദ്ര്യത്തിലും ദു:ഖത്തിലുമൊക്കെ, സൗഖ്യമാക്കുവാനോ സഹായിക്കുവാനോ സമാധാനിപ്പിക്കുവാനോ ആരുമില്ലാത്ത സാഹചര്യങ്ങളിലാണ് അനേകര്‍ ദൈവസന്നിധിയിലേക്കു കടന്നുവരുന്നത്. നിസ്സഹായതയില്‍ തന്നോടു നിലവിളിക്കുന്നവരെ രക്ഷിച്ച് ഞെരുക്കങ്ങളുടെയും വേദനകളുടെയും അസാമാധാനത്തിന്റെയും ദിവസങ്ങളെ മാറ്റി സമ്പന്നതയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പന്ഥാവിലേക്ക് അവരെ നയിക്കുമ്പോള്‍ അവര്‍ ക്രമേണ ദൈവത്തോടുള്ള ബന്ധത്തില്‍നിന്ന് അകന്നുപോകുന്നു. ദൈവമാണ് തങ്ങളെ ശൂന്യതയില്‍നിന്ന് സമ്പന്നമായ അവസ്ഥയിലേക്ക് എത്തിച്ചതെന്ന് അവര്‍ ശീഘ്രത്തില്‍ മറന്നുകളയുവാന്‍ കാരണം ഗര്‍വ്വ് അവരുടെ ഹൃദയത്തില്‍ കടന്നുകൂടുന്നതാണ്. മരുഭൂമിയിലെ ഏറ്റവും വരണ്ടദേശത്ത് തന്റെ ജനത്തെ മേയിച്ച് അവര്‍ തൃപ്തരായപ്പോള്‍ അവരുടെ ഹൃദയം അഹന്തയാല്‍ തന്നെ മറന്നുകളഞ്ഞതായി യഹോവയാം ദൈവം അരുളിച്ചെയ്യുന്നു. അവരുടെ ഹൃദയം അഹങ്കരിക്കുവാനുള്ള കാരണം താന്‍ അവര്‍ക്ക് തൃപ്തിവരുവോളം ഭക്ഷിക്കുവാന്‍ നല്‍കിയതാണെന്ന് അരുളിച്ചെയ്യുന്ന ദൈവം അവരുടെ വിശപ്പിന്റെ കാലങ്ങളില്‍ അവര്‍ക്ക് അഹന്തയില്ലായിരുന്നു എന്ന് പരോക്ഷമായി സൂചിപ്പിക്കുന്നു. നിസ്സഹായതയില്‍ നിലവിളിച്ചുകൊണ്ട് ദൈവസന്നിധിയിലേക്കു കടന്നുവന്ന് അനുഗ്രഹങ്ങള്‍ പ്രാപിച്ചശേഷം ദൈവത്തെ പാടേ മറന്ന് മിടുക്കരെന്നു കരുതി മുമ്പോട്ട് പോകുന്നവര്‍ക്ക്, താന്‍ സിംഹത്തെപ്പോലെയും, വഴിയരികില്‍ പതിയിരിക്കുന്ന പുള്ളിപ്പുലിയെപ്പോലെയും ആയിരിക്കുമെന്ന് ദൈവം അരുളിച്ചെയ്യുന്നു.
സഹോദരാ! സഹോദരീ! നിന്റെ നിസ്സഹായതയില്‍ ദൈവത്തോടു നിലവിളിച്ച് അനവധിയായ അനുഗ്രഹങ്ങള്‍ പ്രാപിച്ച നീ ഇന്ന് ദൈവത്തെ മറന്ന അവസ്ഥയിലാണോ മുമ്പോട്ടു പോകുന്നത് ? നീ മറന്നില്ലെന്നു പറഞ്ഞേക്കാം! പക്ഷേ നിന്റെ ഒന്നുമില്ലായ്മയുടെ തടവറകളില്‍ ദൈവത്തിനുവേണ്ടി നീ കാണിച്ച ശുഷ്‌കാന്തി ഇന്നു നിനക്കില്ലെങ്കില്‍ നിന്റെ ഹൃദയം അഹന്തയാല്‍ നിറഞ്ഞിരിക്കുന്നു എന്നു നീ ഓര്‍മ്മിക്കുമോ? നിന്റെ നേട്ടങ്ങളെ അപ്രതീക്ഷിതമായ സന്ദര്‍ഭങ്ങളില്‍ സിംഹത്തെപ്പോലെയും, പുള്ളിപ്പുലിയെപ്പോലെയും അവന്‍ തകര്‍ത്തുകളയുമെന്ന് നീ ഓര്‍ക്കുമോ?
പാപത്തില്‍ വീഴാതേഴയേ
എന്നും നടത്തേണമെന്നേശുവേ
എന്‍മൊഴികളും വഴികളുമെല്ലാം
അര്‍പ്പിക്കുന്നങ്ങേ സന്നിധേ ദൈവമേ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com