അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പതിനായിരക്കണക്കിന് സഹോദരങ്ങള്‍ ഇന്ന് ഭൂമുഖത്തുണ്ട്. ''നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു'' എന്ന് തന്റെ ശിഷ്യന്മാരെ ഉദ്‌ബോധിപ്പിക്കുന്ന കര്‍ത്താവ്, അതിലൂടെ തന്റെ വേലക്കാരില്‍നിന്ന് താന്‍ പ്രതീക്ഷിക്കുന്ന ഗുണഗണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പാചകങ്ങളില്‍ രുചി വരുത്തുവാന്‍ കുടിലുകളിലും കൊട്ടാരങ്ങളിലുമെല്ലാം സ്ഥലകാലഭേദമെന്യേ ഉപ്പ് ഉപയോഗിക്കുന്നു. കഷ്ടത്തിലും ബുദ്ധിമുട്ടിലും വേദനയിലും യാതനയിലും മുമ്പോട്ടു പോകുന്നവരുടെ ജീവിതങ്ങളില്‍ കര്‍ത്താവിന്റെ വേലക്കാര്‍ ഉപ്പായിത്തീരണം. പ്രത്യാശ നഷ്ടപ്പെട്ട ആ ജീവിതങ്ങള്‍ക്ക് അവര്‍ കര്‍ത്താവിന്റെ വെളിച്ചം പകര്‍ന്ന് രുചി വരുത്തണം. ഭക്ഷണസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുവാനും ഉപ്പ് ഉപയോഗിക്കുന്നു. ഉപ്പിനാല്‍ ആവരണം ചെയ്യപ്പെടുകയോ ഉപ്പുലായനിയില്‍ സൂക്ഷിക്കപ്പെടുകയോ ചെയ്യുമ്പോള്‍ ഉപ്പ് ആ ഭക്ഷണ വസ്തുക്കളെ ജീര്‍ണ്ണതയില്‍നിന്നു സംരക്ഷിക്കുന്നു. പാപത്തിലൂടെ അനേകരെ ജീര്‍ണ്ണതയിലേക്കു തള്ളിയിടുവാന്‍ സാത്താന്‍ ശ്രമിക്കുമ്പോള്‍ ഉപ്പിനെപ്പോലെ അവരെ ജീര്‍ണ്ണതയില്‍നിന്നു ദൈവകൃപയാല്‍ രക്ഷിക്കുവാന്‍ കര്‍ത്താവിന്റെ വേലക്കാര്‍ക്കു കഴിയണം. പാചകങ്ങളില്‍ ഒരു ചെറിയ അംശം ഉപ്പു മാത്രമേ രുചി വരുത്തുവാനും മറ്റും ഉപയോഗിക്കാറുള്ളു. കര്‍ത്താവിന്റെ വേലക്കാര്‍ തങ്ങളുടെ അംഗബലത്തിലല്ല ലോകത്തെ കീഴടക്കുന്നത്. പ്രത്യുത, പരിശുദ്ധാത്മശക്തി പ്രാപിക്കുന്നവര്‍ എത്ര കുറവായിരുന്നാലും അവര്‍ക്ക് ഉപ്പിനെപ്പോലെ ആയിരം പതിനായിരങ്ങള്‍ക്ക് രുചി വരുത്തുവാന്‍ കഴിയുന്നു. അതുപോലെതന്നെ ഉപ്പിന്റെ സ്വാദ് നഷ്ടപ്പെട്ടുപോയാല്‍ അതിനെ പുറത്തുകളഞ്ഞിട്ട് മനുഷ്യന്‍ ചവിട്ടുവാനല്ലാതെ മറ്റൊന്നിനും അത് കൊള്ളുന്നതല്ലെന്നു പറയുന്ന കര്‍ത്താവ് ദൈവകൃപ നഷ്ടപ്പെടുമ്പോഴുള്ള ദൈവത്തിന്റെ വേലക്കാരുടെ അവസ്ഥ ചൂണ്ടിക്കാണിക്കുന്നു.
ദൈവത്തിന്റെ പൈതലേ! ആത്മീയ ശുശ്രൂഷകളിലും സാമൂഹ്യ വേദികളിലുമൊക്കെ പ്രവര്‍ത്തിക്കുന്ന നിനക്ക് യേശുവിന്റെ സ്‌നേഹത്താല്‍ നിന്റെ പ്രവര്‍ത്തനങ്ങളെ രുചിവരുത്തുവാന്‍ കഴിയുന്നുണ്ടോ? നീ ഇന്നു സ്വാദ് നഷ്ടപ്പെട്ട ഉപ്പിന്റെ അവസ്ഥയിലാണോ ഈ വരികള്‍ വായിക്കുന്നത് ? എങ്കില്‍ നിന്നിലുണ്ടായിരുന്ന ദൈവകൃപ എങ്ങനെയാണ് നഷ്ടപ്പെട്ടതെന്നു നീ പരിശോധിക്കുമോ? നിന്നെ വീണ്ടും ഉപ്പാക്കിത്തീര്‍ക്കുവാന്‍ യേശുവിന്റെ സന്നിധിയിലേക്കു മടങ്ങിവരൂ!
യേശുവിന്‍ സ്‌നേഹത്തിന്‍ പാത്രമായ്
പാരിതില്‍ യേശുവെ കാട്ടുവാന്‍
യേശുവിന്‍ ശബ്ദമായ്, യേശുവിന്‍ ശക്തിയായ്
സാധുവേ തീര്‍ക്കുമീ സ്‌നേഹമവര്‍ണ്ണ്യമേ സ്‌നേഹ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com