അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 308 ദിവസം

ഭൗതികമായ പ്രതിഫലങ്ങള്‍ക്കുവേണ്ടി അഹോരാത്രം പ്രയത്‌നിക്കുന്ന മനുഷ്യന്‍ തന്റെ സകല പ്രവൃത്തികളും പ്രയത്‌നങ്ങളും അത്യുന്നതനായ ദൈവം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നു ചിന്തിക്കാറില്ല. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് ഓരോരുത്തര്‍ക്കും അവരവരുടെ പ്രവൃത്തിക്കു തക്കവണ്ണം പ്രതിഫലം നല്‍കുമെന്ന് അരുളിച്ചെയ്യുന്നു. താന്‍തന്നെയാണ് ഇത് അരുളിച്ചെയ്യുന്നതെന്ന് ഉറപ്പാക്കുവാന്‍ ''യേശു എന്ന ഞാന്‍ സഭകള്‍ക്കുവേണ്ടി നിങ്ങളോട് ഇത് സാക്ഷീകരിക്കുവാന്‍ എന്റെ ദൂതനെ അയച്ചു'' (വെളിപാട്  22 : 16) എന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. നമ്മുടെ ജീവിതത്തിലെ എല്ലാ പ്രവൃത്തികളും കര്‍ത്താവ് അറിയുന്നു എന്നു നാം ചിന്തിക്കാറില്ല. ''ഞാന്‍ ആല്ഫയും ഒമേഗയും ആദിയും അന്തവും ആകുന്നു'' എന്നും,  ''ഇതാ ഞാന്‍ വേഗം വരുന്നു'' എന്നും അരുളിച്ചെയ്യുന്ന കര്‍ത്താവ് ''അനീതി ചെയ്യുന്നവന്‍ ഇനിയും അനീതി ചെയ്യട്ടെ; അശുദ്ധന്‍ ഇനിയും അശുദ്ധനാകട്ടെ; നീതിമാന്‍ ഇനിയും നീതി ചെയ്യട്ടെ; വിശുദ്ധന്‍ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ'' (വെളിപാട്  22 : 11) എന്ന് ഉദ്‌ബോധിപ്പിക്കുന്നു. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് ആസ്യയിലെ ഏഴു സഭകളോട് പറയുന്നത് ''താന്‍ അവരുടെ പ്രവൃത്തി അറിയുന്നു'' എന്നാണ്. ആഡംബരപൂര്‍ണ്ണമായ ആരാധനകളെക്കാളും ഭക്തിയുടെ മറ്റു ബാഹ്യപ്രകടനങ്ങളെക്കാളും കര്‍ത്താവ് സൂക്ഷ്മമായി വീക്ഷിക്കുന്നത് തന്റെ ജനത്തിന്റെ പ്രവൃത്തിയാണെന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു. കര്‍ത്താവ് തന്റെ തേജസ്സോടെ വിശുദ്ധന്മാരുമായി വരുമ്പോള്‍ തന്റെ കല്പനകള്‍ അനുസരിക്കാതെ പാപത്തില്‍ ജീവിക്കുന്നവരോട് ''ശപിക്കപ്പെട്ടവരേ എന്നെ വിട്ട് പിശാചിനും അവന്റെ ദൂതന്മാര്‍ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്‌നിയിലേക്കു പോകുവിന്‍'' എന്ന് അരുളിച്ചെയ്യുമെന്നും ഓര്‍മ്മിപ്പിക്കുന്നു. 

                    സഹോദരാ! സഹോദരീ! അനുനിമിഷമുള്ള നിന്റെ പ്രവൃത്തികള്‍ അറിയുന്ന ഒരു കര്‍ത്താവുണ്ടെന്നു നീ ചിന്തിക്കാറുണ്ടോ? നിന്റെ പ്രവൃത്തികള്‍ക്കൊത്തവണ്ണം നിനക്ക് പ്രതിഫലം നല്‍കുവാനായി അവന്‍ വേഗം വരുമെന്ന് നീ ഓര്‍ക്കുമോ? നിന്നെയും നിന്റെ സകല പ്രവൃത്തികളെയും അറിയുന്ന കര്‍ത്താവിനെ അറിയുവാന്‍ നിനക്കു ഈ നിമിഷംവരെയും കഴിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കില്‍ അവന്റെ സന്നിധിയില്‍ നിന്നെത്തന്നെ സമര്‍പ്പിക്കുമോ? അപ്പോള്‍ അവനെ സമ്പൂര്‍ണ്ണമായി അറിയുവാന്‍ നിനക്കു കഴിയുമെന്നോര്‍ക്കുമോ? 

മരണത്തെ കീഴടക്കി ഉയിര്‍ത്തെന്നേശു

കല്ലറ പിളര്‍ന്നു മരണത്തെ ജയിച്ചു

വീണ്ടും വരും നമ്മെ ചേര്‍ത്തിടുവാനായ് - ആമേന്‍                         മാറുകില്ല...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com