അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

സ്‌നേഹസമ്പന്നനായ ദൈവത്തെ പാപിയായ മനുഷ്യന്‍ കോപിപ്പിക്കുന്ന അനേക സന്ദര്‍ഭങ്ങള്‍ തിരുവചനത്തില്‍ നാം കാണുന്നുണ്ട്. പാപം ചെയ്യുന്നില്ലെങ്കിലും ദൈവത്തിന്റെ വിളിയെ മണ്മയനായ മനുഷ്യന്‍ നിരസിച്ചുകളഞ്ഞാല്‍ അത് ദൈവത്തെ കോപിപ്പിക്കുമെന്ന് മോശെയുടെ അനുഭവം പഠിപ്പിക്കുന്നു. യഹോവയാം ദൈവം തന്റെ ജനത്തെ വിടുവിക്കുവാനായി മോശെയെ നിയോഗിക്കുമ്പോള്‍ മോശെയ്ക്ക് അതിനു മനസ്സില്ലാതെ ഓരോ കാരണങ്ങള്‍ നിരത്തിവയ്ക്കുവാന്‍ തുടങ്ങി. ഒന്നാമതായി ഈ വലിയ ദൗത്യത്തിന് തനിക്കു കഴിവില്ലെന്ന് പറയുമ്പോള്‍ ''ഞാന്‍ നിന്നോടുകൂടെയിരിക്കാമെന്നായിരുന്നു'' ദൈവത്തിന്റെ മറുപടി. ''എന്നെ അയച്ചവന്റെ നാമം യിസ്രായേല്‍മക്കള്‍ ചോദിച്ചാല്‍ ഞാനെന്തു പറയും'' എന്ന ചോദ്യവുമായി മോശെ വീണ്ടും ഒഴിഞ്ഞുമാറുവാന്‍ ശ്രമിച്ചപ്പോള്‍ ''ഞാന്‍ ആകുന്നവന്‍ ഞാനാകുന്നു എന്നു നീ പറയുക'' എന്ന് യഹോവ അരുളിച്ചെയ്തു. ''അവര്‍ എന്നെ വിശ്വസിക്കുകയില്ല, നീ എന്നെ അയച്ചിരിക്കുന്നു എന്നതിന് എന്തു തെളിവാണുള്ളത് '' എന്നു പറഞ്ഞ് രക്ഷപ്പെടുവാന്‍ മോശെ ശ്രമിച്ചു. അപ്പോള്‍ യിസ്രായേല്‍മക്കളുടെ മുമ്പില്‍ മൂന്ന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച്, അത്യുന്നതനായ ദൈവമാണ് തന്നെ അയച്ചിരിക്കുന്നതെന്ന് തെളിയിക്കുവാന്‍ മോശെയ്ക്ക് ദൈവം അധികാരം നല്‍കി. ഉടനേ മോശെ താന്‍ ''വിക്കനും തടിച്ച നാവുള്ളവനും ആകുന്നു'' എന്ന ന്യായം കണ്ടെത്തി രക്ഷപ്പെടുവാന്‍ ശ്രമിക്കുമ്പോള്‍ ''ഞാന്‍ നിന്റെ വായോടുകൂടെ ഉണ്ടായിരിക്കും; നീ പറയേണ്ടതെന്തെന്ന് ഞാന്‍ നിനക്ക് ഉപദേശിച്ചുതരും'' എന്ന് അരുളിച്ചെയ്തു. ദൈവത്തിന്റെ വിളിയില്‍നിന്ന് ഒഴിഞ്ഞുമാറുവാനുള്ള തന്റെ എല്ലാ അടവുകളും പരാജയപ്പെട്ടപ്പോള്‍ മോശെ, ''മറ്റാരെയെങ്കിലും അയയ്ക്കണമേ'' എന്നു പറഞ്ഞു. അപ്പോള്‍ യഹോവയുടെ കോപം മോശെയ്ക്കുനേരേ ജ്വലിച്ചു...
സഹോദരാ! സഹോദരീ! തന്റെ ദൗത്യവുമായി കഷ്ടതയിലും കണ്ണുനീരിലും കഴിയുന്നവരുടെ അടുക്കലേക്കു പോകുവാന്‍ ദൈവം അനേക സന്ദര്‍ഭങ്ങളില്‍ നിന്നെ വിളിച്ചിട്ടില്ലേ? മോശെയെപ്പോലെ ഒഴികഴിവുകള്‍ നിരത്തിവച്ചു രക്ഷപ്പെടുമ്പോള്‍ തന്റെ ക്ഷണം നിരസിച്ച നിന്റെമേല്‍ അവന്റെ കോപം ജ്വലിക്കുമെന്ന് ഓര്‍ക്കുമോ? ഈ അവസരത്തില്‍ മോശയെപ്പോലെ ദൈവത്തിന്റെ വിളികേട്ട് അവനായി ഇറങ്ങിത്തിരിക്കുവാന്‍ നിനക്കു കഴിയുമോ?
എന്നെ വിളിച്ച ദൈവം
എന്നെ വേര്‍തിരിച്ച ദൈവം
എന്നധിപതിയായ് തന്‍ വഴികളിലെന്നെ
അനുദിനം നടത്തിടുന്നു
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com