അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 305 ദിവസം

കര്‍ത്താവിന്റെ വാഗ്ദത്തമനുസരിച്ച് പരിശുദ്ധാത്മാവ് അഗ്‌നിനാവുകളുടെ സാദൃശ്യത്തില്‍ പെന്തിക്കോസ്തുനാള്‍ ശിഷ്യന്മാരോടൊപ്പം കാത്തിരുന്ന വിശ്വാസികളുടെമേലും ആവസിച്ചുവെന്നു തിരുവചനം ഉദ്‌ഘോഷിക്കുന്നു (അപ്പൊ. പ്രവൃ. 2 : 3). അഗ്‌നിക്കുള്ള അനേക ഗുണഗണങ്ങളില്‍ ശ്രദ്ധേയമായത് അതിന് അശുദ്ധിയെ അകറ്റി വസ്തുക്കളെ ശുദ്ധീകരിക്കുവാന്‍ കഴിയുമെന്നുള്ളതാണ്. വിശുദ്ധീകരിക്കുന്നതോടൊപ്പം പുതിയ രൂപവും ഭാവവും നല്‍കുവാനും ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുവാനും അഗ്‌നിയെ ഉപയുക്തമാക്കാറുണ്ട്. വസ്തുക്കളെ കൂടുതല്‍ ശക്തീകരിക്കുവാനും അഗ്‌നിക്കു കഴിയുന്നു. ഈ പ്രക്രിയകളൊക്കെയും പരിശുദ്ധാത്മാവ് വ്യക്തികളില്‍ പ്രാവര്‍ത്തികമാക്കുന്നു. ശുദ്ധീകരിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവ് ഒരുവനെ പുതിയ സൃഷ്ടിയാക്കിത്തീര്‍ക്കുന്നതായി അപ്പൊസ്തലനായ പൗലൊസ് ഉദ്‌ബോധിപ്പിക്കുന്നു. അഗ്‌നിയെ കെടുത്തുവാന്‍ വെള്ളത്തിനു കഴിയുമെന്നതുപോലെ പരിശുദ്ധാത്മാവാകുന്ന അഗ്‌നിയെ കെടുത്തുവാന്‍ പാപസ്വഭാവങ്ങള്‍ക്കു കഴിയും. അതോടൊപ്പം പരിശുദ്ധാത്മാവിനാല്‍ പ്രവര്‍ത്തിക്കുന്നവരെ അടിച്ചമര്‍ത്തുകയും അപമാനിക്കുകയും അവഗണിക്കുകയും പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യുന്നവര്‍ പരിശുദ്ധാത്മനിറവ് പ്രാപിച്ചവരെങ്കില്‍ ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ടു തങ്ങളില്‍ അധിവസിക്കുന്ന പരിശുദ്ധാത്മാവിനെ കെടുത്തിക്കളയുവാന്‍ മുഖാന്തരമൊരുക്കും. അത് പരിശുദ്ധാത്മാവിനെതിരേ ചെയ്യുന്ന പാപംകൂടിയാണ്. അഗ്‌നിയെ കെടുത്തുവാന്‍ കഴിയുന്ന മറ്റൊരു വസ്തുവാണ് മണ്ണ്. പരിശുദ്ധാത്മാവ് പ്രാപിച്ചവര്‍ ഈ മണ്ണിന്റെ മോഹങ്ങള്‍ അഥവാ ലോകത്തിന്റെ ആഡംബര ഐശ്വര്യങ്ങള്‍ക്കായി ഹൃദയം തിരിക്കുമ്പോള്‍ അവര്‍ പരിശുദ്ധാത്മാവിനെ കെടുത്തിക്കളയുന്നു. 

                          ദൈവത്തിന്റെ പൈതലേ! നിന്നില്‍ കത്തിനിന്നിരുന്ന ആത്മാവിന്റെ അഗ്‌നിയുടെ അവസ്ഥ ഇന്ന് എങ്ങനെയാണ് ? ആ അഗ്‌നി നിന്നില്‍ വളര്‍ന്നിട്ടുണ്ടോ? പാപങ്ങളാകുന്ന വെള്ളവും ഭൗതിക മോഹങ്ങളാകുന്ന മണ്ണും അതിന്റെ ജ്വാലയെ കുറയ്ക്കുവാനോ കെടുത്തുവാനോ ഇടയായിട്ടുണ്ടോ? എങ്കില്‍ ഈ നിമിഷത്തില്‍, 'പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധം വരുത്തുന്ന പരിശുദ്ധാത്മാവേ എന്നില്‍ പരിവര്‍ത്തിക്കണമേ' എന്നു നീ പ്രാര്‍ത്ഥിക്കുമോ? 

കൃപകള്‍ നല്‌കേണം കൃപാവരങ്ങള്‍ ജ്വലിക്കണം

ലോകത്തിനറ്റത്തോളം സാക്ഷിയായ് പോകുവാന്‍                     നല്‌കേണം...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com