അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

പരിശുദ്ധാത്മശക്തി പ്രാപിച്ചുവെന്ന് അവകാശപ്പെടുന്ന അനേക സഹോദരങ്ങള്‍ ആത്മാവിന്റെ പ്രതിഫലനം ആരാധനയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണെന്നു കരുതുന്നവരാണ്. ഇക്കൂട്ടര്‍ തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ചില പ്രത്യേക കൃപാവരങ്ങള്‍ ആരാധനയില്‍ ജ്വലിപ്പിച്ച് ശുശ്രൂഷയിലുള്ള മറ്റു സഹോദരങ്ങളെ തങ്ങളുടെ ശ്രേഷ്ഠത മനസ്സിലാക്കിക്കുവാന്‍ ബദ്ധപ്പെടാറുണ്ട്. എന്നാല്‍ രണ്ടോ മൂന്നോ മണിക്കൂര്‍, ആരാധനകളില്‍ ദൈവത്തെ സ്തുതിക്കുവാനും സ്‌തോത്രം ചെയ്യുവാനുമായി മാത്രമാണ് പരിശുദ്ധാത്മാവ് നല്‍കപ്പെടുന്നതെന്നുള്ള ധാരണയ്‌ക്കെതിരേ അപ്പൊസ്തലന്‍ വിരല്‍ചൂണ്ടുന്നു. പരിശുദ്ധാത്മാവ് ഒരുവനില്‍ പരിവര്‍ത്തിക്കുമ്പോഴാണ് നന്മ ചെയ്യുവാനുള്ള സന്മനസ് അവനില്‍ ഉളവാകുന്നത്. എന്തെന്നാല്‍ സകല നന്മകളുടെയും ഉറവിടമായ ദൈവമാണ് അവനില്‍ വസിക്കുന്നത്. എന്നാല്‍ നന്മ ചെയ്യുവാനല്ല, പിന്നെയോ നന്മ ചെയ്യുന്നതില്‍ തളര്‍ന്നുപോകരുതെന്നാണ് അപ്പൊസ്തലനായ പൗലൊസ്, തെസ്സലൊനീക്യയിലുള്ള സഹോദരങ്ങളെ ഉദ്‌ബോധിപ്പിക്കുന്നത്. പരിശുദ്ധാത്മനിറവ് പ്രാപിക്കുമ്പോള്‍ പ്രാരംഭത്തില്‍ ചില നന്മകള്‍ ചെയ്ത് സംതൃപ്തിയടയുകയല്ല, പ്രത്യുത നന്മ ചെയ്യുക എന്നത് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഭാഗമായി മാറണം. ദൈവകൃപയില്‍ ആശ്രയിച്ച് മറ്റു സഹോദരങ്ങള്‍ക്ക് സമാധാനവും സംതൃപ്തിയും സന്തോഷവും പകരുവാന്‍ ആഗ്രഹിക്കുമ്പോള്‍ ദൈവം അതിനുള്ള മുഖാന്തരങ്ങള്‍ ഒരുക്കിത്തരും. തന്റെ ആത്മീയമക്കള്‍ക്കോ, തന്റെ ശുശ്രൂഷകള്‍ക്കോ താന്‍ ഒരു ഭാരമാകരുതെന്നു കരുതി കൂടാരപ്പണി ചെയ്ത് ഉപജീവനം കഴിച്ച പൗലൊസ്, മറ്റുള്ളവരുടെ നന്മയെ കാംക്ഷിക്കുന്നതിന്റെ മകുടോദാഹരണമാണ്.
ദൈവപൈതലേ! നീ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നു എന്നു വിശ്വസിക്കുന്നുവെങ്കില്‍ നിനക്ക് എത്ര മാത്രം നന്മ ചെയ്യുവാന്‍ കഴിയുന്നുണ്ടെന്നു പരിശോധിക്കുമോ? നന്മ ചെയ്യുകയെന്നത് ഒരു ദൈവപൈതലിന്റെ ജീവിതവ്രതമാകണമെന്നു നീ മനസ്സിലാക്കുമോ? എന്തെന്നാല്‍ നിന്നില്‍ വസിക്കേണ്ടത് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗമ്യതയുടെയും സഹിഷ്ണുതയുടെയും സത്യത്തിന്റെയും ആത്മാവാണെന്നു നീ ഓര്‍ക്കുമോ?
സഹനത്തിന്‍ സാഗരമേ
സൗമ്യതയിന്‍ പ്രവാഹമേ
യേശുവേ നിന്നാത്മാവാല്‍
നിറയ്ക്കണമേഴയെ ആത്മാവാല്‍....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com