അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ഭൗതികസുഖങ്ങള്‍ക്കുവേണ്ടിയും സൗഭാഗ്യങ്ങള്‍ക്കുവേണ്ടിയും പരക്കംപായുന്ന മനുഷ്യന്‍ ഓടിത്തളര്‍ന്ന് ജീവിതാന്ത്യത്തോട് അടുക്കുമ്പോഴാണ് അവയെല്ലാം ശൂന്യമാണെന്നും ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകള്‍ അനുസരിച്ചു ജീവിക്കുക എന്നതാണ് സകല മനുഷ്യര്‍ക്കും അഭികാമ്യമെന്നും മനസ്സിലാക്കുന്നത്. യിസ്രായേലിന്റെ മൂന്നാമത്തെ രാജാവും ജ്ഞാനികളില്‍ ജ്ഞാനിയുമായ ശലോമോനും ഇതുതന്നെയാണ് പറയുവാനുള്ളത്. നാല്പതു സംവത്സരങ്ങള്‍ യിസ്രായേലിന്റെ രാജാവായി വാണരുളിയ ശലോമോന് യഹോവയാം ദൈവം രണ്ടു പ്രാവശ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ജ്ഞാനവും വിവേകവുമുള്ള ഒരു ഹൃദയവും സമ്പത്തും മഹത്ത്വവും ദൈവം അവനു നല്‍കി. ''അവന്‍ 3,000 സദൃശവാക്യങ്ങള്‍ പറഞ്ഞു; അവന്റെ ഗീതങ്ങള്‍ 1,005 ആയിരുന്നു'' (1 രാജാക്കന്മാര്‍ 4 : 32). സുഖസൗഭാഗ്യങ്ങള്‍ തേടിപ്പോയ ശലോമോന് എഴുന്നൂറു കുലീന പത്‌നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു. അവന്‍ വയോധികനായപ്പോള്‍ അവന്റെ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു. തനിക്കു രണ്ടു പ്രാവശ്യം പ്രത്യക്ഷനായ ദൈവത്തെയും അവന്റെ കല്പനകളെയും മറന്ന ശലോമോനെ ദൈവം ശിക്ഷിച്ചു. അതു നിമിത്തം രാജ്യം വിഭജിക്കപ്പെട്ടു. അവന്റെ മകന് ഒരു ഗോത്രത്തിന്റെ മാത്രം രാജത്വമാണ് നല്‍കിയത്. ദൈവം സ്‌നേഹിച്ച, ദൈവത്തിനുവേണ്ടി അതിമനോഹരമായ ദൈവാലയം പടുത്തുയര്‍ത്തിയ ശലോമോന്‍ ദൈവം നല്‍കിയ സൗഭാഗ്യങ്ങള്‍ ലൗകിക ഇമ്പങ്ങള്‍ക്കുവേണ്ടിയും ജഡികസുഖങ്ങള്‍ക്കുവേണ്ടിയും ചെലവഴിച്ചശേഷം, വാര്‍ദ്ധക്യത്തില്‍ തന്റെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കിക്കൊണ്ട് ''ഹാ മായ! മായ! സകലതും മായയത്രേ'' (സഭാപ്രസംഗി 1 : 2) എന്നു പറഞ്ഞിട്ട് സകല മനുഷ്യരും ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകള്‍ പ്രമാണിക്കുവാന്‍ ഉദ്‌ബോധിപ്പിക്കുന്നു.
സഹോദരാ! സഹോദരീ! നിന്റെ യൗവനത്തിന്റെ പ്രസരിപ്പില്‍, ധനത്തിന്റെ ആധിക്യത്തില്‍, ജ്ഞാനത്തിന്റെ നിറവില്‍, ദൈവത്തെ മറന്ന് ലൗകിക ഇമ്പങ്ങളില്‍ നീ മുഴുകിയിരിക്കുന്നുവോ? എങ്കില്‍ സുഖത്തിന്റെയും സൗഭാഗ്യത്തിന്റെയും യശസ്സിന്റെയും പരമകാഷ്ഠയില്‍ വിരാജിച്ചിരുന്ന ശലോമോന്റെ വാക്കുകള്‍ നീ ശ്രദ്ധിക്കുമോ? ശാശ്വതമായ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഉറവ ദൈവം മാത്രമാണെന്നു നീ മനസ്സിലാക്കുമോ?
ലോകത്തിന്‍ കമ്പങ്ങളിന്‍ നടുവില്‍
തുമ്പങ്ങള്‍ ഏറും വേളകളില്‍
ഇമ്പമായ് കേള്‍ക്കും മധുരസ്വരം
എന്നേശുവിന്‍ അന്‍പിന്‍ സ്വരം മാറാത്ത സ്‌നേഹം...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com