അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

സര്‍വ്വ ചരാചരങ്ങളുടെയും സൃഷ്ടിതാവായ ദൈവം മണ്ണുകൊണ്ട് താന്‍ മെനഞ്ഞുണ്ടാക്കിയ മനുഷ്യനെ തന്റെ വേല ചെയ്യുവാനായി വിളിക്കുമ്പോള്‍ പല ഒഴികഴിവുകളും പറഞ്ഞ് അവന്‍ ദൈവത്തിന്റെ വിളി നിരസിക്കാറുണ്ട്. അവന്റെ യോഗ്യതകളുടെ പോരായ്മകളും, സാഹചര്യങ്ങളുടെ പരിമിതികളും, വിളികേട്ടിറങ്ങിത്തിരിച്ചാല്‍ നേരിടേണ്ടിവരുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള ഭീതിയുമൊക്കെയാണ് പലപ്പോഴും അവനെ പിന്തിരിപ്പിക്കുന്ന ഘടകങ്ങള്‍. യിസ്രായേല്‍ രാജാവായ യൊരോബെയാം വാള്‍കൊണ്ടു മരിക്കുമെന്നും യിസ്രായേലിനെ താന്‍ ശിക്ഷിക്കുമെന്നുമുള്ള ദൈവത്തിന്റെ അരുളപ്പാടും ദര്‍ശനവുമനുസരിച്ച് ആമോസ് പ്രവചിച്ചപ്പോള്‍ ബേഥേലിലെ പുരോഹിതനായ അമസ്യാവ്: ''അല്ലയോ ദര്‍ശകാ, യെഹൂദാദേശത്തിലേക്ക് ഓടിപ്പൊയ്‌ക്കൊള്ളുക; അവിടെ പ്രവചിച്ച് അഹോവൃത്തി കഴിച്ചുകൊള്ളുക. ബേഥേലിലോ ഇനിമേല്‍ പ്രവചിക്കരുത്;'' (ആമോസ് 7 : 12, 13) എന്ന് ആമോസിന് താക്കീതു നല്‍കി. ബേഥേലില്‍ യഹോവയുടെ പുരോഹിതനായി താനുള്ളപ്പോള്‍ യാതൊരു യോഗ്യതയോ പാരമ്പര്യമോ ഇല്ലാത്ത മറ്റൊരുവന്‍ യഹോവയുടെ നാമത്തില്‍ പ്രവചിച്ചാല്‍ രാജാവില്‍നിന്നു തനിക്കു ലഭിക്കുന്ന അംഗീകാരവും ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്ന് അമസ്യാവ് ഭയപ്പെട്ടു. തന്റെ പരിമിതികളെക്കുറിച്ച് ശരിയായി ബോദ്ധ്യമുണ്ടായിരുന്ന ആമോസ് താന്‍ ഒരു പ്രവാചകനോ പ്രവാചകശിഷ്യനോ അല്ലെന്നും, കാട്ടത്തിപ്പഴം പെറുക്കി ഉപജീവനം കഴിക്കുന്ന ഒരു ഇടയന്‍ മാത്രമാണെന്നും, ആടിനെ മേയിച്ചുകൊണ്ടിരുന്നപ്പോള്‍ യഹോവ തന്നോട് ''നീ ചെന്ന് എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്കുക'' എന്നു കല്പിച്ചതിനാലാണ് താന്‍ പ്രവചിക്കുന്നതെന്ന് അമസ്യാവിനോടു പറയുന്നു. ജനത്തിന്റെ പ്രതികരണമോ, പുരോഹിതനായ അമസ്യാവിന്റെ അനുവാദമോ അംഗീകാരമോ ഇല്ലാതെ, രാജാവിനെതിരേ പ്രവചിച്ചാല്‍ തന്റെ ജീവന്‍പോലും അപകടത്തിലാകുമെന്നുള്ള ഭയമില്ലാതെ ദൈവത്തെ സമ്പൂര്‍ണ്ണമായി അനുസരിച്ച ആമോസ് നമുക്ക് മാതൃകയാകണം.
സഹോദരാ! സഹോദരീ! ദൈവം നിന്നെ വിളിക്കുമ്പോഴൊക്കെ ഓരോ ഒഴികഴിവുകള്‍ പറഞ്ഞ് നീ ആ വിളി നിരസിക്കാറില്ലേ? കാട്ടത്തിപ്പഴം പെറുക്കുന്ന ഒരു ഇടയന്‍ മാത്രമായിരുന്ന ആമോസിനെ വിളിച്ച ദൈവം ഈ അവസരത്തില്‍ നിന്നെയും വിളിക്കുന്നു! ഒഴികഴിവുകള്‍ പറയാതെ, സ്‌നേഹസമ്പന്നനായ കര്‍ത്താവിന്റെ വിളി നീ ഇപ്പോള്‍ സ്വീകരിക്കുമോ?
യേശുവിന്‍ വിളിയെ കേള്‍ക്കുമോ നീ
യേശുവിന്നരികിന്‍ വരുമോ?
ജീവിത ഭാരങ്ങളാല്‍ നിന്‍
പാദങ്ങളിടറുന്നുവോ? യേശുവിന്‍ വിളിയെ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com