അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അത്യുന്നതനായ ദൈവത്തിലുള്ള നമ്മുടെ വിശ്വാസവും വിശ്വസ്തതയും പ്രകടമാകുന്നത് പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും മുമ്പില്‍ നമ്മില്‍നിന്നുളവാകുന്ന പ്രതികരണങ്ങളിലൂടെയാണ്. കനാന്‍ദേശം പരിശോധിക്കുവാന്‍ യിസ്രായേല്‍ഗോത്രങ്ങളില്‍നിന്നു തലവന്മാരായ ഓരോരുത്തര്‍ നിയോഗിക്കപ്പെട്ടു. അവര്‍ ദേശം നാല്പതു ദിവസം പരിശോധിച്ചു. ദൈവം അവരുടെ പിതാക്കന്മാരോട് അരുളിച്ചെയ്ത ഫലഭൂയിഷ്ഠമായ പാലും തേനും ഒഴുകുന്ന നാടുതന്നെ അതെന്ന് അവര്‍ ഒരുപോലെ സമ്മതിച്ചു. പക്ഷേ, അവിടെ പാര്‍ക്കുന്ന ജനം ബലവാന്മാരാണെന്നും അവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ തങ്ങള്‍ വെട്ടുക്കിളികളെപ്പോലെമാത്രമാണെന്നും അവര്‍ ജനത്തെ അറിയിച്ചു. പത്തു ഗോത്രത്തലവന്മാര്‍, ദേശം നിവാസികളെ വിഴുങ്ങുന്ന ദേശമെന്നും അവിടെ അനാക്യമല്ലന്മാരെ കണ്ടുവെന്നും പറഞ്ഞപ്പോള്‍ ജനമെല്ലാം പരിഭ്രാന്തരായി, രാത്രി മുഴുവനും കരഞ്ഞു. ''നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ട് അവരെ ഭയപ്പെടരുത് '' എന്നുള്ള കാലേബിന്റെയും യോശുവയുടെയും വാക്കുകള്‍ കൈക്കൊള്ളാതെ, അവരെയും മോശെയെയും കല്ലെറിയണമെന്ന് ജനമെല്ലാം പറഞ്ഞപ്പോള്‍ യഹോവയുടെ തേജസ്സ് സമാഗമനകൂടാരത്തിനു മുമ്പില്‍ പ്രത്യക്ഷമായി, കാലേബും യോശുവയും ഒഴികെ ഇരുപതു വയസ്സിനു മുകളിലുള്ള ആരും കനാനില്‍ കടക്കുകയില്ലെന്നും നാല്പതു സംവത്സരങ്ങള്‍ അവര്‍ മരുഭൂമിയില്‍ ഉഴന്നു നടക്കുമെന്നും അരുളിച്ചെയ്തു. അനാക്യമല്ലന്മാരെ കണ്ടപ്പോള്‍, ചെങ്കടല്‍ പിളര്‍ന്ന്, മാറയെ മധുരമാക്കി, ഭുജിക്കുവാന്‍ മന്നായും മാംസവും നല്‍കി, കനാനിന്റെ പടിവാതില്‍വരെയും അവരെ കൊണ്ടെത്തിച്ച യഹോവയാം ദൈവത്തെ അവര്‍ മറന്നു. ഏതാണ്ട് 11 ദിനരാത്രങ്ങള്‍കൊണ്ട് കനാനില്‍ പ്രവേശിക്കുവാന്‍ കഴിയുമായിരുന്ന അവര്‍ തങ്ങളുടെ അവിശ്വാസവും തങ്ങളെ വിളിച്ചിറക്കിയ ദൈവത്തിലുള്ള പ്രത്യാശയും നഷ്ടപ്പെട്ടതു കാരണം കനാനില്‍ പ്രവേശിക്കുവാന്‍ വീണ്ടും 13880 ദിനരാത്രങ്ങള്‍ ആ മരുഭൂമിയില്‍ ഉഴന്നു നടക്കേണ്ടി വന്നു.
ദൈവത്തിന്റെ പൈതലേ! പ്രയാസ പ്രതികൂലങ്ങളാകുന്ന അനാക്യമല്ലന്മാരെ കണ്ടുമുട്ടുമ്പോള്‍ നീ ഭയപ്പെട്ടുപോകാറുണ്ടോ? കഴിഞ്ഞകാലങ്ങളില്‍ നിന്നെ വഴിനടത്തിയ ദൈവത്തിന് നിന്റെ മുമ്പിലുള്ള അനാക്യമല്ലന്മാരെ തുടച്ചുമാറ്റുവാന്‍ കഴിയും. ദൈവത്തിന്റെ വാഗ്ദത്തം പ്രാപിക്കാതിരിക്കുവാന്‍ സാത്താനാണ് അനാക്യമല്ലന്മാരെ അണിനിരത്തുന്നതെന്നു മനസ്സിലാക്കി ദൈവത്തെ നീ മുറുകെപ്പിടിക്കുമോ?
യേശുവിന്റെ നാമത്തില്‍ ഭയമെല്ലാം മാറട്ടെ
യേശുവിന്റെ നാമത്തില്‍ ധൈര്യത്താല്‍ നിറയട്ടെ ഹാലേലൂയ്യാ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com