അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 298 ദിവസം

ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനേക ക്രൈസ്തവ സഭകളും ശുശ്രൂഷകളും തങ്ങളുടെ മോഹങ്ങള്‍ക്കനുസരിച്ച് ദൈവവചനത്തെ വ്യാഖ്യാനിച്ച് ദുഷ്ടതയുടെ പിന്നാലെ പോകുന്ന ദയനീയ അവസ്ഥയാണുള്ളത്. ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുത് (മത്തായി 19 : 6) എന്നരുളിച്ചെയ്ത കര്‍ത്താവിന്റെ അനേകം അനുയായികള്‍ ആധുനികതയുടെ മറവില്‍ വിവാഹമോചനം അജഗണങ്ങള്‍ക്കു മാത്രമല്ല അജപാലകര്‍ക്കുപോലും ഔദ്യോഗികമായി അനുവദനീയമാക്കിയിരിക്കുന്നു. സ്ത്രീസമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പടഹധ്വനികള്‍ മുഴക്കി പൗരോഹിത്യ പദവിയിലും തദ്വാര ശ്രേഷ്ഠ മഹാപൗരോഹിത്യത്തിലും സ്ത്രീകള്‍ പ്രതിഷ്ഠിക്കപ്പെട്ടുകഴിഞ്ഞു. പഴയനിയമത്തിലും പുതിയനിമയത്തിലും കാണുവാന്‍ കഴിയാത്ത ഈ പ്രതിഭാസത്തെ ''കാലോചിതമാറ്റമെന്നാണ് '' വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. ദൈവം വെറുക്കുന്ന പാപമായ സ്വവര്‍ഗ്ഗരതിക്ക് അനുവാദം നല്‍കി പുരുഷന്മാര്‍ തമ്മിലും സ്ത്രീകള്‍ തമ്മിലും ദമ്പതിമാരെപ്പോലെ ജീവിക്കുന്നതിനെ അനുകൂലിക്കുന്ന ക്രിസ്തീയ വിഭാഗങ്ങളും കര്‍ത്താവിന്റെ നാമത്തില്‍ പ്രവര്‍ത്തിക്കുന്നു. അത്യുന്നതനായ ദൈവം മരണശിക്ഷ കല്പിച്ചിരുന്ന സൊദോമ്യപാപത്തില്‍ ജീവിക്കുന്നവര്‍ പുരോഹിതന്മാരായും മഹാപുരോഹിതന്മാരായും അവരോധിക്കപ്പെടുന്നു. സകല സത്യത്തിലും വഴിനടത്തുന്ന പരിശുദ്ധാത്മാവ് സഭകളില്‍നിന്നും ക്രൈസ്തവ സമൂഹങ്ങളില്‍നിന്നും അപ്രത്യക്ഷമാകുമ്പോഴാണ് തങ്ങളുടെ ജഡികമോഹങ്ങള്‍ക്കൊത്തവണ്ണം ലോകത്തിന്റെ ജ്ഞാനത്തില്‍ ആശ്രയിച്ചു തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. അതുകൊണ്ടാണ് പൗലൊസ്ശ്ലീഹാ തന്റെ ആത്മീയമകനായ തിമൊഥെയൊസിനോട് ''...ഭക്തിവിരുദ്ധമായ വ്യര്‍ത്ഥജല്പനങ്ങളും ജ്ഞാനം എന്നു വ്യാജമായി വിളിക്കപ്പെടുന്ന വിരുദ്ധ വാദങ്ങളും ഉപേക്ഷിക്കുക'' (1 തിമൊഥെയൊസ്  6 : 20) എന്ന് ഉപദേശിക്കുന്നത്. 

                       ദൈവപൈതലേ! നിന്റെ ലൗകികമോഹങ്ങളുടെ പൂര്‍ത്തീകരണത്തിനായി നീ ജ്ഞാനത്തിന്റെ ന്യായവാദങ്ങള്‍ നിരത്തിവയ്ക്കാറുണ്ടോ? ലോകത്തിന്റെ ജ്ഞാനം നിന്നെ ദൈവകൃപയില്‍നിന്നു തെറ്റിക്കുമെന്നു മനസ്സിലാക്കി സകല സത്യത്തിലും വഴിനടത്തുന്ന പരിശുദ്ധാത്മാവിന്റെ ഉപദേശത്തിനായി നീ കാത്തിരിക്കുമോ? 

ഞാന്‍ വഴിയും സത്യവും ജീവനും

എന്നരുളിയ എന്‍ യേശു മഹേശാ

വഴിയായ് സത്യമായ് ജീവനായ് എന്നും

ഏഴയെ എന്നും നടത്തീടണമേ                        സൗഖ്യം തേടി...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com