അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ഭക്തിയുടെ ആവരണമണിഞ്ഞ് ദൈവത്തിനുവേണ്ടി ജീവിക്കുന്നു എന്ന വ്യാജേന അനേക സഹോദരങ്ങള്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. കര്‍ത്താവിന്റെ ഇഹലോകജീവിതത്തില്‍ ഭക്തിയുടെ മുഖംമൂടിയുമായി ജനത്തെ കബളിപ്പിച്ചിരുന്ന പരീശന്മാരുടെ വക്രതയും സ്വാര്‍ത്ഥതയും കര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നു. മോശെയുടെ ന്യായപ്രമാണം അനുസരിച്ച് ജീവിക്കാമെന്നു സ്വയം ദൃഢപ്രതിജ്ഞചെയ്ത്, തങ്ങള്‍ ദൈവത്തിനുവേണ്ടി വേര്‍തിരിക്കപ്പെട്ടവര്‍ എന്നു മറ്റു മനുഷ്യരെ കാണിക്കേണ്ടതിന് തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി, തൊങ്ങല്‍ വലുതാക്കി വസ്ത്രധാരണം നടത്തുന്നതായി കര്‍ത്താവ് വ്യക്തമാക്കുന്നു. മാത്രമല്ല, ഉല്‍പത്തിപുസ്തകത്തില്‍നിന്നും ആവര്‍ത്തനപുസ്തകത്തില്‍നിന്നുമുള്ള വേദശകലങ്ങള്‍ എഴുതി തുകല്‍ച്ചുരുളുകളാക്കി ഇടത്തെ കരത്തിലും നെഞ്ചിലും ധരിച്ചിരുന്നു. പ്രതിദിനം മൂന്നു പ്രാവശ്യം മൂന്നു മണിക്കൂര്‍ വീതം പ്രാര്‍ത്ഥിക്കുന്ന അവര്‍ ഉപായരൂപേണയാണ് പ്രാര്‍ത്ഥിക്കുന്നതെന്ന് കര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നു. ''തുളസി, ചതകുപ്പ, ജീരകം തുടങ്ങിയവയ്ക്കുപോലും ദശാംശം കൊടുത്തുകൊണ്ട് അനാഥരും ആലംബഹീനരുമായ വിധവമാരുടെ വീടുകളെ വിഴുങ്ങിക്കളയുന്ന വെള്ളതേച്ച ശവക്കല്ലറകളാണ് പരീശന്മാര്‍'' എന്നു പറഞ്ഞുകൊണ്ട് കര്‍ത്താവ് അവരെ നിശിതമായി വിമര്‍ശിക്കുന്നു. തങ്ങളുടെ ഭക്തിയുടെ മുഖംമൂടി ചീന്തിക്കളഞ്ഞ കര്‍ത്താവിനെ അവര്‍ വെറുത്തു. കര്‍ത്താവിനെ കൊല്ലുവാന്‍ അവര്‍ ആവോളം ശ്രമിച്ചു. പരീശന്മാരെപ്പോലെ മനുഷ്യര്‍ കാണേണ്ടതിന് ഭക്തിയുടെ മൂടുപടം ധരിച്ചവരാണ് ഇന്നും പരിശുദ്ധാത്മനിറവില്‍ കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ അടിച്ചമര്‍ത്തുവാനും തകര്‍ക്കുവാനും ശ്രമിക്കുന്നത്. പരീശന്മാരെപ്പോലെ അതിക്രമത്തിന്റെയും അനീതിയുടെയും സമ്പാദ്യങ്ങളുമായി അവര്‍ സഭകളിലും സമൂഹത്തിലും പരസ്യപ്രചരണത്തിലൂടെയും ചില ആതുരപ്രവര്‍ത്തനങ്ങളിലൂടെയും ഭക്തന്മാരായി ചമയുന്നു.
സഹോദരാ! സഹോദരീ! നീ ദൈവത്തിനുവേണ്ടി ചെയ്യുന്നതൊക്കെയും മനുഷ്യര്‍ കാണേണ്ടതിനുവേണ്ടിയാണോ ചെയ്യുന്നത് ? നിന്റെ സ്വാര്‍ത്ഥതയുടെ പൂര്‍ത്തീകരണത്തിനുവേണ്ടിയാണോ നീ ഭക്തിയുടെ മുഖംമൂടി ധരിക്കുന്നത് ? എങ്കില്‍ ഈ അവസരത്തില്‍ വന്നുപോയ വീഴ്ചകള്‍ ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുവാന്‍ നിനക്കു കഴിയുമോ?
പാപത്തെ വെടിഞ്ഞിടാം സ്‌നേഹത്തില്‍ വസിച്ചിടാം
പുതിയ സൃഷ്ടിയായി നാം യേശുവില്‍ സമര്‍പ്പിക്കാം സ്തുതികളാല്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com