അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

മനുഷ്യന്റെ പൊള്ളയായ വാക്കു വിശ്വസിച്ച് ജീവിതയാത്രയില്‍ ഇറങ്ങിത്തിരിക്കുന്ന അനേകര്‍, തങ്ങള്‍ക്കു ലഭിച്ച വാക്കുകള്‍ പാലിക്കപ്പെടാത്തതുകൊണ്ട് വ്യസനത്തിലും വേദനയിലും തളര്‍ന്ന് തകര്‍ന്നുപോകാറുണ്ട്. വന്ധ്യയായിരുന്ന യജമാനത്തിയുടെ നിര്‍ബ്ബന്ധപ്രകാരമാണ് ഹാഗാര്‍ തന്റെ യജമാനനായ അബ്രാമില്‍നിന്നു ഗര്‍ഭം ധരിച്ചത്. അവള്‍ ഗര്‍ഭം ധരിച്ചപ്പോള്‍ സാറായിയെ നിന്ദിച്ചു എന്ന കാരണത്താല്‍ സാറായി ഹാഗാരിനോട് കഠിനമായി പെരുമാറി. പീഡനം സഹിക്കുവാനാവാതെ ഹാഗാര്‍ മരുഭൂമിയിലേക്ക് ഓടിപ്പോയി. മനസ്സു തകര്‍ന്ന്, ലക്ഷ്യമില്ലാതെ ഓടിപ്പോകുന്ന അവളെ യഹോവയുടെ ദൂതന്‍ പേരു ചൊല്ലി വിളിച്ച് സാറായിയുടെ അടുക്കല്‍ മടങ്ങിച്ചെല്ലുവാന്‍ ആജ്ഞാപിച്ചു. അവള്‍ ഒരു മകനെ പ്രസവിക്കുമെന്നും അവന് യിശ്മായേല്‍ എന്നു പേര്‍ വിളിക്കണമെന്നും ദൂതന്‍ അരുളിച്ചെയ്തപ്പോള്‍ അവള്‍ യഹോവയ്ക്ക് ''ദൈവമേ, നീ എന്നെ കാണുന്നു'' എന്നു പേരു വിളിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ യജമാനനും തന്റെ മകന്റെ പിതാവുമായ അബ്രാഹാം സാറായുടെ നിര്‍ബ്ബന്ധത്തിനു മുമ്പില്‍, ദൈവം കല്പിച്ചതനുസരിച്ച് അവളെയും മകനെയും അപ്പവും ഒരു തുരുത്തി വെള്ളവും കൊടുത്ത് പുറത്താക്കി. തുരുത്തിയിലെ വെള്ളം തീര്‍ന്നപ്പോള്‍ ആരോരുമില്ലാത്തവളായി ബേര്‍ - ശേബാമരുഭൂമിയില്‍ തന്റെ ഓമനപ്പുത്രന്റെ മരണം കാണുവാന്‍ കഴിവില്ലാതെ നിലവിളിക്കുന്ന ഹാഗാര്‍, വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ മകനെ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ തനിക്ക് ഉത്തരമരുളിയ ''ദൈവമേ, നീ എന്നെ കാണുന്നു'' എന്ന് അവള്‍ പേരു ചൊല്ലി വിളിച്ച ദൈവത്തെ മറന്നുപോയി. പക്ഷേ ദൈവം അവളെയോ അവള്‍ക്കു നല്കിയ വാഗ്ദത്തത്തെയോ മറന്നില്ല. ദൈവത്തിന്റെ ദൂതന്‍ വീണ്ടും അവളെ പേരു ചൊല്ലി വിളിച്ച്, ദൈവം ബാലന്റെ നിലവിളി കേട്ടു എന്നും അവനെ ഒരു വലിയ ജനതയാക്കുമെന്നുമുള്ള ദൈവത്തിന്റെ അരുളപ്പാട് അറിയിക്കുകയും ചെയ്തു. ദൈവം അവളുടെ കണ്ണു തുറന്നു. അവള്‍ ഒരു നീരുറവ കണ്ടു.
സഹോദരാ! സഹോദരീ! ഹാഗാരിനെപ്പോലെ ''തുരുത്തിയിലെ വെള്ളം'' തീര്‍ന്ന് മുന്നോട്ടു പോകുവാനാകാതെ സങ്കടത്തോടെയാണോ നീ ഈ വാക്കുകള്‍ ശ്രദ്ധിക്കുന്നത് ? കഴിഞ്ഞകാലങ്ങളില്‍ ആരോരുമില്ലാതെ നിലവിളിച്ചപ്പോള്‍ നിന്റെ ചാരെ വന്ന് നിന്നെ കോരിയെടുത്ത ദൈവത്തെ നീ മറന്നുവോ? ഹാഗാരിനെ പേരു ചൊല്ലി വിളിച്ച ദൈവം നിന്നെയും വിളിക്കുന്നു. അവന്‍ നിന്റെ കണ്ണുനീര്‍ തുടയ്ക്കുമെന്ന് നീ ഓര്‍ക്കുമോ?
ആശകള്‍ തകര്‍ന്നിടും നിരാശകള്‍ പെരുകിടും
ആമയങ്ങളേറും നാള്‍കളില്‍ വരുമവന്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com