അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 294 ദിവസം

ആധുനിക ക്രൈസ്തവ സമൂഹത്തില്‍ സ്‌തോത്രങ്ങള്‍ അര്‍പ്പിക്കുവാന്‍ വിമുഖതയുള്ളവര്‍ ഏറെയാണ്. ദിവസത്തിന്റെ ഏതു സമയത്തു കണ്ടുമുട്ടിയാലും സമയമനുസരിച്ച് അഭിവാദ്യം ചെയ്യുവാന്‍ ക്രൈസ്തവ സഹോദരങ്ങള്‍ മറക്കാറില്ല. മറ്റുള്ളവര്‍ ചെയ്യുന്ന ചെറിയ ഉപകാരങ്ങള്‍ക്കുപോലും നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള ഉപചാരവാക്കുകള്‍ ഉരുവിടുമ്പോള്‍, തങ്ങളെ അമ്മയുടെ ഉദരംമുതല്‍ പോറ്റിപ്പുലര്‍ത്തിയ, ഈ ഭൂമുഖത്ത് ഓരോ നിമിഷവും ആയുസ്സു നീട്ടിത്തരുന്ന ദൈവത്തിനു സ്‌തോത്രങ്ങള്‍ അര്‍പ്പിക്കുവാന്‍ അധികമാരും കൂട്ടാക്കുന്നില്ല. ചില സഹോദരങ്ങള്‍ തങ്ങള്‍ പ്രതിദിനം ഉരുവിടുന്ന ഏതെങ്കിലുമൊരു പ്രാര്‍ത്ഥനയില്‍ ''ആയിരമായിരം സ്‌തോത്രങ്ങള്‍'' കരേറ്റി, തങ്ങള്‍ അനുദിനം പത്തുലക്ഷം സ്‌തോത്രങ്ങളാണ് അര്‍പ്പിക്കുന്നതെന്നും അതുകൊണ്ട് എപ്പോഴും ''സ്‌തോത്രം'' എന്നു പറയേണ്ട കാര്യമില്ലെന്നും പറയാറുണ്ട്. മൂന്നു വാക്കുകള്‍കൊണ്ട് പത്തു ലക്ഷവും കോടാനുകോടി എന്ന രണ്ടു വാക്കുകൊണ്ട് സ്‌തോത്ര കോടികളും അര്‍പ്പിക്കുന്നുവെന്ന് അഹങ്കരിക്കുന്ന സഹോദരങ്ങള്‍ അത്യുന്നതനായവനുള്ള സ്തുതിയും സ്‌തോത്രവും എണ്ണം തികയ്ക്കുവാനുള്ളവയല്ല, പ്രത്യുത ഹൃദയാന്തര്‍ഭാഗത്തില്‍ ദൈവത്തോടുള്ള അത്യഗാധമായ സ്‌നേഹത്തില്‍നിന്നും നന്ദിയില്‍നിന്നും ഉയരേണ്ടവയാണെന്നു മനസ്സിലാക്കണം. മറ്റു ചില സഹോദരങ്ങള്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സാഹചര്യങ്ങളില്‍ മാത്രം സ്‌തോത്രങ്ങള്‍ കരേറ്റുന്നവരാണ്. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും നാം സ്‌തോത്രങ്ങള്‍ അര്‍പ്പിക്കണമെന്ന് അപ്പൊസ്തലന്‍ ഉദ്‌ബോധിപ്പിക്കുന്നു. 

                              സഹോദരാ! സഹോദരീ! മന:പാഠപ്രാര്‍ത്ഥനയിലെ രണ്ടോ മൂന്നോ വാക്കുകള്‍കൊണ്ട് ലക്ഷക്കണക്കിന് സ്‌തോത്രങ്ങള്‍ അര്‍പ്പിക്കുന്നു എന്ന സംതൃപ്തിയിലാണോ നീ മുമ്പോട്ടു പോകുന്നത്? നിന്റെ ഹൃദയത്തിന്റെ അഗാധതയില്‍നിന്ന് എല്ലാ സാഹചര്യങ്ങളിലും എല്ലാ സമയങ്ങളിലും ദൈവത്തിന് സ്‌തോത്രങ്ങളുയരുമെങ്കില്‍ അവ നിനക്ക് അനുഗ്രഹങ്ങളാകുമെന്ന് നീ മനസ്സിലാക്കുമോ? അവ നിന്റെ വിശുദ്ധീകരണത്തിനും ആത്മിക വളര്‍ച്ചയ്ക്കും മുഖാന്തരമാകുമെന്ന് നീ ഓര്‍ക്കുമോ? ലജ്ജകൂടാതെ ശബ്ദമുയര്‍ത്തി ഈ നിമിഷംമുതല്‍ ദൈവത്തെ സ്‌തോത്രം ചെയ്യുവാന്‍ നിനക്കു കഴിയുമോ? സ്‌തോത്രം! സ്‌തോത്രം! സ്‌തോത്രം! 

സ്‌തോത്രമെന്നേശുവേ സ്‌തോത്രമെന്നേശുവേ 

സ്‌തോത്രങ്ങള്‍ പാടിടുന്നേ

സ്‌തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തുമെന്നേശുവേ 

ജീവിത പാതയിതില്‍

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com