അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 293 ദിവസം

കഷ്ടങ്ങളുടെയും പീഡനങ്ങളുടെയും മരണത്തിന്റെയും താഴ്‌വാരങ്ങളില്‍, ദൈവമേ എന്നെ ഓര്‍ക്കണമേ എന്നു നിലവിളിച്ച അനേകരെ തിരുവചനത്തില്‍ കാണുവാന്‍ കഴിയും. ദൈവത്തിന്റെ ആലയത്തിനുവേണ്ടിയും അതിലെ ശുശ്രൂഷയ്ക്കുവേണ്ടിയും ചെയ്ത സല്‍പ്രവൃത്തികള്‍ മായിക്കാതെവണ്ണം തന്നെ ഓര്‍ക്കണമേ എന്നു നിലവിളിക്കുന്ന നെഹെമ്യാവ് അവരില്‍നിന്നെല്ലാം വ്യത്യസ്തമായി നിലകൊള്ളുന്നു. ശൂശന്‍രാജധാനിയില്‍ അര്‍ത്ഥഹ്ശഷ്ടാരാജാവിന്റെ പാനപാത്രവാഹകനായിരുന്നു നെഹെമ്യാവ്. യെരൂശലേമിന്റെ മതിലുകള്‍ തകര്‍ന്ന് അതിലെ നിവാസികള്‍ അപമാനത്തിലും കഷ്ടത്തിലുമായിരിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ തന്റെ സഹോദരങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കുന്നതിനായും തന്റെ ഔദ്യോഗിക പദവി, ആ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഉപയുക്തമാക്കുന്നതിനായും നെഹെമ്യാവ് ഉപവസിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. നെഹെമ്യാവിന്റെ തീക്ഷ്ണതയില്‍ പ്രസാദിച്ച ദൈവം, രാജാവിന്റെ ഹൃദയത്തില്‍ പ്രവര്‍ത്തിച്ച്, യെരൂശലേമിന്റെ തകര്‍ന്ന മതിലുകള്‍ പണിയുവാന്‍ വേണ്ടതെല്ലാം നല്‍കി നെഹെമ്യാവിനെ അവിടേക്കയച്ചു. പണി തുടങ്ങിയപ്പോള്‍ അതിനെ തടസ്സപ്പെടുത്തുവാന്‍ അയല്‍രാജാക്കന്മാരായ സന്‍ബല്ലത്തും തോബീയാവും ആവോളം ശ്രമിച്ചുവെങ്കിലും നെഹെമ്യാവ് പ്രാര്‍ത്ഥനയോടെ സമ്പൂര്‍ണ്ണമായി ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് പണി തുടര്‍ന്നു. ദൈവം തനിക്കു നല്‍കിയ ഔദ്യോഗിക സ്ഥാനമാനങ്ങള്‍, ദൈവത്തിന്റെ പ്രമോദമായ യെരൂശലേമിന്റെ തകര്‍ന്ന മതിലുകള്‍ പണിയുവാന്‍ ഉപയുക്തമാക്കിയ നെഹെമ്യാവ്, അമ്പത്തിരണ്ടു ദിവസങ്ങള്‍കൊണ്ട് മതില്‍പണി പൂര്‍ത്തിയാക്കി. ദൈവത്തിന്റെ ആലയത്തിനുവേണ്ടിയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ മായിച്ചുകളയരുതേയെന്ന് ദൈവത്തോടു അപേക്ഷിച്ച നെഹെമ്യാവിന്റെ പ്രവൃത്തികള്‍ തന്റെ തിരുവചനത്തില്‍ പ്രതിഷ്ഠിക്കുവാന്‍ ദൈവം പ്രസാദിച്ചു. 

                  സഹോദരാ! സഹോദരീ! ദൈവം തന്നിരിക്കുന്ന ഔദ്യോഗിക സ്ഥാനമാനങ്ങള്‍ ദൈവത്തിന്റെ വേലയുടെ വളര്‍ച്ചയ്ക്കായി ഉപയുക്തമാക്കുവാനുള്ള ആഗ്രഹത്തോടെ നീ പ്രാര്‍ത്ഥിച്ചിട്ടുണ്ടോ? നിന്റെ പദവിയില്‍ ഇരുന്നുകൊണ്ട് ദൈവനാമമഹത്ത്വത്തിനായി എന്തെങ്കിലും പ്രവര്‍ത്തിക്കുവാന്‍ നിനക്ക് ഈ നിമിഷംവരെ കഴിഞ്ഞിട്ടുണ്ടോ? നീ ദൈവത്തിനുവേണ്ടി ചെയ്യുന്നതൊക്കെയും ഒരിക്കലും മായാതെ ദൈവം കുറിച്ചുവയ്ക്കുമെന്നു നീ ഓര്‍ക്കുമോ? 

മാറാത്തവന്‍ യേശു മാറാത്തവന്‍

മറക്കാത്തവന്‍ അവന്‍ മതിയായവന്‍

മാറയാകുമീ ലോകയാത്രയെ മധുരമാക്കി

അനുദിനം നടത്തിടുന്നവന്‍

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com