അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ഉറ്റവരും ഉടയവരും പുറന്തള്ളി, സ്‌നേഹിതരും ബന്ധുക്കളും വെറുത്ത്, ആരോരുമില്ലാതെ നിസ്സഹായരായി സൗഖ്യത്തിനും സമാധാനത്തിനുംവേണ്ടി ദൈവത്തെ മാത്രം നോക്കി കാത്തിരുന്ന് സ്വര്‍ഗ്ഗീയാനുഗ്രഹങ്ങള്‍ പ്രാപിച്ച അനേകരെ തിരുവചനത്തില്‍ കാണുവാന്‍ കഴിയും. തന്റെ രോഗത്തിന്റെ സൗഖ്യം തേടി മുപ്പത്തെട്ടു സംവത്സരം ബേഥെസ്ദാ കുളക്കരയില്‍ കിടന്ന മനുഷ്യന്‍ അങ്ങനെയുള്ള ഒരുവന്‍ ആയിരുന്നു. ദൈവത്തിന്റെ ദൂതന്‍ കുളത്തില്‍ ഇറങ്ങി വെള്ളം കലക്കുമ്പോള്‍ കുളത്തിലേക്ക് ആരും ഇറക്കുവാനില്ലാത്തതിനാല്‍ ആദ്യമായി കുളത്തിലിറങ്ങുവാന്‍ കഴിയാതെ നീണ്ട മുപ്പത്തെട്ടു സംവത്സരങ്ങള്‍ ബേഥെസ്ദാ കുളക്കരെ നിസ്സഹായനായി കിടന്ന ആ മനുഷ്യന്റെ അടുത്തേക്ക് കര്‍ത്താവ് കടന്നുചെന്നു. കര്‍ത്താവ് അവനോടു സൗഖ്യമാകുവാന്‍ മനസ്സുണ്ടോ എന്നു ചോദിച്ചപ്പോള്‍ ''യജമാനനേ, വെള്ളം കലങ്ങുമ്പോള്‍ എന്നെ കുളത്തില്‍ ഇറക്കുവാന്‍ എനിക്ക് ആരുമില്ല'' (യോഹന്നാന്‍ 5 : 7) എന്ന തന്റെ നിസ്സഹായാവസ്ഥ കര്‍ത്താവിനെ അറിയിക്കുന്നു. വെള്ളം കലങ്ങുമ്പോള്‍ ആദ്യമിറങ്ങിയാല്‍ സൗഖ്യം പ്രാപിക്കുമെന്നു കരുതിയ അവനോട് കര്‍ത്താവ് ''എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്കുക'' എന്നാണ് അരുളിച്ചെയ്തത്. വെള്ളത്തില്‍ ഇറങ്ങാതെ കരയ്ക്കു കിടക്കുന്ന തനിക്ക് എങ്ങനെ സൗഖ്യം ലഭിക്കുമെന്നു അവന്‍ സംശയിച്ചില്ല. മുപ്പത്തെട്ടു വര്‍ഷങ്ങള്‍ ആരോരുമില്ലാതെ ഏകാകിയായി കിടന്ന അവനെ തേടിവന്ന യേശുവില്‍ അവന്‍ സമ്പൂര്‍ണ്ണമായി വിശ്വസിച്ചു. അതുവരെയും തന്നെ ചുമന്ന കിടക്കയും ചുമന്നുകൊണ്ട് അവന്‍ നടന്നു. ആ കുളക്കരയില്‍ നാനാവ്യാധിക്കാരായ നൂറുകണക്കിനാളുകള്‍ ഉണ്ടായിരുന്നു. യേശു അവരുടെ ചാരത്തു വന്നിട്ടും മറ്റാര്‍ക്കും യേശുവില്‍നിന്ന് സൗഖ്യം പ്രാപിക്കുവാന്‍ കഴിഞ്ഞില്ല. കാരണം അവരുടെ കണ്ണുകള്‍ കുളത്തിലേക്കായിരുന്നു.
സഹോദരാ! സഹോദരീ! എല്ലാവരാലും തള്ളപ്പെട്ട്, വെറുക്കപ്പെട്ട്, സഹായിക്കുവാനോ, സഹാനുഭൂതി ചൊരിയുവാനോ ആരുമില്ലല്ലോ എന്ന സങ്കടത്തോടുകൂടിയാണോ ഈ സമയത്തു നീ ദൈവസന്നിധിയില്‍ ഇരിക്കുന്നത് ? എങ്കില്‍ ധൈര്യമായിരിക്കൂ! ബേഥെസ്ദാ കുളക്കരെ മുപ്പത്തെട്ടു സംവത്സരങ്ങള്‍ സഹായിക്കുവാന്‍ ആരുമില്ലാതെ കിടന്ന ആ മനുഷ്യന്റെ അടുത്തേക്കു കടന്നുചെന്ന കര്‍ത്താവ് നിന്റെ ചാരത്തു നില്‍ക്കുന്നു! നിന്റെ സങ്കടങ്ങള്‍ അവനോടു പറയൂ! അവന്‍ നിന്റെ കണ്ണുനീര്‍ തുടയ്ക്കും.
ലോകക്കാര്‍ തള്ളിയാലും സ്‌നേഹിതര്‍ മാറിയാലും
കൂട്ടായി വന്നെന്‍ കൂടെ വസിച്ചീടും
യേശു മഹോന്നതന്‍ ആശ്രയമേശു...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com